കെ.എം. ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുകൾ കണ്ടുകെട്ടി ഇ.ഡി

അനധികൃത സ്വത്ത് സമ്പാ​ദനക്കേസിൽ അഴീക്കോട് മുൻ എം.എൽ.എയും മുസ്ലിംലീ​ഗ് നേതാവുമായ കെ.എം. ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുകൾ ഇ.ഡി കണ്ടുകെട്ടി. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്. നിയമസഭാം​ഗമായിരിക്കേ 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ മാനേജ്മെന്റിൽ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു പരാതി. കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള സ്വത്താണ് കണ്ടുകെട്ടിയതെന്നാണ് സൂചന.

സ്കൂളിന്റെ വരവ് ചെലവ് കണക്കുകളും സാക്ഷി മൊഴികളും പരിശോധിച്ചുകൊണ്ടുള്ള പ്രാഥമിക അന്വേഷണത്തിൽ ആരോപണത്തിൽ കഴമ്പുണ്ടെന്ന് നേരത്തേ വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇ.ഡി അന്വേഷണം ആരംഭിച്ചതും സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് കടന്നതും.

നേരത്തേ കെ.എം. ഷാജിയെയും ഭാര്യയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പല തവണ ചോദ്യം ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് ഷാജിയുടെ ഭാര്യയെ 11 മണിക്കൂറോളം ചോദ്യം ചെയ്യുന്ന സാഹചര്യവുമുണ്ടായിരുന്നു.