*മീഡിയ16 *പ്രഭാത വാർത്തകൾ*2022 | ഏപ്രിൽ 27 | ബുധൻ *

◼️നാളെ നടക്കേണ്ട കെ റെയില്‍ സംവാദം പാളംതെറ്റി. പദ്ധതിക്കെതിരേ ചോദ്യങ്ങള്‍ ഉന്നയിച്ച വിദഗ്ധരായ അലോക് വര്‍മ്മയും ശ്രീധര്‍ രാധാകൃഷ്ണനും സംവാദത്തില്‍ നിന്ന് പിന്മാറി. സര്‍ക്കാറിനു പകരം കെ റെയിലാണ് സംവാദം സംഘടിപ്പിക്കുന്നത്. കെ റെയിലിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനുള്ള സംവാദമെന്നാണു ക്ഷണക്കത്തിലെ വിശേഷണം. ഇതില്‍ പ്രതിഷേധിച്ചാണ് ഇരുവരും പിന്മാറിയത്. ഇവര്‍ക്കു പകരക്കാരെ നിയോഗിക്കാതെ സംവാദം നടത്താനാണ് കെ റെയിലിന്റെ തീരുമാനം. ഇതോടെ കെ റെയിലിനെ എതിര്‍ക്കുന്നവരുടെ പാനലില്‍ ആര്‍വിജി മേനോന്‍ മാത്രമേ ഉണ്ടാകൂ.

◼️കെഎസ്ഇബിയിലെ സമരത്തിനെതിരേ ആവശ്യമെങ്കില്‍ എസ്മ പ്രയോഗിക്കാമെന്ന് കേരള ഹൈക്കോടതി. കെഎസ്ഇബിയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന ഘട്ടം തടയാന്‍ ബോര്‍ഡിന് ഉത്തരവാദിത്വമുണ്ട്. സമരം ചോദ്യം ചെയ്തുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

◼️തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള ക്ഷണം പ്രശാന്ത് കിഷോര്‍ നിരസിച്ചതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. കൃത്യമായ ചുമതലകളോടെ പാര്‍ട്ടിയില്‍ ചേരണമെന്നായിരുന്നു ക്ഷണം. അദ്ദേഹത്തിന്റെ സഹകരണത്തിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും നന്ദിയെന്നു രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു. കൂട്ടായ നേതൃത്വമാണു കോണ്‍ഗ്രസിനു വേണ്ടതെന്ന് പ്രശാന്ത് കിഷോര്‍ പ്രതികരിച്ചു.

◼️വിലക്കു ലംഘിച്ച് സിപിഎം പരിപാടിയില്‍ പങ്കെടുത്ത പ്രഫ. കെ.വി തോമസിനെ കോണ്‍ഗ്രസ് പദവികളില്‍നിന്ന് നീക്കി. രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും കെപിസിസി എക്സ്യൂക്യൂട്ടീവില്‍നിന്നും കെ.വി തോമസ് പുറത്തായി. എന്നാല്‍ എഐസിസി അംഗത്വം തുടരും. അച്ചടക്ക സമിതിയുടെ ശുപാര്‍ശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി അംഗീകരിച്ചു.  

◼️പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി വിളിച്ചുകൂട്ടുന്ന കൊവിഡ് അവലോകന യോഗം ഇന്ന്. മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. ഉച്ചയ്ക്കു 12 നാണ് യോഗം. രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ വിഷയാവതരണം നടത്തും.

◼️കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനു സ്ഥലം ഏറ്റടുക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ ഭൂവുടമകള്‍ തടഞ്ഞു. ഉദ്യോഗസ്ഥര്‍ പരിശോധന നിര്‍ത്തി മടങ്ങി. റണ്‍വയുടെ കിഴക്ക്, പടിഞ്ഞാറ് വശങ്ങളിലായി പതിനെട്ടര ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് റണ്‍വേ വികസിപ്പിക്കാനാണ് തീരുമാനിച്ചത്.

