◼️സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിയന്ത്രണം ഇല്ല. മെയ് 31 വരെ 250 മെഗാവാട്ട് അധിക വൈദുതി വാങ്ങും. യൂണിറ്റിന് 20 രൂപ നിരക്കില്‍ പ്രതിദിനം ഒന്നര കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് പറഞ്ഞു. ഇതേസമയം, ദേശീയതലത്തില്‍ താപവൈദ്യുത നിലയങ്ങളിലേക്കു കൂടുതല്‍ കല്‍ക്കരി എത്തിക്കാന്‍ കോള്‍ ഇന്ത്യയും റെയില്‍വേയും നടപടി ആരംഭിച്ചു. കല്‍ക്കരിയുമായി ഗുഡ്സ് ട്രെയിനുകള്‍ ഓടിക്കാന്‍ 657 യാത്രാ ട്രെയിനുകള്‍ റദ്ദാക്കി.
◼️ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഴിവുകളില്‍ നിയമിക്കേണ്ടവരുടെ പേരുകള്‍ എത്രയും വേഗം അയക്കണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 126 ഒഴിവുകളാണ് നികത്തിയത്. അമ്പതിലധികം ഒഴിവുകള്‍ ഉടന്‍ നികത്തണം. ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു.
◼️സെക്രട്ടേറിയേറ്റില്‍ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ തട്ടുകള്‍ കുറച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. നയപരമായ തീരുമാനമെടുക്കേണ്ട ഫയലുകള്‍ മാത്രം സെക്രട്ടറി തലത്തില്‍ വിശദമായി പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഫയല്‍ പരിശോധന അഞ്ചില്‍നിന്ന് മൂന്നു തലത്തിലേക്കാണു കുറച്ചത്. പുതിയ പരിഷ്‌ക്കരണം വരുന്നതോടെ അധികമാകുന്ന തസ്തികകള്‍ സര്‍ക്കാര്‍ പുനര്‍വിന്യസിക്കും.
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️5 ജി സ്പെക്ട്രം ലേലം ജൂണ്‍ ആദ്യവാരം. ഒരു ലക്ഷത്തിലധികം മെഗാഹെര്‍ട്സ് സ്പെക്ട്രത്തിന് ഏഴര ലക്ഷം കോടി രൂപയുടെ മെഗാ ലേലമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ കമ്മിഷന്റെ പരിഗണനയിലാണ്. കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
◼️ഗുജറാത്തിലെ മുഖ്യമന്ത്രിയുടെ ഡാഷ്ബോര്‍ഡ് സംവിധാനത്തിനു പുറമെ ഗുജറാത്തിലെ മറ്റു വികസന മാതൃകകളും വിലയിരുത്തി ചീഫ് സെക്രട്ടറി വി.പി ജോയ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള വിദ്യാസമീക്ഷാ കേന്ദ്രം, ഗാന്ധി നഗറിലെ ഗിഫ്റ്റ് സിറ്റി എന്നിവയാണ് ചീഫ് സെക്രട്ടറി സന്ദര്‍ശിച്ചത്. ഗുജറാത്തിലെ അരലക്ഷത്തോളം സര്‍ക്കാര്‍ സ്‌കൂളുകളെ ഓണ്‍ലൈനായി വിലയിരുത്തുന്ന കമാന്‍ഡ് സെന്ററായ വിദ്യാസമീക്ഷാ കേന്ദ്രത്തില്‍ ഏറെ നേരമാണ് ചീഫ് സെക്രട്ടറി ചെലവഴിച്ചത്.
