*മീഡിയ16*പ്രധാന വാർത്തകൾ* 2022 | ഏപ്രിൽ 28 | വ്യാഴം*

◼️ *ഇന്ധനവില കുറയ്ക്കാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.* കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേരെടുത്തു പറഞ്ഞാണ് നരേന്ദ്ര മോദി വിമര്‍ശിച്ചത്. തമിഴ്നാട്, ബംഗാള്‍, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന തുടങ്ങി പ്രതിപക്ഷകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ലെന്നു മോദി കുറ്റപ്പെടുത്തിയത് മുഖ്യമന്ത്രിമാരുമായുള്ള കൊവിഡ് അവലോകന യോഗത്തിലാണ്.  

◼️ *കേരളം ആറു വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍*. കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തോടു  പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ദിവസവും വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണെന്ന് ധനമന്ത്രി പറഞ്ഞു.

◼️ *ബ്രിട്ടന്റെ സൈനിക കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി.* യുക്രൈന് സാമ്പത്തിക - സൈനിക സഹായം നല്‍കുന്നതില്‍ ബ്രിട്ടനാണു മുന്നിലെന്ന് റഷ്യ ആരോപിച്ചു. യുക്രൈന് ആയുധം നല്‍കുന്ന നാറ്റോ രാജ്യങ്ങള്‍ക്കെതിരെയും ആക്രമണത്തിന് അനുമതി നല്‍കുമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു.

◼️ *ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ മേയ് നാലിന് യോഗം വിളിച്ചു*. സാംസ്‌ക്കാരിക മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് യോഗം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ള്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയിലെ സംഘടനകളെ യോഗത്തിലേക്കു വിളിച്ചിട്ടുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ചു രണ്ടു വര്‍ഷംമുമ്പു നല്‍കിയ റിപ്പോര്‍ട്ടാണ് ചര്‍ച്ചയ്ക്കെടുക്കുന്നത്.

◼️ *ഭരണം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഗുജറാത്തിലേക്കു പോകുന്നതു വിവാദമായി.* ഇ ഗവേണന്‍സ് ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംഘത്തെ ഗുജറാത്തിലേക്ക് അയക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. തീവ്രഹിന്ദുത്വ നിലപാടുകളും ന്യൂനപക്ഷങ്ങളുടെ രക്തച്ചൊരിച്ചിലും നടന്ന ഗുജറാത്തില്‍നിന്നുള്ള മാതൃകകള്‍ കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കമാണോയെന്ന് അദ്ദേഹം ചോദിച്ചു.

◼️കോഴിക്കോട് ചെറുവണ്ണൂരില്‍ പോക്സോ കേസിലെ പ്രതി ജിഷ്ണു മരിച്ചത് മര്‍ദനമേറ്റാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. തലയ്ക്കും വാരിയെല്ലിനും പരിക്കുണ്ട്. വീഴ്ചയുടെ ആഘാതത്തിലാണോ പരിക്കേറ്റതെന്നു കണ്ടെത്താന്‍  ജിഷ്ണു വീണുകിടന്ന സ്ഥലം ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം ഇന്നു പരിശോധിക്കും. ജീഷ്ണുവിനെ തേടി പൊലീസ് വീട്ടില്‍ എത്തിയതിനു പിന്നാലെയാണ് മരിച്ച നിലയില്‍ കണ്ടത്.

◼️സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ വേതനഘടനക്കു പൊതുമാനദണ്ഡം തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റി രൂപീകരിച്ചു. കെഎസ്ഇബിയില്‍ സര്‍ക്കാര്‍ സര്‍വീസിലെ സമാന തസ്തികയേക്കാള്‍ ഇരട്ടി ശമ്പളം നല്‍കുന്നത് വിവാദമായിരിക്കേയാണ് ഈ നടപടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സര്‍ക്കാരിന്റെ അനുമതിയില്ലാതെ ആയിരം കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുന്ന ശമ്പള പരിഷ്‌കരണം കെഎസ്ഇബിയില്‍ നടപ്പാക്കിയത്.

◼️നടിയെ ആക്രമിച്ച കേസില്‍ തിരുവനന്തപുരം ലത്തീന്‍ രൂപതയിലെ വൈദികനായ വിക്ടറിന്റെ മൊഴിയെടുത്തു. വൈദികന്റെ അക്കൗണ്ടിലേക്കു ദിലീപ് പണം നല്‍കിയതിനെക്കുറിച്ചും  ചോദ്യം ചെയ്തു. ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാറിനൊപ്പം പോയിരുന്നതായും വിക്ടര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി.