◼️വിദ്യാഭ്യാസത്തില്‍ നൈപുണ്യവികസനത്തിന് പ്രാധാന്യം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാഭ്യാസമേഖലയിലും കോവിഡിനു മുമ്പുള്ള കാലം, കോവിഡാനന്തര കാലമെന്ന വിഭജനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 'അധ്യാപകസംഗമം എസ്.ആര്‍.ജി ശാക്തീകരണ'ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️സിപിഎം നേതാവ് എ.എ. റഹീം എംപിക്കെതിരേ അറസ്റ്റു വാറണ്ട്. കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗമായിരുന്നപ്പോള്‍ സ്റ്റുഡന്‍സ് സര്‍വീസസ് ഡയറക്ടറായിരുന്ന അധ്യാപികയെ തടഞ്ഞുവച്ച് വധഭീഷണി മുഴക്കിയ കേസിലെ റഹീം അടക്കമുള്ള 12 പ്രതികള്‍ക്കെതിരേയും അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

◼️കൊയിലാണ്ടി ചേലിയയില്‍ ബിജിഷ എന്ന യുവതി ആത്മഹത്യ ചെയ്തതിനു പിന്നില്‍ ഓണ്‍ലൈന്‍ റമ്മിമൂലമുള്ള കടബാധ്യതയാണെന്നു പൊലീസ്. ഒന്നേ മുക്കാല്‍ കോടി രൂപയുടെ ഇടപാടാണ് ബിജിഷയുടെ അക്കൗണ്ട് വഴി നടന്നത്. ഡിസംബര്‍ 12 നാണ് ബിജിഷയെ കൊയിലാണ്ടി ചേലിയയിലെ വീട്ടില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.

◼️കൊച്ചി തോപ്പുംപടി വാലുമ്മലില്‍ പോലീസുകാരന്റെ തലയില്‍ ഹെല്‍മെറ്റുകൊണ്ട് അടിച്ചു പരിക്കേല്‍പിച്ച ലഹരി സംഘം പിടിയിലായി. ആക്രണം നടത്തിയ ഹരിപ്പാട് സ്വദേശി രാഹുല്‍ (25), ചെറിയകടവു സ്വദേശി ജോസഫ് സനല്‍ (20) എന്നിവരാണു പിടിയിലായത്. പോലീസുകാരന്‍ അനീഷിന്റെ തലയില്‍ 12 തുന്നലിട്ടു.

◼️ഇറച്ചിവെട്ടു യന്ത്രത്തില്‍ സ്വര്‍ണം ഒളിച്ചുകടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മ്മാതാവിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. സിനിമാ നിര്‍മ്മാതാവ് സിറാജ്ജുദ്ദിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാന്റെ മകനും സിറാജുദ്ദീനും ചേര്‍ന്ന് സ്വര്‍ണം കടത്തിയെന്ന വിവരത്തെത്തുടര്‍ന്നാണ് റെയ്ഡ്. വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍.

◼️സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി പത്തുവരെയാണ് ഇടിമിന്നലിനു സാധ്യത കൂടുതല്‍.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗം ഇന്ന്. രാവിലെ പത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. വൈകുന്നേരം തൃക്കാക്കര മണ്ഡലത്തിലെ ബൂത്ത് ഭാരവാഹികളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലും സംസ്ഥാന സെക്രട്ടറി പങ്കെടുക്കും.

◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. പഠനങ്ങളില്ലാതെ പദ്ധതി നടപ്പാക്കുന്നുവെന്നാണ് വിമര്‍ശനം. മുന്നണി തീരുമാനമാണെന്നും പുനരധിവാസവും നഷ്ടപരിഹാരവും പ്രധാനമെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറുപടി നല്‍കി.

◼️കണ്ണൂരിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്‍ഷന്‍. ഫയലുകള്‍ക്കിടയില്‍നിന്ന് 15500 രൂപ വിജിലന്‍സ് പിടികൂടിയതിനെത്തുടര്‍ന്നാണ് നടപടി. മാനേജര്‍ എം ദിലീപ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കാണ് സസ്പെന്‍ഷന്‍. കള്ളു ഷാപ്പുകളുടെ ലൈസന്‍സ് പുതുക്കാന്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്.

◼️നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ളാറ്റില്‍ നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. നടിയുടേത് കള്ളപ്പരാതിയാണെന്ന് വിജയ് ബാബു ഫേസ്ബുക്കില്‍ പ്രതികരിച്ചു.