◼️യുവതി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചതിനു പിറകേ, സുഹൃത്തായ യുവാവ് പുഴയില്‍ ചാടി മരിച്ചു. എറണാകുളം ആലുവയില്‍ ഇന്നലെ രാത്രിയാണ് സംഭവം. 42 കാരിയായ മഞ്ജുവും 39 കാരനായ ശ്രീകാന്തുമാണ് മരിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ്.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◼️ഇടുക്കി സത്രം എയര്‍സ്ട്രിപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ല. പെരിയാര്‍ കടുവ സങ്കേതത്തിന് അരികില്‍ എയര്‍ സ്ട്രിപ്പ് പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. എന്‍സിസിക്കായി സംസ്ഥാന പിഡബ്ല്യൂഡിയാണ് എയര്‍ സ്ട്രിപ് നിര്‍മ്മിക്കുന്നത്.
◼️വിജയ് ബാബുവിനെതിരായ ലൈംഗിക ആരോപണകേസ് നടക്കുന്നതിനിടെ നടനെതിരെ ആരോപണവുമായി മറ്റൊരു യുവതി. വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വിജയ് ബാബുവിനെതിരെ ആരോപണം ഉന്നയിച്ചത്. സഹായിക്കാന്‍ തയാറായ വിജയ് ബാബു അല്‍പ സമയത്തിനകം തന്നെ ചുംബിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി ആരോപിച്ചത്.
◼️ബലാത്സംഗ കേസില്‍ നടന്‍ വിജയ് ബാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കാനായി മാറ്റിവച്ചു. സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിറകിലെന്നും ബ്ലാക്മെയില്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും വിജയ് ബാബു ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രതിക്കെതിരെ തെളിവുകളുണ്ടെന്നും കീഴടങ്ങണമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
◼️സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയായി ഇന്ന് അമേരിക്കയിലെത്തും. ഒന്നര വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് അര്‍ബുദത്തിനു തുടര്‍ചികിത്സക്കായി സി പി എം സെക്രട്ടറി അമേരിക്കയില്‍ പോകുന്നത്.
◼️വൈദ്യുതി ബോര്‍ഡില്‍ സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. മെയ് അഞ്ചിനു നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നല്‍കിയെന്ന് അസോസിയേഷന്‍ അവകാശപ്പെട്ടു.
◼️സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട പ്രതി പിടിയില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര നോര്‍ത്ത് വളവന്‍ ചിറ കിഴക്കതില്‍ സോജിയെ (29) ആണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്. ഒരാഴ്ച മുന്‍പ് ഹരിപ്പാട് ക്ഷേത്രത്തിലെ ഉത്സവത്തിനോടാനുബന്ധിച്ചു നടന്ന ഗാനമേളക്കിടയില്‍ മാരകായുധം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
◼️എസ്എന്‍ഡിപിയിലെ പ്രാതിനിധ്യ വോട്ടവകാശ വിവാദത്തില്‍ കിളിമാനൂര്‍ ചന്ദ്രബാബുവിനെതിരെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം എന്നെഴുതാന്‍ അറിയാത്ത തമിഴ് അണ്ണാച്ചിയാണ് ഇപ്പോള്‍ യോഗത്തെ തകര്‍ക്കാന്‍ നടക്കുന്നതെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എസ്എന്‍ഡിപിയില്‍ പ്രാതിനിധ്യ വോട്ടവകാശ രീതി താന്‍ നടപ്പാക്കിയതല്ല. തുടക്കംമുതലേ, യോഗം നോണ്‍ ട്രേഡിംഗ് കമ്പനിയായാണ് രജിസ്റ്റര്‍ ചെയ്തത്. 35 ലക്ഷം പേരെ അണിനിരത്തി തിരഞ്ഞെടുപ്പു നടത്തുന്നതു പ്രായോഗികമല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
◼️കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്കു മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്നത്.
◼️അടുത്ത മൂന്നു മാസം വാഹന പരിശോധന കര്‍ശനമാക്കുമെന്ന് ഗതാഗത വകുപ്പ്. വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ പരിശോധനകള്‍ കര്‍ശനമാക്കാനാണ് നിര്‍ദേശം.