◼️ഒറ്റപ്പാലത്ത് എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 65 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. 72 വയസുള്ള മുളത്തൂര്‍ സ്വദേശി അപ്പുവിനെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം. പ്രതി അടയ്ക്കുന്ന പിഴസഖ്യ അതിജീവിതയ്ക്കു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതിനാല്‍ ഇരുപതു കൊല്ലം ജയിലില്‍ കിടന്നാല്‍ മതിയാവും.

◼️അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ചാവക്കാട് സ്വദേശി 47 കാരനായ സെയ്ദ് മുഹമ്മദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്. 2017 ഫെബ്രുവരി മാസത്തില്‍ കൂട്ടുകാരോടൊപ്പം വീട്ടില്‍ കളിക്കാന്‍ വന്ന അയല്‍വീട്ടിലെ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.

◼️എംബിബിഎസ് ഒന്നാംവര്‍ഷ പരീക്ഷയിലെ കൂട്ടത്തോല്‍വി പഠിക്കാന്‍ ആരോഗ്യസര്‍വ്വകലാശാല. പരീക്ഷ എഴുതിയ പകുതിപ്പേരും തോറ്റ മൂന്നു മെഡിക്കല്‍ കോളജുകളിലാണ് കമ്മീഷനെ അയച്ച് അന്വേഷണം നടത്തുന്നത്. തൊടുപുഴ കുമാരമംഗലം അല്‍ അസ്ഹര്‍, അടൂര്‍ മൗണ്ട്സയന്‍, പാലക്കാട് പി കെ ദാസ് കോളേജുകളിലേക്കാണ് ആരോഗ്യസര്‍വ്വകലാശാല കമ്മിഷനെ അയയ്ക്കുന്നത്.

◼️ദേശീയരാഷ്ട്രീയത്തില്‍നിന്നും ഒഴിയുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി അനുവദിക്കുന്ന കാലം വരെ തിരുവനന്തപുരത്ത് കെപിസിസി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. എ.കെ.ആന്റണി പറഞ്ഞു ഡല്‍ഹിയിലെ സ്ഥിരതാമസം അവസാനിപ്പിച്ച് അദ്ദേഹം ഇന്നു കേരളത്തിലേക്കു മടങ്ങിയെത്തും.

◼️കോണ്‍ഗ്രസിന്റെ ഭീകരമായ തകര്‍ച്ചയ്ക്ക് സാക്ഷിയായ നേതാവാണ് എകെ ആന്റണിയെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍. പ്രശാന്ത് കിഷോറിനെ സംബന്ധിച്ചുള്ള തര്‍ക്കം പോലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തകര്‍ച്ചയുടെ ഉദാഹരണമാണ്. ബിജെപിയെ പ്രതിരോധിക്കാനുള്ള ശക്തി കോണ്‍ഗ്രസാണെന്ന് അനുഭവം തെളിയിക്കുന്നില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

◼️സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പോയി പാര്‍ട്ടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയ കണ്ണൂര്‍ സര്‍വ്വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റിനെതിരേ നടപടി ആവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ഗവര്‍ണര്‍ക്കു പരാതി നല്‍കി. സര്‍വ്വകലാശാലയില്‍ പാര്‍ട്ടി ഭരണമാണ്. ഇത് സര്‍വ്വകലാശാലയുടെ വിശ്വാസ്യത തകര്‍ക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

◼️ആലപ്പുഴ ആര്‍ടി ഓഫിസില്‍ സ്വകാര്യ ബസ് ഉടമ കൈമുറിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ ഉടമയാണ് ബ്ലേഡ് കൊണ്ട് കൈകീറിയത്. ഇയാളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സമയം തെറ്റിച്ച് ബസ് ഓടിക്കുന്നതിനാല്‍ മറ്റു ബസുകാരുടെ പരാതിയില്‍ നടപടിയെടുത്തതിനാണ് ആത്മഹത്യാശ്രമം.

