ആറ്റിങ്ങൽ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്വകാര്യബസ്സുകൾ വളരെ താല്പര്യത്തോടെ പ്രവർത്തിക്കുന്ന ആറ്റിങ്ങലിൽ തിരുവാതിര ബസിന്റെ അടുത്ത കാരുണ്യ യാത്ര ഇന്ന് (ഏപ്രിൽ ആറിന്).
ഇത്തവണ തിരുവാതിരയുടെ കാരുണ്യം ഒന്നരവയസ്സുകാരി ഗൗരി ലക്ഷ്മിയുടെ ചികിത്സാ സഹായത്തിന് വേണ്ടിയാണ്. അപൂർവ്വ ജനിതകരോഗം ആയ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച ഗൗരിലക്ഷ്മിക്ക് 16 കോടി രൂപയാണ് ചികിത്സയ്ക്കായി വിദേശത്തുനിന്ന് എത്തിക്കുന്ന മരുന്നിനായി വേണ്ടത്.
പാലക്കാട് ഷൊർണൂർ സ്വദേശി ബിജുവിന്റെയും നിതയുടെയും മകളാണ് ഒന്നരവയസ്സുകാരി ഗൗരിലക്ഷ്മി. അംഗവൈകല്യമുള്ള ലിജുവിന്റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. തങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത തുക കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് നാടും വീടും. മരുന്നിനായി ഇതിനോടകം പണം കണ്ടെത്താനുള്ള ധനസമാഹരണം ആരംഭിച്ചുകഴിഞ്ഞു. ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായി ഇന്ന് തിരുവാതിരയുടെ ബസുകൾ സർവീസ് നടത്തും. ഒരു ഡസനിലധികം കാരുണ്യ യാത്രയിലൂടെ ബക്കറ്റ് പിരിവ് നടത്തി വിവിധ തലത്തിലുള്ള ആളുകൾക്ക് സാന്ത്വനമേകിയ തിരുവാതിര ബസ്സ്, ഗൗരിലക്ഷ്മിക്ക് വേണ്ടി സർവീസ് നടത്തുമ്പോൾ നാടൊന്നാകെ സഹകരിക്കുയും സഹായിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മാനേജ്മെന്റ് പറയുന്നു.
ഏപ്രിൽ ആറിന് ആറ്റിങ്ങൽ
കല്ലമ്പലം -വർക്കല കിളിമാനൂർ - കാരേറ്റ് കൊടുവഴന്നൂർ -ആറ്റിങ്ങൽ, വെഞ്ഞാറമൂട്, മൊട്ടക്കുഴി - കിളിമാനൂർ ആറ്റിങ്ങൽ റൂട്ടുകളിൽ സർവീസ് നടത്തുന്ന തിരുവാതിര മോട്ടോഴ്സിന്റെ ബസുകളിൽ ബക്കറ്റ് പിരിവ് ഉണ്ടാകും. യാത്രക്കാർക്ക് ഇഷ്ടമുള്ള തുക സഹായമായി നൽകി വലിയ ഒരു കാരുണ്യ പ്രവർത്തിയിൽ പങ്കുചേരാം.
ഇന്ന് സർവീസ് നടത്തി ലഭിക്കുന്ന പണം ചികിത്സയ്ക്കായി മാറും.