◼️സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡിനുപകരം എലഗന്റ് കാര്‍ഡുകള്‍ മെയ് മാസത്തില്‍ വിതരണം ചെയ്തു തുടങ്ങുമെന്ന്് ഗതാഗത മന്ത്രി ആന്റണി രാജു.
◼️പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. ആര്‍എസ്എസ് പ്രവര്‍ത്തകരായ വിഷ്ണു, മനു എന്നിവരാണ് പിടിയിലായത്. സുബൈര്‍ കൊലക്കേസില്‍ കൊലയാളികളില്‍ അവശേഷിക്കുന്ന മൂന്ന് പേര്‍ വൈകാതെ വലയിലാകുമെന്ന് പാലക്കാട് എസ്പി പറഞ്ഞു.
◼️കൊച്ചി തുറമുഖത്തെ റോള്‍ - ഓണ്‍ - റോള്‍ - ഓഫ് സൗകര്യത്തിന് കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ തറക്കല്ലിടും. കൊച്ചി തുറമുഖത്തിന്റെ മട്ടാഞ്ചേരി ചാനലില്‍ ക്യു വണ്‍ ബെര്‍ത്തിനെയും സൗത്ത് കോള്‍ ബെര്‍ത്തിനെയും ബന്ധിപ്പിക്കുന്ന വികസന പദ്ധതിയാണിത്. 615 ചതുരശ്ര മീറ്ററില്‍ ആര്‍ സി സി ജെട്ടിയുടെ നിര്‍മ്മാണവും റോ - റോ സൗകര്യത്തിലേക്ക് നയിക്കുന്ന നിലവിലുള്ള റോഡുകളുടെ ബലപ്പെടുത്തലും ഉള്‍പ്പെടുന്നതാണ് വികസനം.
◼️ആലുവ കമ്പനിപ്പടിയില്‍ തോക്കു ചൂണ്ടി കാറുള്‍പ്പടെ ഡ്രൈവറെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. ഇടപ്പള്ളി സ്വദേശി അബ്ദുള്‍ മനാഫ്, പറവൂര്‍ സ്വദേശി അന്‍ഷാദ്, തൃശ്ശൂര്‍ മതിലകം സ്വദേശി ബഷീര്‍, തൃശ്ശൂര്‍ കൊള്ളിമുട്ടം സ്വദേശി ചന്ദ്രദാസ്, പാലക്കാട് സ്വദേശി മുഹമ്മദ് മുഹ്സിന്‍ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. 11 പ്രതികളുള്ള കേസില്‍ ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 31ന് ബെംഗളൂരുവില്‍ നിന്ന് പുകയില ഉല്‍പ്പന്നവുമായി വന്ന പൊന്നാനി സ്വദേശി സജീറിനെയാണ് തട്ടിക്കൊണ്ടുപോയത്.
◼️ഒമാനിലെ സലാലയില്‍ മലയാളി വെടിയേറ്റു മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്ദീനാണ് മരിച്ചത്. സലാലയിലെ സാദായിലുള്ള ഖദീജാ പള്ളിക്ക് സമീപമായിരുന്നു സംഭവം. മൃതദേഹത്തിനു സമീപം തോക്കും കണ്ടെത്തിയിട്ടുണ്ട്.
◼️മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കണ്ണൂര്‍ ധര്‍മടം പഞ്ചായത്തില്‍ സില്‍വര്‍ ലൈന്‍ സര്‍വ്വേക്കല്ല് സ്ഥാപിക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. നൂറോളം യുഡിഎഫ്, ബി ജെ പി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധവുമായി എത്തിയതോടെയാണ് കല്ലിടല്‍ ഉപേക്ഷിച്ചത്. അവധി ദിവസമായതിനാല്‍ അടുത്ത നാല്ുദിവസങ്ങളില്‍ കല്ലിടല്‍ ഉണ്ടാകില്ല.
