"മീഡിയ16 *പ്രഭാത വാർത്തകൾ*2022 | ഏപ്രിൽ 29 | . വെള്ളി*

◼️രാജ്യവ്യാപകമായി പവര്‍കട്ട്. വൈദ്യുതോല്‍പാദനം കുറഞ്ഞതിനാല്‍ ഇന്നലെ സംസ്ഥാനത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നും അടുത്ത ഏതാനും ദിവസങ്ങളിലും പവര്‍കട്ട് തുടരും. കല്‍ക്കരിക്ഷാമം മൂലമാണ് വൈദ്യുതോല്‍പാദനം കുറഞ്ഞത്. ഇതുമൂലം കേന്ദ്രപൂളില്‍നിന്നു കേരളം അടക്കമുള്ള എല്ലാ സംസ്ഥാനങ്ങള്‍ക്കും വില്‍ക്കുന്ന വൈദ്യുതി വിഹിതം കുറച്ചു. വൈകിട്ട് 6.30 മുതല്‍ 11.30 വരെയാണ് 15 മിനിറ്റ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നഗരമേഖലകളിലും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവന മേഖലയിലും വൈദ്യുതി മുടക്കിയില്ല.

◼️കല്‍ക്കരി ക്ഷാമം മൂലം ഊര്‍ജ്ജ മേഖല പ്രതിസന്ധിയില്‍. ഒമ്പത് സംസ്ഥാനങ്ങളില്‍ വൈദ്യുതി ക്ഷാമം. രാജസ്ഥാന്‍, യുപി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. രാജസ്ഥാനില്‍ ഗ്രാമങ്ങളില്‍ മൂന്നു മണിക്കൂര്‍ വരെയാണ് പവര്‍ കട്ട്. എന്നാല്‍ ഫലത്തില്‍ ഏഴു മണിക്കൂര്‍ വൈദ്യുതി ഇല്ലെന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ട്.

◼️വൈദ്യുതി നിയന്ത്രണം രണ്ടു ദിവസത്തേക്ക മാത്രമാണെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. കേന്ദ്രപൂളില്‍നിന്ന് പ്രതിദിനം 200 മെഗാവാട്ട് വൈദ്യുതി കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. കോഴിക്കോട് നല്ലളത്തുള്ള ഡീസല്‍ നിലയത്തെ പ്രയോജനപ്പെടുത്തി കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

◼️സംസ്ഥാനത്ത് രണ്ടിടത്തായി അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചു. ചാവക്കാട്ട് ഒരുമനയൂരില്‍ ചെമ്മീന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു. ഒരുമനയൂര്‍ സ്വദേശികളായ സൂര്യ (16), മുഹസിന്‍ (16), വരുണ്‍ (16) എന്നിവരാണു മരിച്ചത്. രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടു. കോട്ടയത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശികളായ നവീന്‍ (16), അമല്‍ (14) എന്നിവരാണ് മരിച്ചത്.

◼️പെട്രോള്‍, ഡീസല്‍ വിലവര്‍ധനയുടെ ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ശരിയല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം നികുതി കുറച്ചെങ്കിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമ്പത്തിക നില അറിയാവുന്ന പ്രധാനമന്ത്രിയില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത വിമര്‍ശനമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️ഇന്ധന നികുതിയില്‍ സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി  ജനങ്ങളെ പറ്റിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വര്‍ധിപ്പിച്ച വിലയുടെ നികുതി നാലു തവണ വര്‍ധിപ്പിക്കാതെ 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയത്. പെട്രോളിന് 57.67 രൂപയും  ഡീസലിന് 58.29 രൂപയുമാണ് അടിസ്ഥാന വില. അത്രത്തോളം തുക നികുതി ഈടാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

◼️കണ്ണൂരില്‍ ഡിവൈഎഫ്ഐ അംഗമായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം കണിച്ചാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പേരാവൂര്‍ ഏരിയാ കമ്മറ്റി അംഗവുമായ കെ കെ ശ്രീജിത്തിനെ സ്ഥാനങ്ങളില്‍നിന്നു നീക്കം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും രാജിവയ്പിച്ചു.

