*ഫ്ലാഗ് ഓഫ് 27 കോടി രൂപ ചെലവഴിച്ച് അഗ്നിരക്ഷാ വകുപ്പിന് വാങ്ങിയ 61 വാഹനങ്ങൾ ഇവയൊക്കെ*

അഗ്നി രക്ഷാ സേന പുതിയതായി വാങ്ങിയ അഗ്നിശമന വാഹനങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഫ്ലാഗ് ഓഫിനായി നിർത്തിയിട്ടപ്പോൾ. വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരം∙ അഗ്നിരക്ഷാ വകുപ്പിനു വാങ്ങിയ 61 വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. ഈരാറ്റുപേട്ട ഫയർ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മൊബൈൽ ടാങ്ക് യൂണിറ്റുകൾ, രാസ ദുരന്തങ്ങളിലും വൈദ്യുത അപകടങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന അഡ്വാൻസ് റെസ്ക്യൂ ടെൻഡറുകൾ, പ്രകൃതിദുരന്തം ഉൾപ്പെടെയുള്ള ഏതു പ്രതികൂലസാഹചര്യത്തിലും ജീവൻരക്ഷാ ഉപകരണങ്ങളും ബോട്ടുകളും ഉദ്യോഗസ്ഥരെയും സിവിൽ ഡിഫൻസ് അംഗങ്ങളെയും വിന്യസിക്കാൻ ശേഷിയുള്ള മൾട്ടി  യൂട്ടിലിറ്റി വെഹിക്കിൾ, ഡിജിറ്റൽ മൊബൈൽ റേഡിയോ സംവിധാനത്തോടു കൂടിയ ക്രൈസിസ്  കൺട്രോൾ വെഹിക്കിൾ, ക്രൈസിസ്  മാനേജ്മെന്റ് വെഹിക്കിൾ, ആംബുലൻസ് എന്നിവയാണ് സേനയുടെ ഭാഗമായി മാറിയത്.

27 കോടി രൂപ ചെലവഴിച്ച് വാങ്ങിയ  ഇവ ഫയർ സ്റ്റേഷനുകൾക്കു കൈമാറും. അഗ്നിരക്ഷാസേനാ മേധാവി ഡോ.ബി. സന്ധ്യ, ടെക്നിക്കൽ ഡയറക്ടർ എം. നൗഷാദ്, ഭരണവിഭാഗം ഡയറക്ടർ അരുൺ അൽഫോൺസ്, റീജനൽ ഫയർ ഓഫിസർമാരായ പി. ദിലീപൻ, സിദ്ധകുമാർ, ജില്ലാ ഫയർ ഓഫിസർ സൂരജ് എന്നിവർ പ്രസംഗിച്ചു.