◼️പത്തു ജില്ലകളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
◼️മലബാര്‍ വന്യജീവി സങ്കേതത്തില്‍ കടുവയുടെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. കക്കയം വനത്തില്‍ ഡാം സെറ്റ് റോഡിലാണ് വനം വകുപ്പ് കടുവയുടെ ചിത്രത്തോടുകൂടിയ പുതിയ ബോര്‍ഡ് സ്ഥാപിച്ചത്.
◼️തിരുവനന്തപുരം കരകുളം ഇരട്ടകൊലക്കേസിലെ മുഖ്യസാക്ഷി സുധീഷിനെ ഭീഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ഇരട്ട കൊലകേസിലെ പ്രതി അഭിലാഷിനെയാണ് അറസ്റ്റ് ചെയ്തത്.
◼️ഇസ്ളാം വര്‍ഗീയത പ്രചരിപ്പിക്കുന്നില്ലെന്നും ഖുര്‍ആന്‍ ആരേയും കൊല്ലാന്‍ പഠിപ്പിക്കുന്നില്ലെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. അങ്ങനെ പ്രചരിപ്പിക്കുന്നവരോട് സംവാദത്തിനുു തയ്യാറാണ്. ശത്രുക്കളോട് പ്രതികാരം ചെയ്യുന്നവരോ അവരെ ആക്രമിക്കുന്നവരോ ഇസ്ലാമല്ലെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
◼️12 മുതല്‍ 17 വരെ വയസുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനായ കൊവോവാക്സീന് അനുമതി. വാക്സീന്‍ സാങ്കേതിക ഉപദേശക സമിതിയാണ് അനുമതി നല്‍കിയത്. ഡോസിന് 225 രൂപക്ക് വാക്സീന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ലഭ്യമാക്കുമെന്ന് നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.
◼️തുടര്‍ച്ചയായി രണ്ടു കേസുകളില്‍ അറസ്റ്റിലായ ജിഗ്നേഷ് മേവാനി എംഎല്‍എയ്ക്കു ജാമ്യം. പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസിലാണ് ഗുജറാത്തിലെ എംഎല്‍എയായ മേവാനിക്ക് ജാമ്യം ലഭിച്ചത്.
◼️രാജസ്ഥാനിലെ പോക്സോ കേസില്‍ രണ്ടു പ്രതികള്‍ക്കു വധശിക്ഷ. പതിനഞ്ചു വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ബുണ്ടി കോടതി വധശിക്ഷ വിധിച്ചത്. കുറ്റവാളികളായ സുല്‍ത്താന്‍ ബില്‍, ചോട്ടു ലാല്‍ എന്നിവര്‍ക്കാണ് വധശിക്ഷ. പതിനൊന്നു ദിവസത്തിനകം വധശിക്ഷ നടപ്പാക്കണമെന്ന് രാജസ്ഥാനിലെ ബുണ്ടി കോടതി ഉത്തരവിറക്കി. കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
◼️ആസാമിനുവേണ്ടി തന്റെ അവസാന വര്‍ഷങ്ങള്‍ ചെലവഴിക്കുമെന്ന് വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ. ആസാമിലെ ഏഴ് അത്യാധുനിക കാന്‍സര്‍ ആശുപത്രികളുടെ ഉദ്ഘാടനവും ഏഴ് ആശുപത്രികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
◼️കൊടുംചൂടില്‍ ഉത്തരേന്ത്യ വെന്തുരുകുന്നു. ചിലയിടങ്ങളില്‍ 45 ഡിഗ്രി താപനില രേഖപ്പെടുത്തി. രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്. ഹരിയാനയിലെ ഗുഡ്ഗാവിലാണ് ഏറ്റവും കൂടുതല്‍ താപനിലയായ 45.6 ഡിഗ്രി രേഖപ്പെടുത്തിയത്.