◼️പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് ആര്‍എസ്എസിനു വേണ്ടി തിരക്കഥ എഴുതുകയാണെന്ന് എസ്ഡിപിഐ. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിമാരായ കെ.കെ അബ്ദുള്‍ ജബ്ബാര്‍, പി.ആര്‍ സിയാദ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍ എന്നിവര്‍ പാലക്കാട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. സുബൈറിനെ കൊല്ലാന്‍ ഉപയോഗിച്ച നാലു വാളുകള്‍ പൊലീസ് കണ്ടെത്തിയെങ്കിലും മൂന്നു പ്രതികളെ മാത്രമേ പിടികൂടിയിട്ടുള്ളൂ. ഗൂഢാലോചനയെക്കുറിച്ച് അന്വേഷണമില്ല. അവര്‍ കുറ്റപ്പെടുത്തി.

◼️മറയൂരില്‍ ആറുവയസുകാരിയെ ഒന്നര വര്‍ഷം പീഡിപ്പിച്ച അച്ഛന്‍ റിമാന്‍ഡില്‍. പീഡിപ്പിച്ച അമ്മാവനെ പോലീസ് തെരഞ്ഞുവരികയാണ്. മൂന്നാര്‍ സ്വദേശിയായ 42 കാരനെയാണ് പിടികൂടിയത്. അച്ഛനില്‍ നിന്നുള്ള ഉപദ്രവം കൂടിയതോടെ കുട്ടിയെ അമ്മ ബാലഭവനിലാക്കിയിരുന്നു.

◼️കണ്ണൂര്‍ സര്‍വകലാശാല ബിരുദ പരീക്ഷ മൂന്നാം സെമസ്റ്റര്‍ ചോദ്യപേപ്പറുകള്‍ ആവര്‍ത്തിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്കു കൈമാറി. സര്‍വകലാശാല ഫിനാന്‍സ് ഓഫീസര്‍ പി ശിവപ്പു, സിന്‍ഡിക്കറ്റ് അംഗം ഡോ പി മഹേഷ് കുമാര്‍ എന്നിവരാണ് റിപ്പോര്‍ട്ട് നല്‍കിയത്.

◼️കേരള സംഗീത നാടക അക്കാദമിയുടെ നാടകമേഖലയ്ക്കുള്ള കൊവിഡ് കൈത്താങ്ങ് പദ്ധതിയുടെ നടത്തിപ്പില്‍ ക്രമക്കേട് ആരോപിച്ച് നാടക പ്രവര്‍ത്തകരുടെ സംഘടനയായ നാടക്. കരാര്‍ പ്രകാരമുള്ള നിബന്ധനകള്‍ നടപ്പാക്കാന്‍ മറ്റെല്ലാ സമിതികളോടും ശഠിച്ച അക്കാദമി ചലച്ചിത്ര, നാടക സംവിധായകനായ സുവീരനുവേണ്ടി ഇളവുകള്‍ നല്‍കിയെന്ന് നാടക് ആരോപിച്ചു.

◼️പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ ഭര്‍ത്താവ് പിടിയില്‍. അസാം സ്വദേശി ഫക്രുദ്ദീനെയാണ്  പ്രത്യേക അന്വേഷണ സംഘം അസാമിലെ ജൂരിയയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ഒന്നിന് രാത്രി പെരുമ്പാവൂര്‍ കണ്ടന്തറയിലാണ് ഭാര്യ ഖാലിദ ഖാത്തൂനിനെ വെട്ടിക്കൊന്നത്.

◼️മലയാളിയായ ദേശീയ ബാസ്‌കറ്റ് ബോള്‍ താരം കോഴിക്കോട് വടകര സ്വദേശി ലീതാരയെ പാറ്റ്‌നയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ദനാപൂര്‍ റെയില്‍വെ സ്റ്റേഷനിലെ അക്കൗണ്ടന്റ് വിഭാഗം ജീവനക്കാരിയായിരുന്നു.

◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രഫ. കെ.വി തോമസിനെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയാല്‍  രാഷ്ട്രീയ അഭയം നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് പുറത്താക്കുന്നവര്‍ക്ക് സിപിഎം അഭയം നല്‍കുമെന്നും കോടിയേരി കോഴിക്കോട്ട് പറഞ്ഞു.

◼️കാസര്‍കോട് മജലിലെ സ്ഥാപനത്തില്‍നിന്ന് 16 ലക്ഷം രൂപയുടെ കന്നുകാലിക്കുടല്‍ കടത്തിയ കേസില്‍ രണ്ട് ആസാം സ്വദേശികള്‍ തമിഴ്നാട്ടില്‍ പിടിയില്‍. ഇവരില്‍നിന്ന് 50,000 രൂപയും തൊണ്ടി മുതലിന്റെ ഒരു ഭാഗവും കണ്ടെടുത്തു. ആസാം സ്വദേശികളായ സൈദുല്‍, റൂബിയാല്‍ എന്നിവരാണ് പിടിയിലായത്.