◼️മലപ്പുറം വഴിക്കടവില്‍ ലൈഫ് പദ്ധതിയില്‍ വീടു വയ്ക്കാന്‍ മണ്ണു നീക്കിയതിനെതിരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്ത് പിഴയിട്ടു. ഇതോടെ മൂന്ന് നിര്‍ധന കുടുംബങ്ങളുടെ വീട് നിര്‍മ്മാണം മുടങ്ങി. അഞ്ചുസെന്റ് സ്ഥലത്ത് പാത്തുമ്മ, ഷീല, നസീറ ബീവി എന്നീ മൂന്നു കുടുംബങ്ങളുടെ ലൈഫ് വീടുപണിയാണ് ഉദ്യോഗസ്ഥരുടെ നടപടികളിലൂടെ അവതാളത്തിലാക്കിയത്.

◼️കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലഹരി വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടു പേരെ പിടികൂടി. നിലമ്പൂര്‍ മുണ്ടേരി ചന്ദ്രഭവനത്തില്‍ ജിഷ്ണുദാസ് (28), വേങ്ങര വാക്യാത്തൊടി സല്‍മാന്‍ ഫാരിസ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

◼️കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗല്ലെ വൈറസ് രോഗബാധ. പുതിയാപ്പ എരഞ്ഞിക്കലിലെ ഏഴു വയസുള്ള പെണ്‍കുട്ടിക്കാണ് രോഗം കണ്ടെത്തിയത്. കുട്ടിക്ക് നിലവില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

◼️സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം, ബൈക്കിലെ മത്സര ഓട്ടം എന്നിവയ്ക്കെതിരെ പരാതി നല്‍കിയ വര്‍ക്കല ചെമ്മരുതി സ്വദേശി അനുവിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ഒരു വിദ്യാര്‍ത്ഥി അറസ്റ്റില്‍.  വര്‍ക്കല സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ജോബിനാണ് പിടിയിലായത്. ആരോമല്‍, ജ്യോതിഷ്, കണ്ണന്‍ എന്നിവരെകൂടി പിടികൂടുമെന്ന് അയിരൂര്‍ പൊലീസ് പറഞ്ഞു.

◼️വിവിധ തസ്തികകളിലേക്കു നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനങ്ങള്‍ പിഎസ് സി ഉടനേ പുറത്തിറക്കും. ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ പോലീസ് കോണ്‍സ്റ്റബിള്‍, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനിയര്‍ എന്നിവ ഉള്‍പ്പെടെ 40 തസ്തികകളിലേക്കാണ് പുതിയ വിജ്ഞാപനം വരുന്നത്. ജ്യോഗ്രഫി, സംസ്‌കൃതം വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, വിവിധ ജില്ലകളില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ തുടങ്ങിയവയ്ക്കും വിജ്ഞാപനങ്ങളുണ്ട്. ആദ്യ ഘട്ടം മേയ് മൂന്നിനും രണ്ടാമത്തേത് മേയ് നാലിനും അവസാനത്തേത് മേയ് 16-നുമുള്ള ഗസറ്റുകളില്‍ പ്രസിദ്ധീകരിക്കും.

◼️രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളന്റെ ദയാഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നു സുപ്രീംകോടതി.. അല്ലെങ്കില്‍ സുപ്രീം കോടതി  മോചന ഉത്തരവ് പുറത്തിറക്കുമെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ മൂന്നര വര്‍ഷത്തിലധികം കൈവശം വെച്ചതിനെയും കോടതി വിമര്‍ശിച്ചു.

◼️മന്ത്രിമാര്‍, മന്ത്രിമാരുടെ ബന്ധുക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരോട് മൂന്നു മാസത്തിനുള്ളില്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും സ്വത്തുവിവരം നല്‍കണം. പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്തി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

◼️ഇലക്ട്രോണിക് വാഹന രംഗത്തെ അതികായരായ ടെസ്ലയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അതിസമ്പന്നരില്‍ ഒന്നാമനായ ഇലോണ്‍ മസ്‌കിന്റെ കമ്പനിയാണു ടെസ്ല. ഇന്ത്യയില്‍ ടെസ്ലയുടെ നിര്‍മാണ പ്ലാന്റ് തുടങ്ങാനാണ് ആവശ്യപ്പെട്ടത്. ചൈനയില്‍ വാഹനം നിര്‍മ്മിച്ച് ഇന്ത്യയില്‍ വില്‍ക്കാനാണ് നീക്കമെങ്കില്‍ ഗുണം ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

◼️ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതി വിഹിതം 1,435 കോടി രൂപയില്‍ നിന്ന് 2,255 കോടി രൂപയായി വര്‍ധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണു തീരുമാനമെടുത്തത്. നിയമപരമായ ആവശ്യകതകള്‍ക്കും സാങ്കേതിക നവീകരണത്തിനുമായി 500 കോടി രൂപ കൂടി ഭാവിയില്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിനു നല്‍കാനും തീരുമാനിച്ചു.

