കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്യം നൽകി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കിളിമാനൂർ അടയമൺ നെല്ലികുന്ന് സ്വദേശി അരുൺ ദാസ് (37) ആണ് പിടിയിലായത്. ഏപ്രിൽ രണ്ടാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം.
വീട്ടിലേക്ക് പോകുന്നതിനിടെയാണ് 17 വയസ്സുകാരനെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് അരുൺദാസ് ഓട്ടോയിൽ കയറ്റിയത്. തുടർന്ന് കിളിമാനൂരിലെ ബാറിൽ പോയി മദ്യം വാങ്ങിനൽകി. അരുൺദാസിന്റെ വീട്ടിലെത്തിച്ചും നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. ഇതിനുശേഷമാണ് 17-കാരനെ പീഡനത്തിനിരയാക്കിയത്. തുടർന്ന് പിറ്റേദിവസമാണ് കുട്ടിയെ വീട്ടിൽ കൊണ്ടുവിട്ടത്.
രാത്രി എവിടെയായിരുന്നുവെന്ന് വീട്ടുകാർ ചോദ്യംചെയ്തതോടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കിളിമാനൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊണ്ടുപോയ ബാറിലും പ്രതിയുടെ വീട്ടിലും പോലീസ് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.