◼️സംസ്ഥാനത്തെ അങ്കണവാടി കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. എല്ലാ അങ്കണവാടികളുടേയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കണം. നിലവിലെ കെട്ടിടം സുരക്ഷിതമല്ലെങ്കില്‍ മറ്റൊരു കെട്ടിടം ഉടന്‍ കണ്ടെത്തി അവിടേയ്ക്ക് അങ്കണവാടികള്‍ മാറ്റണമെന്നും നിര്‍ദേശം നല്‍കി.

◼️രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. കഴിഞ്ഞ ജൂലൈയില്‍ ഹര്‍ജികളില്‍ നോട്ടീസ് പുറപ്പെടുവിക്കവേ, നിയമത്തെ ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചിരുന്നു.

◼️രാജ്യത്ത് വൈദ്യുതി ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചത് വികസനത്തിന്റെ അടയാളമാണെന്ന് കേന്ദ്ര ഊര്‍ജ മന്ത്രാലയം. കൊടും വേനലായ ഇന്നലെ ഉച്ചയ്ക്ക് 201.066 ജിഗാവാട്ട് ആണ് രാജ്യത്ത് ഉപയോഗിച്ച വൈദ്യുതി. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ മഴക്കാലത്ത് 200.539 ജിഗാവാട്ടാണ് ഉപയോഗിച്ചതെന്നു ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം വികസനവാദം നിരത്തിയത്.

◼️ഉത്തര്‍പ്രദേശില്‍ ആരാധാനാലയങ്ങള്‍ ഉച്ചഭാഷിണിയുടെ ശബ്ദം കുറച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ  നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ചില ആരാധനാലയങ്ങള്‍ ഉച്ചഭാഷിണി ഒഴിവാക്കുകയും ചെയ്തു. ഉച്ചഭാഷിണി ശബ്ദം ആരാധനാലയങ്ങളുടെ ചുറ്റുപാടിനു പുറത്തേക്കു കേള്‍ക്കരുതെന്നാണ് യോഗി ആദിത്യനാഥ് ഉത്തരവിട്ടത്.

◼️വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് ബൈബിള്‍ പഠിപ്പിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ബംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌ക്കൂളിനോട് ദേശീയ ബാലാവകാശ കമ്മീഷന്‍ വിശദീകരണം തേടി. ക്ലാരന്‍സ് സ്‌കൂളില്‍  അന്യമതസ്ഥരായ വിദ്യാര്‍ത്ഥികളെയും ബൈബിള്‍ പഠിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

◼️റെയില്‍വേ ക്രോസില്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റുമാര്‍  ചായകുടിക്കാന്‍ പോയ സംഭവത്തെക്കുറിച്ച് അന്വേഷണം. ഗ്വാളിയോര്‍-ബറൗണി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റുമാരാണ് ബീഹാറിലെ സിവാന്‍ സ്റ്റേഷനു സമീപമുള്ള റെയില്‍വേ ക്രോസില്‍ ചായ കുടിക്കാന്‍ ട്രെയിന്‍ നിര്‍ത്തിയത്.

◼️ഒമാനിലെ വിവിധ ജയിലുകളില്‍നിന്ന് 424 തടവുകാര്‍ക്ക് മോചനം. ഒമാന്‍ ലോയേഴ്സ് അസോസിയേഷന്റെ 'ഫാക് കുര്‍ബാ' പദ്ധതി മുഖാന്തരമാണ് ഇവരെ റംസാന്‍ മാസത്തില്‍ മോചിപ്പിക്കുന്നത്. സാമ്പത്തിക  ബാധ്യതകളില്‍ അകപ്പെട്ട് രാജ്യത്തെ ജയിലുകളില്‍ കഴിഞ്ഞുവന്നിരുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിച്ചത്.

◼️യുക്രെയിനിലെ സംഘര്‍ഷം മൂന്നാം ലോക മഹായുദ്ധത്തിലേക്കു നീങ്ങാന്‍ സാധ്യതയുണ്ടെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. നാറ്റോ സഖ്യം യുക്രെയിന് ആയുധങ്ങള്‍ വിതരണം ചെയ്തുകൊണ്ട് റഷ്യയുമായി ഒരു നിഴല്‍ യുദ്ധത്തിലാണെന്നും സെര്‍ജി ലാവ്റോവ് ആരോപിച്ചു.