◼️ഹണിട്രാപ്പിലൂടെ യുവാവില്‍നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങള്‍ കൊച്ചിയില്‍ പിടിയില്‍. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്. യുവതികളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

◼️ഇടമലയാര്‍ ആനക്കൊമ്പ് കേസിലെ പ്രതികളുടെ 79.23 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അജി ബ്രൈറ്റ്, ഉമേഷ് അഗര്‍വാള്‍ എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയത്. തമിഴ്‌നാട് ഉദുമല്‍പ്പേട്ട റെയ്ഞ്ച്, അണ്ണാമലൈ ടൈഗര്‍ റിസര്‍വ്വ് എന്നിവടങ്ങളില്‍ നിന്നും 2014 ലാണ് ആനകളെ വേട്ടയാടി കൊമ്പ് കടത്തിയത്. ആനകൊമ്പുകള്‍ ശില്‍പ്പങ്ങളാക്കി വിദേശത്തേക്കും ഇന്ത്യയിലെ പല ഭാഗങ്ങളിലും കടത്തിയതിനാണ് അജി ബ്രൈറ്റിനെ സിബിഐ അറസ്റ്റ് ചെയ്തതത്.

◼️ഉത്തര സൂചികയില്‍ അപാകത ആരോപിച്ച് പ്ലസ്ടു കെമിസ്ട്രി പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയം അധ്യാപകര്‍ നിര്‍ത്തിവച്ച് പ്രതിഷേധിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും കോഴിക്കോട്ടുമുള്ള മൂല്യനിര്‍ണ ക്യാമ്പുകളിലെ അധ്യാപകരാണ് മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്. ഉത്തരസൂചിക തയ്യാറാക്കിയ 12 അധ്യാപകര്‍ക്കു മെമ്മോ നല്‍കി. പുതിയ ഉത്തരസൂചിക പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചെന്നും  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

◼️കെ റെയില്‍ സമരത്തിനിടെ കഴക്കൂട്ടത്ത് സമരക്കാരെ ചവിട്ടിവീഴ്ത്തിയ പൊലീസുകാരനെതിരെ പൊലീസ് കംപ്ലയിന്റ് അതോററ്റിയില്‍ പരാതി. മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിയാണ് പൊലീസുകാരന്‍ ഷബീറിനെതിരെ പരാതി നല്‍കിയത്. ഷബീറിനെ സസ്പെന്റ് ചെയ്യണമെന്നും എസ്.സി/എസ്.ടി നിയമ പ്രകാരം കേസെടുക്കണമെന്നുമാണ്  ആവശ്യം. ചവിട്ടിയ ഷബീറിനെ എആര്‍ ക്യാമ്പിലേക്കു മാറ്റിയിരുന്നു.

◼️കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനു സമീപം നാടന്‍ ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഓടി രക്ഷപ്പെട്ട മൂന്നു പേരെ തുമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷന്‍ കടവ് സ്വദേശികളായ സുല്‍ഫി, സന്തോഷ്, ശാന്തിനഗര്‍ സ്വദേശി ഷാജഹാന്‍ തുടങ്ങിയവരാണ് പിടിയിലായത്.

◼️ടുണീഷ്യയില്‍നിന്നു പുറപ്പെട്ട എണ്ണക്കപ്പലില്‍നിന്നു കാണാതായ തിരുവനന്തപുരം സ്വദേശി അര്‍ജുന്‍ രവീന്ദ്രനെ കണ്ടെത്താന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ടുണീഷ്യയില്‍നിന്ന് യാത്ര തിരിച്ച എം വി എഫിഷ്യന്‍സി എന്ന കപ്പലിലെ ജീവനക്കാരനായിരുന്നു ആറ്റിങ്ങല്‍ സ്വദേശിയായ അര്‍ജുന്‍.

◼️ഗുജറാത്തിലെ നല്ല കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കിയാല്‍ എന്താണു കുഴപ്പമെന്ന് മന്ത്രി സജി ചെറിയാന്‍. എല്ലാതരത്തിലുള്ള പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രിക്കു മനസിലാക്കാനാണ് ചീഫ് സെക്രട്ടറി ഗുജറാത്ത് സന്ദര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

◼️കൊലപതാകങ്ങളെത്തുടര്‍ന്ന് പാലക്കാട് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു.