◼️എയര്‍ ഏഷ്യയെ എയര്‍ ഇന്ത്യയില്‍ ലയിപ്പിക്കും. പ്രവര്‍ത്തന ചെലവ് ചുരുക്കാനാണ് ഈ നീക്കം. ഏറ്റെടുക്കലിന് അനുമതി തേടി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. എയര്‍ ഏഷ്യയുടെ  84 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ ഉടമകളായ ടാറ്റ ഗ്രൂപ്പിനാണ്.

◼️മദ്യക്കുപ്പികള്‍ തിരികെ നല്‍കിയാല്‍ 10 രൂപ ഡിസ്‌കൗണ്ട് നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. നീലഗിരിയിലെ കാടുകളില്‍ കുപ്പികളെറിഞ്ഞ് ചില്ലു കാലില്‍ കയറി വന്യമൃഗങ്ങള്‍ക്കു ഗുരതര പരിക്കേല്‍ക്കുന്നതു തടയാന്‍ ഈ മേഖലയിലെ മദ്യവില്‍പനയ്ക്കാണ് ഈ നിയന്ത്രണം. നീലഗിരിയില്‍ വില്‍ക്കുന്ന മദ്യക്കുപ്പികള്‍ക്കു പ്രത്യേക മുദ്ര പതിപ്പിക്കണം. കുപ്പികള്‍ തിരിച്ചുനല്‍കിയാല്‍ പത്ത് രൂപ കിഴിവ് നല്‍കണം.

◼️തെലുങ്കാനയിലെ ടിആര്‍എസ്സിനെ ഭാരതീയ രാഷ്ട്ര സമിതിയാക്കി മാറ്റി ദേശീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്ത് ശക്തമായൊരു ദേശീയ പാര്‍ട്ടി ആവശ്യമാണന്ന് കെസിആര്‍ ചൂണ്ടികാട്ടി. ഡല്‍ഹിയില്‍ പുതിയ ഓഫീസ് തുറക്കുമെന്നും കെസിആര്‍ പറഞ്ഞു.

◼️മ്യാന്മറില്‍ സൈനിക ഭരണകൂടം അധികാരത്തില്‍ നിന്ന് പുറന്തള്ളി ജയിലിലടച്ച ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിക്ക് അഴിമതിക്കേസില്‍ അഞ്ചു വര്‍ഷം തടവ്. തലസ്ഥാനമായ നായ് പി തോയിലെ പട്ടാള കോടതിയാണ് രഹസ്യവിചാരണക്കൊടുവില്‍ ശിക്ഷ വിധിച്ചത്. നിലവില്‍ രണ്ട് കേസുകളിലായി ആറു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്യൂചി ഇതോടെ 11 വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും. സ്യൂചിക്കെതിരായി 10 അഴിമതി കേസുകളാണുള്ളത്. ഇതില്‍ ആദ്യത്തേതിലാണ് സൈനിക കോടതി വിധി പ്രസ്താവിച്ചത്.

◼️ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി അടുത്ത മാസം അടച്ചിടും. മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് അടച്ചിടുന്നത്. ഇക്കാലയളവില്‍ ആയിരത്തോളം വിമാന സര്‍വീസുകള്‍ ദുബൈയിലെ രണ്ടാം വിമാനത്താവളമായ ദുബൈ വേള്‍ഡ് സെന്‍ട്രലിലേക്കു മാറ്റും.

◼️ബ്രിട്ടനില്‍ മൂന്നു മന്ത്രിമാര്‍ ഉള്‍പ്പെടെ 56 എംപിമാര്‍ ലൈംഗികാതിക്രമം നടത്തിയവരാണെന്നു റിപ്പോര്‍ട്ട്.  ഇന്‍ഡിപെന്‍ഡന്റ് കംപ്ലയിന്റ്സ് ആന്‍ഡ് ഗ്രീവന്‍സ് സ്‌കീമിനു കീഴിലാണ് 56 എംപിമാരുടെ പേരുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ മൂന്ന് മന്ത്രിമാരും ഉള്‍പ്പെടുന്നുവെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