◼️പാകിസ്ഥാനിലെ കറാച്ചി സര്‍വ്വകലാശാലയ്ക്കു സമീപം സ്ഫോടനം. സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.

◼️ആണവ ശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് ഉത്തരകൊറിയന്‍ സര്‍വ്വാധിപന്‍ കിം ജോങ് ഉന്‍. സൈനിക പരേഡിനെ അഭിസംബോധന ചെയ്യവേയാണ് കിം ജോങ് ഉന്‍ ഇക്കാര്യം പറഞ്ഞത്.

◼️ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 29 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ 115ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് സെന്‍,  മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്‍ എന്നിവരാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. നേരത്തെ, റിയാന്‍ പരാഗ് 31 പന്തില്‍ പുറത്താവാതെ നേടിയ 56 റണ്‍സാണ് രാജസ്ഥാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഈ ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

◼️അദാനി പവറിന് പിന്നാലെ ഒരു ട്രില്യണ്‍ ക്ലബില്‍ കയറി അദാനി വില്‍മറും. ഭക്ഷ്യ എണ്ണ കമ്പനിയുടെ ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്നതോടെയാണ് ഒരു ട്രില്യണ്‍ (ലക്ഷം കോടി) വിപണി മൂലധനമുള്ള കമ്പനികളുടെ എലൈറ്റ് ഗ്രൂപ്പില്‍ അദാനി വില്‍മര്‍ ചേര്‍ന്നത്. ഒരു ഓഹരിക്ക് 803 രൂപ എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്നനിലയും ഇതാണ്. ഫെബ്രുവരിയില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഈ കമ്പനിയുടെ ഓഹരി വില ഇതുവരെ 363 ശതമാനത്തോളമാണ് ഉയര്‍ന്നത്. ഒരു ഓഹരിക്ക് 221 രൂപ എന്ന തോതിലായിരുന്നു വില്‍മര്‍ വിപണിയിലേക്ക് പ്രവേശിച്ചത്. കൂടാതെ, വിപണി മൂലധനത്തില്‍ ഏറ്റവും മുന്നിലുള്ള 50 കമ്പനികളുടെ പട്ടികയിലും കമ്പനി ഇടം നേടി. മൊത്തം 1.04 ട്രില്യണ്‍ രൂപ വിപണി മൂലധനവുമായി അദാനി വില്‍മര്‍ 50-ാം സ്ഥാനത്താണുള്ളത്. ഒരു ട്രില്യണ്‍ (ലക്ഷം കോടി) വിപണി മൂലധനം നേടുന്ന അദാനി ഗ്രൂപ്പിന് കീഴിലുള്ള ഏഴാമത്തെ കമ്പനിയാണ് അദാനി വില്‍മര്‍ ലിമിറ്റഡ്.

◼️ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ടിസിഎസ് എസ്ബിഐ കാര്‍ഡുമായി കരാര്‍ ഒപ്പിട്ടു. ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ സഹായിക്കുകയും ഇ-കാര്‍ഡ് ഇഷ്യു വിപുലീകരിക്കാന്‍ കൂടുതല്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതാണ് ഈ കരാറെന്ന് ടിസിഎസ് പറഞ്ഞു. എന്നാല്‍, ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ടിസിഎസ് ഒരു ദശാബ്ദമായി പ്യുവര്‍ പ്ലേ ക്രെഡിറ്റ് കാര്‍ഡ്  സേവനം നല്‍കുന്നു. എസ്ബിഐ കാര്‍ഡിനായി ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ ഓണ്‍ബോര്‍ഡിംഗ് പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാനും അതിലേക്ക് പരിവര്‍ത്തനം ചെയ്യാനും ഈ കരാര്‍ സഹായിക്കും.