◼️പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. സാമ്പത്തിക പ്രതിസന്ധിമൂലം ട്രഷറികളില്‍ കടുത്ത നിയന്ത്രണം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ഉത്തരവ്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്കു വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളാ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു. കേസില്‍ അഭിഭാഷകരുടെ ഫീസിനത്തില്‍ 88 ലക്ഷം രൂപയാണ്  ചെലവായത്.  

◼️കേരളത്തിലെ പാര്‍ട്ടി വിഷയങ്ങളില്‍ ഇടപെടാനില്ലെന്ന് എ.കെ ആന്റണി. പഴയതുപോലെ ഓടിച്ചാടി ഒന്നിനും ഇല്ലെന്നും തരുവനന്തപുരത്തേക്കു താമസം മാറ്റിയ അദ്ദേഹം പറഞ്ഞു. സെലക്ടീവായി മാത്രമേ പരിപാടികളില്‍ പങ്കെടുക്കൂ. പാര്‍ട്ടി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും ആന്റണി വ്യക്തമാക്കി.

◼️സഹോദരങ്ങള്‍ അടക്കം പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഴുപത്താറുകാരനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന പേഴുംകവല തെക്കേല്‍ പാപ്പച്ചന്‍ എന്നു വിളിക്കുന്ന വര്‍ഗ്ഗീസ്  ആണ് പിടിയിലായത്.

◼️ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പിടിയിലായ നാലു പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. ഇഖ്ബാല്‍, മുഹമ്മദ് ബിലാല്‍, റിയാസുദ്ദീന്‍, അഷറഫ് എന്നിവരെ ഞായറാഴ്ച ഉച്ചയ്ക്ക് 12വരെയാണ് കോടതി കസ്റ്റഡിയില്‍ വിട്ടത്.

◼️ആലപ്പുഴ ചെന്നിത്തലയില്‍ ഒന്നര കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ചെറുതന വടക്കും മുറിയില്‍ മംഗലത്ത് വീട്ടില്‍ വൈശാഖ് (അഭിജിത്ത് -35), തെക്കും മുറിയില്‍ ചേനാത്ത് വീട്ടില്‍  ബെന്‍സണ്‍ തോമസ് (25) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◼️നെടുങ്കണ്ടം ജനവാസ കേന്ദ്രത്തില്‍ പുലിയോടു സാമ്യമുള്ള ജീവിയുടെ ആക്രമണം. വളര്‍ത്തു മൃഗങ്ങളെ ജീവി ആക്രമിച്ചതോടെ അണക്കര നിവാസികള്‍ ആശങ്കയിലാണ്. പൂച്ചപ്പുലി ആണെന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.

◼️ഇടുക്കി പുറ്റടിയില്‍ ഭാര്യയെ കൊലപ്പെടുത്തി പിതാവ് വീടിനു തീകൊളുത്തിയതുമൂലം ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്. പിതാവ് രവീന്ദ്രനും ഭാര്യ ഉഷയും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടിരുന്നു.

◼️വയനാട് കല്‍പ്പറ്റയില്‍ എ.ടി.എം. കൗണ്ടറിനുള്ളില്‍ അഗ്നിബാധ. ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു സംഭവം. എസ്.ബി.ഐ കല്‍പ്പറ്റ ടൗണ്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള  എ.ടി.എം.കൗണ്ടറിലാണ് തീപ്പിടിത്തമുണ്ടായത്.

◼️മധ്യപ്രദേശില്‍ പ്രതിപക്ഷ നേതൃസ്ഥാനം കമല്‍നാഥ് രാജിവച്ചു. രാജി എഐസിസി അധ്യക്ഷ സോണിയാഗാന്ധി സ്വീകരിച്ചു.

