*മീഡിയ16 *പ്രഭാത വാർത്തകൾ*2022 | ഏപ്രിൽ 26 | ചെവ്വ*

◼️സംസ്ഥാനത്ത് ബയോമെട്രിക് പഞ്ചിംഗ് സംവിധാനം സ്ഥാപിച്ച സര്‍ക്കാര്‍ ഓഫീസുകളെ ശമ്പള സംവിധാനമായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാന്‍ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഉത്തരവിട്ടു. ഇതോടെ ജോലിക്കു ഹാജരാകാന്‍ വൈകുന്നവരുടെ ശമ്പളം സര്‍ക്കാരിന് പിടിക്കാനാകും. സെക്രട്ടേറിയറ്റില്‍ നടപ്പാക്കിയ സംവിധാനമാണിത്. മാസം ഗ്രേസ് പിരിയഡായ 300 മിനിറ്റിലേറെ വൈകിയാല്‍ അവധിയായി കണക്കാക്കി ശമ്പളം കുറയ്ക്കും.

◼️കോവിഡ് വ്യാപനം ഭീഷണിയായിരിക്കേ, സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി. ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

◼️കെ റെയില്‍ കല്ലിടല്‍ സമരക്കാരെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകര്‍. കണ്ണൂരിലെ നാടാലിലാണ് സമരത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ കൈയേറ്റ ഭീഷണിയുമായി സിപിഎം പ്രവര്‍ത്തകര്‍ എത്തിയത്. പൊലീസ് സംരക്ഷണത്തോടെയുള്ള സര്‍വേ നടപടികള്‍ക്കെതിരേ സമരവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു. ഇതിനു പിറകേ എടക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു.

◼️സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനു നല്‍കുന്ന നിയമം തമിഴ്നാട് നിയമസഭ പാസാക്കി. ചാന്‍സലറായ ഗവര്‍ണറുടെ അധികാരം ഇല്ലാതാക്കിയ ബില്‍ ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.കെ. പൊന്‍മുടിയാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. ഗവര്‍ണര്‍ ആര്‍.എന്‍.രവി വിളിച്ച വൈസ് ചാന്‍സലര്‍മാരുടെ ദ്വിദിന സമ്മേളനം ഊട്ടിയില്‍ നടക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം.

◼️അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി. ഗുജറാത്ത് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ഗുജറാത്തിലെ അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പേഴ്സ് യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

◼️വരുമാനം വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസിയെ ആദായകരമാക്കാന്‍ യൂണിറ്റ് തലത്തില്‍ യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പെടുന്ന കമ്മിറ്റി രൂപീകരിക്കും. സര്‍വ്വീസുകള്‍ കൂടുതല്‍ ഫലപ്രദമായി ക്രമീകരിക്കും. ചെലവ് ചുരുക്കും, വരുമാനം വര്‍ധിപ്പിക്കും. ഗതാഗത മന്ത്രി ആന്റണി രാജു പ്രധാന തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ധാരണകള്‍. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ വരുമാനം കെഎസ്ആര്‍ടിസിക്കു ലഭിക്കും. പണിമുടക്കി പ്രതിസന്ധി വര്‍ധിപ്പിക്കരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

◼️സില്‍വര്‍ ലൈന്‍ സര്‍വെക്കല്ലിടുന്നതിനെതിരേ പ്രതിഷേധിക്കുന്നവരെ പൊലീസ് കൈകാര്യം ചെയ്യുന്ന രീതി ശരിയല്ലെന്ന് സിപിഐ. പ്രതിഷേധക്കാരെ തിരുവനന്തപുരത്ത് പൊലീസുകാരന്‍ ചവിട്ടിയത് ശരിയായില്ല. ഇതു സംസ്ഥാന സര്‍ക്കാരിനു ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി വേണം, എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം നടപ്പാക്കാനെന്നു സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

◼️കെ റെയില്‍ പ്രധിഷേധക്കാര്‍ക്ക് നേരെ തിരുവന്തപുരം കരിച്ചാറായില്‍ നടന്ന പോലീസ് അതിക്രമത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷിക്കും. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെ.എസ്. അഖില്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.

◼️മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്സ്ആപ്പ് സന്ദേശംവഴി പണം തട്ടാന്‍ ശ്രമം. കോയമ്പത്തൂര്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിയെ ചോദ്യം ചെയ്തു.

◼️ചോദ്യത്തിനൊപ്പം ഉത്തരസൂചികയും നല്‍കി നടത്തിയ പരീക്ഷ കേരള സര്‍വകലാശാല റദ്ദാക്കി. കേരള യൂണിവേഴ്സിറ്റി നാലാം സെമസ്റ്റര്‍ ബിഎസ്സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ഉത്തരസൂചിക നല്‍കിയത്. പുതിയ പരീക്ഷ മെയ് മൂന്നാം തീയതി നടക്കുമെന്നു കേരള സര്‍വകലാശാല അറിയിച്ചു.