◼️മാത്യു, നസ്ലന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജോ ആന്റ് ജോ ' എന്ന ചിത്രത്തിലെ രണ്ടാമത്തെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ടിറ്റോ പി തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം നല്‍കി ആലപിച്ച ' പ്രണയം കഥ തിരഞ്ഞ് തിരഞ്ഞ് എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ് എന്നി ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജോണി ആന്റണി,സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

◼️നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം 'ശുഭദിന 'ത്തിന്റെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. ജീവിതത്തിലെ നിരവധി പ്രശ്നങ്ങള്‍ക്കൊരു പരിഹാരമാര്‍ഗമെന്ന നിലയ്ക്ക് സാധാരണക്കാരനായ ചെറുപ്പക്കാരന്‍ സിഥിന്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളും അതിന്റെ പരിണിതഫലങ്ങളും നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം. ഗിരീഷ് നെയ്യാര്‍, ഇന്ദ്രന്‍സ് , ഹരീഷ് കണാരന്‍ , ജയകൃഷ്ണന്‍ , രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍ , മാലാ പാര്‍വ്വതി, അരുന്ധതി നായര്‍ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍ , ജയന്തി, അരുണ്‍കുമാര്‍ , നെബീഷ് ബെന്‍സണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

◼️ലോക ഭൗമദിനത്തോടനുബന്ധിച്ച് ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ കാസിരംഗ എഡിഷന്‍ മോഡല്‍ കാസിരംഗ നാഷണല്‍ പാര്‍ക്കിന് കൈമാറി. 2022 ഫെബ്രുവരിയില്‍ അവതരിപ്പിച്ച കാസിരംഗ എഡിഷന്‍ മോഡലുകള്‍ പഞ്ച്, ഹാരിയര്‍, നെക്‌സോണ്‍, സഫാരി എന്നിവ ഉള്‍ക്കൊള്ളുന്നു. അവ അനുബന്ധ മോഡലുകളുടെ ടോപ്പ്-ഓഫ്-ലൈന്‍ ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഗ്രാസ്ലാന്‍ഡ് ബീജ് പുറം നിറവും കറുത്ത ചായം പൂശിയ മേല്‍ക്കൂരയുമാണ് ഹാരിയര്‍ കാസിരംഗ എഡിഷന്‍. കൂടാതെ, ഇതിന് 17 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളും ലഭിക്കുന്നു.

◼️ആമയും മുയലും, ചെന്നായ വരുന്നേ!, സിംഹവും ചുണ്ടെലിയും... ഈ കഥകള്‍ കേള്‍ക്കാത്തവരായി ആരാണുള്ളത്? വിശ്വസാഹിത്യത്തിലെ കഥാപാരമ്പര്യത്തിന്റെ അതിപുരാതന ശേഖരമാണ് ഈസോപ്പുകഥകള്‍. 2000 വര്‍ഷത്തിലേറെ പഴക്കമുള്ള, വാമൊഴിയായി പ്രചരിച്ച കഥകളുടെ അമൂല്യശേഖരമാണിവ. ബി.സി. 620 നും 560 നും മദ്ധ്യ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഈസോപ്പിന്റെ കഥകളില്‍നിന്ന് തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരം. 'ഈസോപ്പുകഥകള്‍'. പി ഐ ശങ്കരനാരായണന്‍. 22-ാം പതിപ്പ. ഡിസി ബുക്സ്. വില 427 രൂപ.

◼️നീണ്ട കൊവിഡ് ലക്ഷണങ്ങള്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളെയാണ് തീവ്രമായി ബാധിക്കുന്നതെന്ന് പുതിയ പഠനം പറയുന്നു. നീണ്ട കൊവിഡ് ലക്ഷണങ്ങള്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പഠനത്തില്‍ പങ്കെടുത്തവരില്‍ 25.5% പേര്‍ മാത്രമാണ് ഡിസ്ചാര്‍ജ് കഴിഞ്ഞ് അഞ്ച് മാസത്തിന് ശേഷം പൂര്‍ണ്ണ സുഖം പ്രാപിച്ചതായി പഠനത്തില്‍ പറയുന്നു. ദ ലാന്‍സെറ്റ്: റെസ്പിറേറ്ററി മെഡിസിനില്‍ പഠനം പ്രസിദ്ധീകരിച്ചു. പൂര്‍ണ്ണമായി സുഖം പ്രാപിക്കാനുള്ള സാധ്യത പുരുഷന്മാരേക്കാള്‍ 33% കുറവാണ് സ്ത്രീകള്‍ക്കെന്നും ഗവേഷകര്‍  പറയുന്നു. പൊണ്ണത്തടിയുള്ളവരും മെക്കാനിക്കല്‍ വെന്റിലേഷനില്‍ കഴിയുന്നവരും സുഖം പ്രാപിക്കാനുള്ള സാധ്യത കുറവാണ്. ക്ഷീണം, പേശിവേദന, ഉറക്കക്കുറവ്, ശ്വാസതടസ്സം, നീര്‍വീക്കം, ഓര്‍മ്മക്കുറവ്, കൈകാലുകളുടെ ബലഹീനത തുടങ്ങിയ   ലക്ഷണങ്ങളാണ് പലരിലും കണ്ടതെന്നും ഗവേഷകര്‍ പറയുന്നു. നീണ്ടുനില്‍ക്കുന്ന രോഗലക്ഷണങ്ങളുടെ കാരണം അറിയില്ലെന്ന് ഗവേഷകര്‍ പറയുന്നു.  ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, ക്ഷീണം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നത് കാണാനായെന്ന് ഗവേഷകര്‍ പറയുന്നു.