◼️കലാമേഖലയിലെ പ്രശസ്തര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ വസതികളില്‍നിന്ന് അവരെ ഒഴിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 90 കാരനായ പത്മശ്രീ പുരസ്‌കാര ജേതാവും ഒഡീസി നര്‍ത്തകനുമായ ഗുരു മായാധര്‍ റൗത്തും ഒഴിപ്പിച്ചവരില്‍ പെടുന്നു. 2014 -ല്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെന്നാണു സര്‍ക്കാര്‍ പറയുന്നത്.

◼️ഇന്തോനേഷ്യ പാമോയില്‍ കയറ്റുമതി നിരോധിച്ചതോടെ ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില വര്‍ധിക്കാന്‍ സാധ്യത. പാമോയില്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന സോപ്പ്, ഷാംപൂ മുതല്‍ നൂഡില്‍സ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റുകള്‍ തുടങ്ങിയവയുടെയും വില വര്‍ധിച്ചേക്കും.  

◼️പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ അവസാനനിമിഷംവരെ പാക് പട്ടാളത്തോടു കെഞ്ചിയെന്ന് മുന്‍ പ്രസിഡന്റ് നവാസ് ഷെരീഫിന്റെ മകളും ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് -എന്‍ വൈസ് പ്രസിഡന്റുമായ മറിയം നവാസ് ശരീഫ്. ഇമ്രാന്‍ ദുര്‍മന്ത്രവാദത്തെ പോലും ആശ്രയിച്ചു. അഴിമതിക്കേസുകളില്‍  വൈകാതെ ജയിലിലാകുമെന്നും അവര്‍ പറഞ്ഞു.

◼️റഷ്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുടിന്‍ അണ്വായുധംകൊണ്ട് നേരിടുമെന്ന് പുടിന്റെ വിശ്വസ്തയും റഷ്യയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയുമായ മാര്‍ഗരിത്ത സിമോന്യന്‍. റഷ്യന്‍ പ്രചാരണ കാമ്പെയിനുകളുടെ മേധാവിയും സര്‍ക്കാര്‍ മാധ്യമമായ ആര്‍ടിയുടെ എഡിറ്ററുമായ മാര്‍ഗരിത്ത ചാനല്‍ ചര്‍ച്ചയിലാണ് അണ്വായുധ ഭീഷണി ഉയര്‍ത്തിയത്.

◼️കുവൈറ്റില്‍ ചെറിയ പെരുന്നാളിനുമുമ്പ് വന്‍ മദ്യവേട്ട. 14,720 മദ്യക്കുപ്പികള്‍ കുവൈറ്റ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഗള്‍ഫില്‍നിന്ന് വീട്ടുപകരണങ്ങള്‍ കൊണ്ടുവരുന്ന കണ്ടെയ്‌നറില്‍ ഒളിപ്പിച്ചാണ് മദ്യം കടത്തിയത്. 10 ലക്ഷം കുവൈറ്റ് ദിനാര്‍ വിലവരുന്ന മദ്യമാണ് പിടികൂടിയത്.

◼️തൊഴിലുടമകളില്‍നിന്ന് ഒളിച്ചോടിയ 948 വീട്ടുജോലിക്കാര്‍ ദുബൈയില്‍ അറസ്റ്റില്‍. വിവിധ രാജ്യക്കാരായ ഇവരെ അനധികൃത റിക്രൂട്ട്‌മെന്റുകള്‍ കണ്ടെത്താനുള്ള ക്യാമ്പയിനിന്റെ ഭാഗമായാണ് പിടികൂടിയത്.

◼️മദീന പള്ളിയിലെ പ്രവാചകന്റെ ഖബറിടം സന്ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. റംസാന്‍ 27 മുതല്‍ ശവ്വാല്‍ രണ്ട് വരെയുള്ള ദിവസങ്ങളിലാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

◼️മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഗോള്‍മഴ കണ്ട ആദ്യ സെമിയില്‍ കര്‍ണാടകയെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. 10 ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരേ ഏഴു ഗോളുകള്‍ക്കാണ് കേരളം കര്‍ണാടകയെ തകര്‍ത്തു വിട്ടത്. 30ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജെസിന്‍ ആണ് കേരളത്തിനു വേണ്ടി അഞ്ചു ഗോളുകള്‍ നേടിയത്. 15-ാമത് തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ കളിക്കുന്നത്.