◼️ലെഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ കരസേനാ മേധാവിയായി ചുമതലയേല്‍ക്കും. ജനറല്‍ എം.എം നരവനെ വിരമിക്കുന്നതിനാലാണ് നിയമനം. ഉപമേധാവിയായ മനോജ് പാണ്ഡെ മേധാവിയാകുന്നതോടെ ലഫ്. ജനറല്‍ ബി എസ് രാജുവാകും കര സേനയുടെ പുതിയ ഉപ മേധാവി.
◼️കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ നഷ്ടം നികത്താന്‍ 2035 ആകേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ തുടങ്ങിയ കൊവിഡ് പ്രതിസന്ധിയുടെ നഷ്ടം നികത്താന്‍ 15 വര്‍ഷം വേണമെന്നാണ് റിസര്‍വ് ബാങ്കിന്റെ കറന്‍സി ആന്റ് ഫിനാന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മൈനസ് 6.6 ശതമാനമായിരുന്നു. 2021-22 ല്‍ രാജ്യം 8.9 ശതമാനം വളര്‍ച്ച നേടുമെന്നാണ് കരുതുന്നത്. 2022-23 വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്.
◼️ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് തീക്കാടന്‍ നല്‍കിയ പരാതിയിലാണ് നടപടി. മുനിസിപ്പില്‍ കമ്മീഷന്‍ മേയര്‍ അടക്കമുള്ളവരെ കമ്മീഷന്‍ നോട്ടീസ് അയച്ചു വിളിച്ച് വരുത്തും.
◼️ഹിന്ദിയെ സ്നേഹിക്കാത്തവര്‍ വിദേശികളാണെന്നും ഹിന്ദി സംസാരിക്കാത്തവര്‍ക്കു ഇന്ത്യ വിട്ടുപോകാമെന്നും ഉത്തര്‍പ്രദേശിലെ മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി സംസാരിക്കാത്തവര്‍ വേറെ എവിടെങ്കിലും പോയി ജീവിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
◼️റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചര്‍ (ആര്‍ആര്‍വിഎല്‍), ജിയോ പ്ലാറ്റ്‌ഫോം (ആര്‍ജെപിഎല്‍) എന്നിവയും ഐപിഒയിലേക്ക്. 50,000 കോടി രൂപ മുതല്‍ 75,000 കോടി രൂപ വരെ ഈ രണ്ട് ഐ പി ഒകളിലൂടെ സമാഹരിക്കാനാണ് മുകേഷ് അംബാനിയുടെ നീക്കം.
◼️പഞ്ചാബിലെ പട്യാലയില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും കല്ലേറിലും വന്‍ നാശനഷ്ടം. ശിവസേന അനുമതിയില്ലാതെ നടത്തിയ ഖാലിസ്ഥാന്‍ വിരുദ്ധ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമുട്ടിയവരെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്കു വെടിവച്ചു.
◼️ശ്രീലങ്കയ്ക്ക് പിറകേ, നേപ്പാളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. വിദേശ നാണ്യ കരുതല്‍ ശേഖരം ഇടിഞ്ഞതിനെ തുടര്‍ന്ന് നേപ്പാള്‍ ഗവണ്മെന്റ് കാറുകളും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതു നിരോധിച്ചു.
◼️ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയെ നീക്കാന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെ സമ്മതിച്ചെന്ന് പ്രതിപക്ഷം. അങ്ങനെ സമ്മതിച്ചില്ലെന്നും യോഗ്യനായ ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്കു നിര്‍ദേശിക്കാമോയെന്ന് ചോദിച്ചതേയുള്ളൂവെന്നാണു പ്രസിഡന്റിന്റെ ഓഫീസ് പറയുന്നത്. പുതിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ കക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ പ്രസിഡന്റ് സമ്മതിച്ചെന്നാണ് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞത്..
◼️പ്ലാസ്റ്റിക് പ്ലേറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന രണ്ടു ലക്ഷം ലഹരി ഗുളികകള്‍ റിയാദില്‍ പിടിച്ചെടുത്തു. രണ്ട് സിറിയക്കാരും ഒരു സൗദി പൗരനും പിടിയിലായി.