◼️പൈലറ്റ് കോക്പിറ്റിലിരുന്ന് സിഗരറ്റിനു തീ കൊളുത്തിയതാണ് 2016 ലെ ഈജിപ്ത് വിമാനദുരന്തത്തിനു കാരണമെന്ന് റിപ്പോര്‍ട്ട്. വിമാനത്തിലെ 66 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. ഓക്സിജന്‍ മാസ്‌കില്‍നിന്നു ചോര്‍ന്നു വന്നിരുന്ന ഓക്സിജനിലേക്കു പെട്ടെന്നു തീ പടര്‍ന്നെന്നാണ് ഫ്രഞ്ച് വ്യോമയാന വിദഗ്ധരുടെ റിപ്പോര്‍ട്ട് പറയുന്നത്.  

◼️പാകിസ്ഥാന്റെ വിദേശകാര്യമന്ത്രിയായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും ആസിഫ് അലി സര്‍ദാരിയുടെയും മകനാണ് 33 കാരനായ ബിലാവല്‍. സഖ്യസര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് ബിലാവലിന്റെ പിപിപി.

◼️കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ഗെയിംസ് മെയ് ഒന്നു മുതല്‍ 10 വരെ. 14 ജില്ലകളില്‍ നിന്നായി 7000 കായികതാരങ്ങള്‍ പങ്കെടുക്കും. ടോക്കിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പ്രശസ്തി പത്രവും സമ്മാനിക്കും. ഒളിമ്പിക് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ 2020 ലെ ലൈഫ് ടൈം സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് അവാര്‍ഡ് ബോക്‌സര്‍ മേരി കോമിന് സമ്മാനിക്കും. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

◼️ഐപിഎല്ലില്‍ ഉമ്രാന്‍ മാലിക്കിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിനു മുന്നില്‍ മുട്ടുമടക്കാതെ പൊരുതിയ രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും ചേര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സിന് സമ്മാനിച്ചത് അവിശ്വസനീയ വിജയം. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് അവസാന പന്തിലാണ് ജയത്തിലെത്തിയത്. 25 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഉമ്രാന്റെ പേസിന് മുന്നില്‍ തോല്‍വി ഉറപ്പിച്ചിടത്തുനിന്നാണ് അവസാന ഓവറില്‍ വേണ്ടിയിരുന്ന 22 റണ്‍സ് അടിച്ചെടുത്ത് തെവാട്ടിയയും റാഷിദും ചേര്‍ന്ന് ഗുജറാത്തിനെ ജയത്തിലേക്ക് നയിച്ചത്. ജയത്തോടെ ഗുജറാത്ത് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്തായി.

◼️അബുദാബിയിലെ റുവായിസില്‍ ആരംഭിക്കുന്ന രാസവസ്തു നിര്‍മാണ പ്രോജക്ടില്‍ നിക്ഷേപത്തിനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അബുദാബി കെമിക്കല്‍സ് ഡെറിവേറ്റീവ്സ് കമ്പനി ആര്‍ എസ് സിയുമായി ഇതു സംബന്ധിച്ച ഷെയര്‍ ഹോള്‍ഡര്‍ എഗ്രിമെന്റ് റിലയന്‍സ് ഒപ്പ് വെച്ചു. ഏകദേശം 2 ബില്യണ്‍ ഡോളറായിരിക്കും റിലയന്‍സ് പ്രോജക്ടിനായി നിക്ഷേപിക്കുക.

◼️പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 418 കോടി രൂപ നേടി കാമ്പസ് ആക്ടീവ് വെയര്‍. സ്പോര്‍ട്സ് ഫൂട് വെയര്‍ കമ്പനിയാണ് കാമ്പസ് ആക്ടീവ് വെയര്‍. ഓഹരി ഒന്നിന് 292 രൂപ വീതം മൊത്തം 14,325,000 ഓഹരികള്‍ ആങ്കര്‍ നിക്ഷേപകര്‍ക്ക്  നല്‍കി. ഇതിലൂടെ 418.29 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.നിലവില്‍, പ്രൊമോട്ടര്‍മാര്‍ക്ക് കമ്പനിയില്‍ 78.21 ശതമാനം ഓഹരിയുണ്ട്. ടിപിജി വളര്‍ച്ചയ്ക്കും ക്യുആര്‍ജി എന്റര്‍പ്രൈസസിനും യഥാക്രമം 17.19 ശതമാനം 3.86 ശതമാനം എന്നിങ്ങനെയാണ് ഓഹരിയാണുള്ളത്.