◼️നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് സ്പിന്‍ കെണി തീര്‍ത്ത ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നാല് വിക്കറ്റിന് വീഴ്ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. കൊല്‍ക്കത്ത മുന്നോട്ടുവെച്ച 147 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടി. 16 പന്തില്‍ 33 റണ്‍സ് നേടിയ റോവ്മാന്‍ പവലിന്റെ ഫിനിഷിംഗ് മികവിലാണ് ഡല്‍ഹിയുടെ വിജയം.

◼️ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്മന്റ് സേവനത്തില്‍ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കാഷ് ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്. കൂടുതല്‍ ഇന്ത്യാക്കാരെ തങ്ങളുടെ പേമെന്റ് സംവിധാനത്തിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.  മെയ് അവസാന വാരത്തോടെ വാട്‌സ്ആപ്പ് ക്യാഷ്ബാക്ക് അവതരിപ്പിക്കും. ഇടപാടുകള്‍ക്ക് 33 രൂപ വരെ തിരികെ കിട്ടുന്ന നിലയിലായിരിക്കും സംവിധാനം. വാട്ടസ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവര്‍ക്ക് 11 രൂപ കാഷ് ബാക്ക് നല്‍കുന്ന ഓഫര്‍ നിലവില്‍ വന്നതായി കമ്പനി അറിയിച്ചു. വാട്‌സ്ആപ്പ് വഴി വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് അയക്കുന്ന സാമ്പത്തിക ഇടപാടുകള്‍ക്കായിരിക്കും ക്യാഷ്ബാക്ക് ലഭിക്കുക. ഒരു ഉപയോക്താവിന് മൂന്നു തവണ കാഷ് ബാക്ക് ഓഫറില്‍ പണം ലഭിക്കും.

◼️ഇന്ത്യയിലെ സിമന്റ് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങി ഗൗതം അദാനി. ഇതിനായി സ്വിറ്റ്‌സര്‍ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹോല്‍സിമുമായി അദാനി ഗ്രൂപ്പ് ചര്‍ച്ചയാരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ സിമന്റ് കമ്പനികളായ എസിസി, അംബുജ സിമന്റ് എന്നിവയില്‍ ഹോല്‍സിമിന് ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികള്‍ വാങ്ങാനാണ് അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നത്. എസിസിക്കും അംബുജ സിമന്റിനും കൂടി ഇന്ത്യയില്‍ 20 നിര്‍മ്മാണശാലകളുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ അള്‍ട്രാടെകാണ് 117 മില്യണ്‍ ടണ്ണോടെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്. അതേസമയം, ഹോല്‍സിമുമായുള്ള ഇടപാടിന് അള്‍ട്രാടെകും താല്‍പര്യം പ്രകടിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

◼️ലോകസിനിമാ ചരിത്രത്തില്‍ അത്ഭുതം സൃഷ്ട്ടിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകര്‍. ഈ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഈ വര്‍ഷം ഡിസംബര്‍ 16-ന് ചിത്രം തിയേറ്ററുകളിലെത്തും. 'അവതാര്‍- ദ വേ ഓഫ് വാട്ടര്‍' എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയിലര്‍ ഡോക്ടര്‍ സ്ട്രെയിഞ്ച് ഇന്‍ ദ മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രത്തിനൊപ്പം മേയ് ആറിന് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് വിവരം.

◼️റിലീസിന് തയ്യാറായിരിക്കുന്ന ആമിര്‍ ഖാന്‍ നായകനായ ചിത്രം 'ലാല്‍ സിംഗ് ഛദ്ദ'യിലെ ഒരു ഗാനം പുറത്തുവിട്ടിു. 'കഹാനി' എന്ന ഗാനമാണ് ചിത്രത്തിന്റേതാതായി പുറത്തുവിട്ടിരിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. കരീന കപൂറാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ആമിര്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ടോം ഹാങ്ക്സിന്റെ 'ഫോറസ്റ്റ് ഗംപ്' എന്ന സിനിമയുടെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ധ. ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക.

