ദുബായ് എക്‌സ്‌പോ 2020 ന് ഉജ്ജ്വലമായ സമാപനം

182 ദിവസങ്ങള്‍ നീണ്ടു നിന്ന ദുബായ് എക്‌സ്‌പോ സമാനതകളില്ലാത്ത വിസ്മയകാഴ്ചകളുടെ വേദിയായിരുന്നു. ലോകം വിരുന്നെത്തിയ ദുബായ് എക്‌സ്‌പോയില്‍ 192രാജ്യങ്ങളാണ് തങ്ങളുടെ ചരിത്രവും സംസ്‌കാരവും സാങ്കേതികതയും പരിചയപ്പെടുത്തിയത്. എക്‌സ്‌പോയില്‍ 182 ദിവസങ്ങളിലായി എത്തിയ രണ്ടരക്കോടിയോളം സന്ദര്‍ശകര്‍ ഈ വിസ്മയക്കാഴ്ചകളെ നേരിട്ടറിഞ്ഞു.
ഭൂമിയിലെ ഏറ്റവും വലിയ ഇവന്റ് എന്ന വിശേഷണവുമായി എത്തിയ ദുബായ് എക്‌സ്‌പോ 2020 അക്ഷരാര്‍ത്ഥത്തില്‍ ആ വാക്കുകളെ യഥാര്‍ഥ്യമാക്കി. പ്രത്യേകം നിര്‍മ്മിക്കപ്പെട്ട എക്‌സ്‌പോ നഗരി സാങ്കേതികതയുടെ എല്ലാ മാറ്റങ്ങളെയും ഉള്‍ക്കൊള്ളുന്നത് കൂടിയായിരുന്നു. ആറു മാസത്തിനൊടുവില്‍ എക്‌സ്‌പോ സമാപിച്ചതും ലോകം കണ്ട മികച്ച ഇവന്റുകളില്‍ ഒന്നിന് വേദി കൂടിയായിരുന്നു.

 
എക്‌സ്‌പോയില്‍ അല്‍ വാസലില്‍ വൈകീട്ട് ഏഴുമണിയോടെ ആരംഭിച്ച സമാപനചടങ്ങ് വീക്ഷിക്കാന്‍ ദുബായ് ധനമന്ത്രിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും മറ്റ് വിശിഷ്ട വ്യക്തികളും നേരിട്ടെത്തിയിരുന്നു. എ ആര്‍ റഹ്മാന്റെ ഫിര്‍ദൗസ് ഓര്‍ക്കസ്ട്ര യസ്മീന സബയുടെ നേതൃത്വത്തില്‍ 40 കുട്ടികളടങ്ങുന്ന ബാന്റിലൂടെ യുഎഇയുടെ ദേശീയ ഗാനം മുഴങ്ങി. സമാപന ചടങ്ങില്‍ ബ്യൂറോ ഇന്റര്‍നാഷണല്‍ ഡെസ് എക്സ്പൊസിഷന്‍സ് പതാക 2025 ല്‍ എക്സ്പോ നടക്കാനിരിക്കുന്ന ജപ്പാനിലെ ഒസാക്കയില്‍ നിന്നുളള പ്രതിനിധികള്‍ക്ക് കൈമാറി.

 
തുടര്‍ന്ന് വ്യത്യസ്തങ്ങളായ പരിപാടികള്‍ അരങ്ങേറി. വെടിക്കെട്ടും എക്‌സ്‌പോയുടെ സമാപന ചടങ്ങിന് മാറ്റ് കൂട്ടി. ഏത് പ്രതിസന്ധിക്കിടയിലും അതി ജീവനത്തിന്റെ പുതിയ മാതൃകകള്‍ തീര്‍ക്കുന്ന ദുബായുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ അടയാളം കൂടിയായിരുന്നു ദുബായ് എക്‌സ്‌പോ. കൊവിഡ് പ്രതിസന്ധികളെ തോല്‍പ്പിച്ച ദുബായ് എക്‌സ്‌പോ യു എ ഇ യുടെ വികസന കുതിപ്പിനും ആക്കം കൂട്ടിയിരുന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ക്രിയാത്മകമായ നേതൃത്വവും എക്‌സ്‌പോയെ മഹത്തരമാക്കി. തൊട്ടതെല്ലാം പൊന്നാക്കിയാണ് എക്സ്പോ 2020 ക്ക് സമാപനമായത്