സംസ്ഥാനത്ത് ജൂൺ രണ്ട് മുതൽ 18 വരെ നടത്താനിരുന്ന പ്ളസ് വൺ പരീക്ഷ ജൂൺ 13 മുതൽ 30 വരെയായി പുനഃക്രമീകരിച്ചു. മോഡൽ പരീക്ഷ ജൂൺ രണ്ട് മുതൽ 7 വരെ നടക്കും. പരീക്ഷയ്‌ക്ക് ഫോക്കസ് ഏരിയ ഉണ്ടാവില്ല. രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ളാസുകൾ ജൂലായ് ഒന്നിന് ആരംഭിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.രണ്ട് വർഷത്തെ ഓൺലൈൻ പഠനത്തിന് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ 1ന് വീണ്ടും പൂർണതോതിൽ പ്രവർത്തിച്ചു തുടങ്ങും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും. 2.84 കോടി പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. സംസ്ഥാനതല ഉദ്ഘാടനം 28ന് രാവിലെ 10ന് തിരുവനന്തപുരം കരമന ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.
3712 സർക്കാർ സ്‌കൂളുകളിലും 3365 എയ്ഡഡ് സ്‌കൂളുകളിലും അടക്കം ആകെ 7077 സ്‌കൂളുകളിലെ 9.58 ലക്ഷം കുട്ടികൾക്ക് കൈത്തറി യൂണിഫോം നൽകും. 120 കോടിയാണ് ചെലവ്. ഉദ്ഘാടനം മേയ് 6ന് കോഴിക്കോട്ട് നടക്കും. സ്‌കൂളുകളിലെ യൂണിഫോം പി.ടി.എക്ക് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് തീരുമാനിക്കാം. കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ചതാകണം യൂണിഫോം. സ്‌കൂൾ മിക്‌സഡ് ആക്കാൻ താത്പര്യമുണ്ടെങ്കിൽ സർക്കാരിനെ അറിച്ചാൽ മതി.
സ്‌കൂളുകളുടെ നടത്തിപ്പിനെയും പ്രവർത്തനത്തെയും സംബന്ധിച്ചമാന്വൽ തയ്യാറാക്കും. മാനുവലിൽ പി.ടി.എ അടക്കമുള്ളവയ്‌ക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങൾ ഉണ്ടാകും. ഇതര സിലബസുള്ള സ്‌കൂളുകൾക്കും വിവിധ അവലംബിക്കാവുന്ന മാർഗനിർദ്ദേശങ്ങളും ഇതിലുൾപ്പെടുത്തും. ഹയർ സെക്കൻഡറി പരീക്ഷാ മാനുവൽ മാതൃകയിൽ എസ്.എസ്.എൽ.സി പരീക്ഷാ മാനുവലും പരിഷ്‌കരിക്കും.അക്കാഡമിക് മാസ്‌റ്റർ പ്ളാനും തയ്യാറാക്കും.
മുൻ വർഷങ്ങളിലെ പോലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകും. 12,306 സ്‌പെഷ്യൽ സ്‌കൂളുകൾ, എം.ജി.എൽ.സികൾ ഉൾപ്പെടെയുള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ 30 ലക്ഷം വരുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണിത്. ആഴ്‌ചയിൽ രണ്ട് ദിവസം പാൽ, ഒരു ദിവസം മുട്ട/നേന്ത്രപ്പഴം എന്നിവയും നൽകും.