◼️നിരവധി പുതിയ മോഡലുകളുടെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്‌സ്. ഈ വര്‍ഷം അവസാനത്തോടെ അവ നിരത്തിലിറങ്ങും. ഇതുകൂടാതെ, വിപണി ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന പുതിയ എസ്യുവികളുടെയും ഇവികളുടെയും ഒരു ശ്രേണി കമ്പനി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ടാറ്റ നെക്‌സോണ്‍ ഇവി ലോഞ്ച് ചെയ്തത് മുതല്‍ മികച്ച വില്‍പ്പനയാണ് നേടുന്നത്.  ടാറ്റ ടിയാഗോ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പും കാര്‍ നിര്‍മ്മാതാവ് വരും മാസങ്ങളില്‍ കൊണ്ടുവരും. ടാറ്റ അള്‍ട്രോസ് ഇവി അടുത്തിടെ കണ്ടതും മോഡല്‍ ലോഞ്ചിന് തയ്യാറാണെന്ന് സൂചന നല്‍കുന്നു.

◼️നല്ല നിലാവുള്ള ദിവസം. നേരം പാതിരാവ് കഴിഞ്ഞിട്ടുണ്ട്. ചങ്ങലയുടെ താളത്തിലുള്ള കിലുക്കം കേട്ടു. വഴിയരികില്‍ താമസിക്കുന്നവര്‍ ഉറക്കം വിട്ടെഴുന്നേറ്റ് ആനവരവ് കാണാന്‍ പുറത്തേക്കിറങ്ങി. ചങ്ങലയുടെ കിലുക്കം കൂടുതല്‍ അടുത്തായി. വലിയ കൊമ്പനും ചെറിയ കൊമ്പനും തിടുക്കത്തില്‍ കയറ്റം കയറിവരുന്നുണ്ട്. 'ചങ്ങല'. കെ ആര്‍ വിശ്വനാഥന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 157 രൂപ.

◼️വേനല്‍ക്കാലത്ത് മൈഗ്രേന്‍ പ്രശ്നങ്ങള്‍ വര്‍ധിക്കാറുണ്ടെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കത്തുന്ന വെയിലില്‍ മൈഗ്രേന്‍ ഒഴിവാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. പുറത്തു പോകുമ്പോള്‍  ഒരു കുപ്പി വെള്ളം എപ്പോഴും കൊണ്ടു നടക്കുക. കൂടുതല്‍ വെള്ളം കുടിക്കാന്‍ കഴിയാത്ത ചില ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ രണ്ടര മൂന്ന് ലീറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കാന്‍ ശ്രദ്ധിക്കണം.  കാപ്പി, റെഡ് വൈന്‍, ചോക്ലേറ്റ്, ചീസ് എന്നിവയ്ക്കെല്ലാം പകരം വേനലില്‍ മാങ്ങ, തണ്ണീര്‍മത്തന്‍, വെള്ളരി, ഇലക്കറികള്‍ പോലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കണം. മൈഗ്രേന്‍ ട്രിഗര്‍ ചെയ്യുന്ന തരം ഭക്ഷണങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. പുറത്ത് വെയിലില്‍ ഇറങ്ങുമ്പോള്‍  തൊപ്പിയും സണ്‍ ഗ്ലാസുമൊക്കെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. തീക്ഷ്ണമായ വെളിച്ചം മൈഗ്രേന്‍ ട്രിഗര്‍ ചെയ്യും.  എസി ഉണ്ടെന്ന് കരുതി വളരെ താഴ്ന്ന താപനിലയില്‍ അകത്തിരിക്കുന്നത് ഗുണം ചെയ്യില്ല. 25 മുതല്‍ 27 ഡിഗ്രിയില്‍ താപനില നിലനിര്‍ത്തുന്നതാണ് മനുഷ്യശരീരത്തിന് നല്ലത്. ഉറക്കത്തിന്റെയും ഭക്ഷണസമയത്തിന്റെയും കാര്യത്തില്‍ കര്‍ശനമായ ചിട്ട പുലര്‍ത്തണം.  വേനലാണ് എന്ന ബോധ്യം പുറത്തിറങ്ങുമ്പോള്‍  വേണം. കഴിവതും വ്യായാമവും പുറത്തിറങ്ങിയുള്ള പ്രവൃത്തികളും രാവിലെയോ വൈകുന്നേരമോ ചെയ്യുക. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. ജോലി ലഘൂകരിച്ചും സമയം ബുദ്ധിപൂര്‍വം വിനിയോഗിച്ചും  കൂടുതല്‍ വരുന്ന ജോലികള്‍ വീതിച്ച് നല്‍കിയും അമിതമായ ജോലിഭാരം വരുമ്പോള്‍  ഇടയ്ക്കൊരു ബ്രേക്ക് എടുത്തും സ്വയം കുറച്ച് സമയം മാറ്റി വച്ച് വിശ്രമിച്ചും സമ്മര്‍ദത്തെ നിയന്ത്രണത്തില്‍ നിര്‍ത്തണം. അമിതമായ സമ്മര്‍ദം മൈഗ്രേന്‍ ട്രിഗര്‍ ചെയ്യും. മൈഗ്രേന്‍ തലവേദന ആക്രമിക്കുന്ന സമയത്ത് ശാന്തവും ഇരുട്ടുള്ളതുമായ ഒരു സ്ഥലത്ത് പോയി വിശ്രമിക്കുക. ആവശ്യത്തിന് വെള്ളം കുടിച്ചു കൊണ്ടിരിക്കുകയും തലയില്‍ ഐസ് വയ്ക്കുകയും ചെയ്യാം. ഇതിനൊപ്പം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും കഴിക്കേണ്ടതാണ്.