◼️ജോലി വാഗ്ദാനം ചെയ്ത് നാട്ടില്‍നിന്നു കൊണ്ടുവന്ന യുവതിയെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ച സംഭവത്തില്‍ രണ്ടു പ്രവാസി വനിതകള്‍ ബഹ്റിനില്‍ അറസ്റ്റിലായി. മനുഷ്യക്കടത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഇരുവരെയും അടുത്തമാസം കോടതിയില്‍ ഹാജരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
◼️യുക്രെയ്നിന്റെ തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. റേഡിയോ സ്വബോദയുടെ ജേണലിസ്റ്റായ വെരാ ഗിരിച്ച് ആണ് കൊല്ലപ്പെട്ടത്.
◼️സന്തോഷ് ട്രോഫിയില്‍ ക്ലാസിക്ക് ഫൈനല്‍. 75-ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഫൈനലില്‍ കേരളവും പശ്ചിമ ബംഗാളും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന പരാജയപ്പെടുത്തിയാണ് പശ്ചിമ ബംഗാള്‍ ഫൈനലിലെത്തിയത്. 46 ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ ചാമ്പ്യന്‍മാരായി. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇത് നാലാം തവണയാണ്.
◼️ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ 20 റണ്‍സിന് പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലഖ്‌നൗ ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◼️വായ്പകള്‍ തിരിച്ചടയ്ക്കാതിരിക്കാന്‍ 2.5 ദശലക്ഷം പൗണ്ട് വിലവരുന്ന സ്വത്ത് വകകള്‍ മറച്ചുവെച്ചതിന്റെ പേരില്‍ ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറിസ് ബെക്കര്‍ക്ക് രണ്ടര വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി. സ്പെയിനിലെ മല്ലോര്‍ക്കയിലുള്ള ബെക്കറിന്റെ ആഡംബര എസ്റ്റേറ്റ് വാങ്ങുന്നതിനായെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ടതാണ് കേസ്.
◼️മെറ്റവേഴ്സ്, വെബ്3 സേവനങ്ങള്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഫ്‌ലിപ്കാര്‍ട്ട്. ഇതിനായി കമ്പനി ഫ്‌ലിപ്കാര്‍ട്ട് ലാബ്സ് എന്ന പുതിയ സംരംഭം ആരംഭിച്ചു. മെറ്റാവേഴ്സ് പരീക്ഷണങ്ങള്‍, പുതിയ ടെക്നോളജികള്‍ വികസിപ്പിക്കല്‍, ആശയങ്ങള്‍ നടപ്പാക്കല്‍ തുടങ്ങിയവയ്ക്ക് കമ്പനി ലാബിനെ ഉപയോഗപ്പെടുത്തും. എന്‍എഫ്ടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ബ്ലോക്ക്ചെയിന്‍ സേവനങ്ങള്‍, വിര്‍ച്വല്‍ സ്റ്റോര്‍ തുടങ്ങിയവ കമ്പനി അവതരിപ്പിക്കും. 2020 നവംബറില്‍ വിര്‍ച്വല്‍/ഓഗ്മെന്റ് റിയാലിറ്റി സ്റ്റാര്‍ട്ടപ്പ് സ്‌കാപിക്കിനെ) ഏറ്റെടുത്ത് രൂപീകരിച്ച ഫ്‌ലിപ്കാര്‍ട്ട് ക്യാമറ പുതിയ ലാബിന്റെ ഭാഗമാവും. പുതു തലമുറ ഇന്റര്‍നെറ്റിനെയാണ് വെബ്3 അഥവാ വെബ് 3.0 എന്ന് വിശേഷിപ്പിക്കുന്നത്.