*ശുഭദിനം*

ബീഹാര്‍ ജില്ലയിലെ കതിഹാറില്‍ ആണ് അനുരാഗ് ജനിച്ചത്.  എട്ടാംക്ലാസ്സ് വരെ ഹിന്ദി മീഡിയത്തില്‍ ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളില്‍ പഠനം.  പിന്നീട് പഠനം ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റി.  പത്താംക്ലാസ്സില്‍ തരക്കേടില്ലാത്ത മാര്‍ക്കോടെ ജയിച്ചു. പക്ഷേ പന്ത്രണ്ടാം ക്ലാസ്സില്‍ പ്രീ-ബോര്‍ഡ് പരീക്ഷയില്‍ തോറ്റു. ആഞ്ഞുപിടിച്ച് വീണ്ടും പഠനം. അങ്ങനെ പ്ലസ്ടു പാസ്സായി.  ഡല്‍ഹിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍ ബിരുദം. ഈ ബിരുദപഠനകാലത്തില്‍ പലവട്ടം തോല്‍വികളുടെ കയ്പ് അനുരാഗ് അറിഞ്ഞു.  പല തവണ പരിശ്രമിച്ച് തോറ്റ പേപ്പറുകളൊക്കെ എഴുതിയെടുത്തു.  പിന്നെ ആഗ്രഹം ബിരുദാനന്തര ബിരുദമായി. അതും ഒരുവിധം കടന്നുകൂടിയപ്പോള്‍ സിവില്‍ സര്‍വ്വീസായി ആഗ്രഹം.  നിരന്തരമായ പരിശ്രമം.  തോല്‍വികളുടെ കയ്പുനീര്‍ തികട്ടിവന്നപ്പോഴെല്ലാം കൂടുതല്‍ ശ്രദ്ധയോടെ പഠിക്കാന്‍ ശ്രമിച്ചു. അങ്ങനെ 2017 ലെ ആദ്യ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 677-ാം റാങ്ക്.  ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വ്വീസില്‍ ആദ്യ ജോലി.  പക്ഷേ, വീണ്ടും കൂടുതല്‍ റാങ്കിലേക്കെത്താനുള്ള മോഹത്തില്‍ ആ ജോലി ഉപേക്ഷിച്ച് വീണ്ടും കഠിനപരിശ്രമത്തിന്റെ നാളുകള്‍.  അങ്ങനെ 2018 ല്‍ 48-ാം റാങ്കോടെ വിജയം.  തോറ്റ് തോറ്റ് പഠിച്ച് വിജയിച്ച ആ വിദ്യാര്‍ത്ഥി തന്റെ പേരിനോടൊപ്പം മൂന്നക്ഷരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു.  അനുരാഗ് ഐ എ എസ്  ഒരു ചെറിയ തോല്‍വിപോലും  താങ്ങാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും.  തോല്‍വികള്‍ കടന്നുവന്നാലും ലക്ഷ്യത്തിലേക്ക് കൂളായി കടന്നുകയറാനുള്ള മനഃസാന്നിധ്യമുള്ളവര്‍ക്കാണ് സ്വപ്നത്തിലേക്ക് നടന്നുകയറാനാകുക.  കഠിനാധ്വാനവും മനഃസാന്നിധ്യവും നമ്മെ ഉറപ്പായും ലക്ഷ്യത്തിലേക്കെത്തിക്കുക തന്നെ ചെയ്യും - *ശുഭദിനം.* 
മീഡിയ16 ന്യൂസ്