*ശുഭദിനം*

മരണത്തിന് വിധിക്കപ്പെട്ട് സോക്രട്ടീസ് ജയിലില്‍ കഴിയുകയാണ്. ഒരുദിവസം സഹതടവുകാരന്‍ മനോഹരമായ ഒരുപാട്ട് പാടുന്നത് കേട്ടു.  തന്നെയും ആ പാട്ട് പഠിപ്പിക്കാമോ എന്ന് സോക്രട്ടീസ് അയാളോട് ചോദിച്ചു.  ഇത് കേട്ട് ആ തടവുകാരന് ആശ്ചര്യമായി.  മരിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുളളപ്പോഴും പാട്ട് പഠിക്കുവാനുള്ള ആഗ്രഹം.. അത് കേട്ടപ്പോള്‍ സോക്രട്ടീസ് ഇങ്ങനെ പറഞ്ഞു:  മരിക്കുന്നതിന് മുമ്പ് ഒരു കാര്യം കൂടി പഠിക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും സന്തുഷ്ടനാകും.  മുതിര്‍ന്നവരെ മാതൃകയാക്കാനും  അവരേപ്പോലെയാകാനുമാണ് നാം കുട്ടികളെ ഉപദേശിക്കാറ്.  എന്നാല്‍ മുതിര്‍ന്നവര്‍ റോള്‍മോഡല്‍ ആക്കേണ്ടത് കുട്ടികളെയാണ്.  മുതിരുമ്പോള്‍ നമ്മളെ അശുദ്ധമാക്കുന്നത് ഹൃദയത്തില്‍ നിന്നും ഉയരുന്ന ചിന്തകളും നിരൂപണങ്ങളുമാണ്.  കുട്ടികളായിരിക്കുമ്പോള്‍ അവര്‍ കൂട്ടുകാരുമായി വഴക്കിടും പക്ഷേ, പിറ്റേദിവസം അവര്‍ വീണ്ടും ചങ്ങാതികളാകും.  വൈരാഗ്യവും വിദ്വേഷവും വച്ചുകൊണ്ടിരിക്കുകയില്ല, വേഗം അനുരഞ്ജനപ്പെടും.   നമ്മള്‍ മുതിരുമ്പോഴും പാഠമാക്കേണ്ടത് ഇതുതന്നെയാണ്.  നമുക്കും കുട്ടികളെപ്പോലെയാകാന്‍ ശ്രമിക്കാം - *ശുഭദിനം.*  
M16 News