◼️കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദ ഫലങ്ങളില്‍ നഷ്ടവുമായി ബജാജ് ഓട്ടോ. വില്‍പ്പന ഇടിഞ്ഞതോടെ അറ്റ ലാഭം രണ്ട് ശതമാനം കുറഞ്ഞ് 1,526 കോടി രൂപയിലെത്തി. ആഭ്യന്തര, കയറ്റുമതി വിപണികളിലെ വില്‍പ്പന ദുര്‍ബ്ബലമായതും, സെമികണ്ടക്ടര്‍ ക്ഷാമവുമാണ് ഈ നഷ്ടത്തിന് കാരണം. 2021 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ കമ്പനി 1,551 കോടി രൂപയുടെ കണ്‍സോണിഡേറ്റഡ് അറ്റാദായം നേടിയിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്ത വരുമാനം നാലാം പാദത്തില്‍ 7,975 കോടി രൂപയായി കുറഞ്ഞു. 2021 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ ഇത് 8,596 കോടി രൂപയായിരുന്നു.
◼️ജുറാസിക് വേള്‍ഡ് സിരീസിലെ മൂന്നാം ചിത്രമായ 'ജുറാസിക് വേള്‍ഡ്: ഡൊമിനിയന്റെ' രണ്ടാമത്തെ ട്രെയിലര്‍ പുറത്ത്. ഒരു ചെറിയ ദിനോസറിനെ വേട്ടയാടുന്നതും പിന്നീട് ദിനോസറുകള്‍ കീഴടക്കുന്ന നഗരങ്ങളുടെ കാഴ്ചകളുമാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ചിത്രം ജൂണ്‍ 10ന് തിയറ്ററുകളില്‍ എത്തും. നേരത്തെ പുറത്തുവിട്ടിരുന്ന ആദ്യ ട്രെയിലറിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. ആറരക്കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ദിനോസര്‍ ലോകത്തിലേക്ക് വാതില്‍ തുറക്കുന്ന ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ദിനോസറുകള്‍ ജനങ്ങള്‍ക്കിടയില്‍ എത്തുന്നതും അവിടെ സൃഷ്ടിക്കുന്ന ഭീതിയുമാണ് ചിത്രത്തിന്റെ പ്ലോട്ടെന്നാണ് ട്രെയ്‌ലറുകളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
◼️'ഓപ്പറേഷന്‍ ജാവ'യെന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ രണ്ടാമത്തെ ചിത്രമാണ് 'സൗദി വെള്ളക്ക'. പേരില്‍ കൗതുകം പേറുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒരു വെള്ളക്കയുടെ പേരിലുള്ള പ്രശ്‌നത്തിന്മേല്‍ കോടതിയില്‍ നടക്കുന്ന കേസാണ് ടീസറില്‍ കാണിക്കുന്നത്. ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് സൗദി വെള്ളക്ക. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സുധി കോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ദ, ധന്യ അനന്യ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◼️ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാവുന്ന കുഞ്ഞു നോവല്‍.എന്നാല്‍ അതിലൂടെ മിന്നിമറയുന്ന ഭൂതകാല സമാന്തര സന്ദര്‍ഭങ്ങളുടെ സമാന്തരങ്ങള്‍ സ്വന്തം ജീവിതത്തില്‍ നിന്ന് വായനയ്‌ക്കൊപ്പം മനസ്സില്‍ തള്ളിക്കയറിവരുന്ന അനുഭവം നിങ്ങള്‍ക്കുണ്ടായേക്കും. 'ക്രിക്കറ്റ് ഹൗസ്'. ഗണേഷ് ബാല. മാതൃഭൂമി ബുക്സ്. വില 114 രൂപ.
◼️ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സ് 2022 സി-ക്ലാസ് സെഡാന്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. പൂനെയിലെ ചക്കനിലുള്ള കമ്പനിയുടെ അത്യാധുനിക ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നാണ് മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ വാഹനം പുറത്തിറക്കിയത്. മെയ് 10 ന് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ചാം തലമുറ മോഡലിനെ 'ബേബി എസ്' എന്നാണ് കമ്പനി വിളിക്കുന്നത്. മൂന്ന് വേരിയന്റുകളില്‍ വാഹനം ലഭ്യമാക്കും. മെഴ്‌സിഡസ് ബെന്‍സ് കാര്‍ ഉടമകള്‍ക്ക് ഏപ്രില്‍ 30 വരെ സെഡാന്‍ ബുക്ക് ചെയ്യാം. ഉപഭോക്താക്കള്‍ക്കുള്ള ബുക്കിംഗ് മെയ് ഒന്നു മുതല്‍ 50,000 രൂപയ്ക്ക് ആരംഭിക്കും.
◼️ആസ്മയ്ക്കും അലര്‍ജിക്കുമെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന മാന്‍ഡലുകാസ്റ്റ് എന്ന മരുന്നിന് കൊറോണ വൈറസ് കോശങ്ങള്‍ക്കുള്ളില്‍ പെരുകുന്നത് തടയാന്‍ സാധിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. വൈറസ് പെരുകുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഒരു പ്രോട്ടീനിനെ ബ്ലോക്ക് ചെയ്യുന്നത് വഴിയാണ് മാന്‍ഡലുകാസ്റ്റ് ശരീരത്തിലെ കോവിഡ് വ്യാപനത്തിന് തടയിടുന്നതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകര്‍ നടത്തിയ ഗവേഷണം പറയുന്നു. വലിവ്, ശ്വാസംമുട്ടല്‍, നെഞ്ചിന് കനം, ആസ്മയും അലര്‍ജികളും മൂലമുള്ള ചുമ, വ്യായാമത്തെ തുടര്‍ന്നുണ്ടാകുന്ന ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നായിട്ടാണ് മാന്‍ഡലുകാസ്റ്റ് ഉപയോഗിക്കുന്നതെന്ന് യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പറയുന്നു. മനുഷ്യകോശങ്ങളെ ബാധിക്കുമ്പോള്‍ കൊറോണ വൈറസ് എന്‍എസ്പി1 എന്നൊരു പ്രോട്ടീന്‍ പുറപ്പെടുവിക്കും. വൈറസ് പെരുകുന്നതില്‍ ഈ പ്രോട്ടീന്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ഈ വൈറല്‍ പ്രോട്ടീന്‍ കോശത്തിലെ പ്രോട്ടീന്‍ ഉത്പാദന സംവിധാനമായ റൈബോസോമുമായി ഒട്ടിപ്പിടിച്ച് അവയെ ബ്ലോക്ക് ചെയ്യുന്നു. ഇതിന്റെ ഫലമായി കോശത്തിന് വൈറല്‍ അണുബാധയോട് പോരാടാനുള്ള പ്രോട്ടീനുകളെ നിര്‍മിക്കാന്‍ സാധിക്കാതെ വരുന്നു. ഇത്തരത്തിലാണ് വൈറസ് പെരുകി കോശത്തിനുള്ളില്‍ അണുബാധ പടരുന്നത്. കോശത്തിന് വൈറസ് ഉണ്ടാക്കുന്ന നാശത്തെ തടയാന്‍ എന്‍എസ്പി1 വൈറല്‍ പ്രോട്ടീനെ ലക്ഷ്യം വയ്ക്കുന്നതിലൂടെ സാധിക്കുമെന്നും ഈ ദൗത്യമാണ് മാന്‍ഡലുകാസ്റ്റ് നിര്‍വഹിക്കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. എന്‍എസ്പി1 ന്റെ ജനിതക പരിവര്‍ത്തന നിരക്ക് കുറവായതിനാല്‍ കൊറോണ വൈറസിന്റെ ഏത് വകഭേദം വന്നാലും എന്‍എസ്പി1 ന് വലിയ മാറ്റമുണ്ടാകില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഇതിനാല്‍ മാന്‍ഡലുകാസ്റ്റ് ഉപയോഗിച്ചുള്ള ചികിത്സ ഏത് വകഭേദത്തിനെതിരെയും ഫലപ്രദമാകുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
MEDIA 16 news