◼️മുന്‍ വര്‍ഷത്തെ ചോദ്യപേപ്പര്‍ നല്‍കിയതടക്കം ബിരുദപരീക്ഷാ നടത്തിപ്പിലെ വീഴ്ചകളെക്കുറിച്ച് കേരള, കണ്ണൂര്‍ സര്‍വകലാശാലകളുടെ വിസിമാരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി.

◼️പൊലീസുകാരുടെ ശമ്പളത്തില്‍നിന്നു വായ്പാ തിരിച്ചടവും മറ്റ് ആനുകൂല്യങ്ങളും സ്വകാര്യ ബാങ്ക് വഴി തിരിച്ചുപിടിക്കാനുള്ള നീക്കം തല്‍ക്കാലം നിര്‍ത്തിവച്ചു. സ്വകാര്യ ബാങ്കിലേക്കു വിവരങ്ങള്‍ നല്‍കാന്‍ പൊലീസുകാരോട് സമ്മതപത്രം ആവശ്യപ്പെട്ടെങ്കിലും എല്ലാവരും നല്‍കാത്തതാണ് സ്വകാര്യ ബാങ്ക് ഇടപാടിനു തടസമായത്.

◼️ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് ബിജെപി ഓഫീസിനു മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. അക്രമി സംഘം മേലാമുറിയിലേക്കു പോകാന്‍ മൂന്നു ബൈക്കുകള്‍ക്കു പുറമെ കാറും ഉപയോഗിച്ചു. ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങള്‍ കരുതിയിരുന്നത്. മേലാമുറിക്കടുത്തു വച്ചാണ് ആയുധങ്ങള്‍ അക്രമി സംഘത്തിനു കൈമാറിയത്.

◼️ആംസ്റ്റര്‍ഡാമിലെ സെമിനാറില്‍ പങ്കെടുക്കുന്നത് ഗതാഗത സെക്രട്ടറിയെന്ന നിലയിലാണെന്നും കെ എസ്ആര്‍ടിസിയുടെ പണം ഉപയോഗിക്കുന്നില്ലെന്നും മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. നഗരകാര്യ സെക്രട്ടറി, കെഎസ്ആര്‍ടിസി സിഎംഡി തുടങ്ങി അഞ്ചോളം അധിക ചുമതലകള്‍ താന്‍ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◼️മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് പെണ്‍കുട്ടികളെ നടുറോഡില്‍ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പൊലീസ് പ്രതിക്ക് അനുകൂല നിലപാടെടുത്തെന്നും തങ്ങളുടെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു.

◼️സംസ്ഥാന ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗത്വത്തില്‍നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നടന്‍ ഇന്ദ്രന്‍സ്. അഭിനയിച്ച സിനിമകള്‍ അവാര്‍ഡിന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിന്‍മാറ്റം.

◼️യുക്രൈനില്‍നിന്നു തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ പഠനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികളുടെ യോഗം വിളിച്ചു. ഏപ്രില്‍ 30ന് ഉച്ചക്ക് 2.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്കിലെ ഉദയ കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം.

◼️വിദേശത്തു ജോലി വാഗ്ദാനം നല്‍കി നിരവധിപേരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തയാളെ പൊലീസ് പിടികൂടി. കടയ്ക്കല്‍ പുല്ലുപണ തടത്തില്‍ വീട്ടില്‍ ശ്രീജിത്തി (40) നെയാണ് പള്ളിക്കല്‍ പൊലീസ് പിടികൂടിയത്. മടവൂര്‍ സ്വദേശികളായ ഷഫ്നാസ്, ആഷിഖ് എന്നിവരില്‍നിന്ന് വിദേശജോലി വാഗ്ദാനം ചെയ്ത് 40000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.

◼️തിരുവനന്തപുരം വാമനപുരംആറ്റില്‍ കോളേജ് വിദ്യാര്‍ത്ഥി  മുങ്ങി മരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ പുനലൂര്‍ സ്വദേശി ശബരി(21)യാണ് മരിച്ചത്. കൂട്ടുകാരുമായി വാമനപുരം ആറ്റില്‍ മേലാറ്റുമൂഴി ഭാഗത്തുള്ള കടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ശബരി.

◼️കൊല്ലം ചാത്തന്നൂരില്‍ മദ്യപിക്കാന്‍ പണം തരാത്തതിന് അമ്മയെ മര്‍ദിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഉപേക്ഷിച്ചു പോയ ഇയാളുടെ ആറു വയസുള്ള മകനും സ്വന്തം അമ്മയ്ക്കുമൊപ്പമാണ് മേസ്തിരിപ്പണിക്കാരനായ സിജുവിന്റെ താമസം.  

◼️വിമാനത്തില്‍ പറന്നെത്തി പട്ടാപ്പകല്‍ വീട് കുത്തിതുറന്ന് മോഷണം നടത്തുന്ന മുന്നംഗ ഉത്തരാഖണ്ഡ് സംഘം പിടിയില്‍. കടവന്ത്രയിലും എളമക്കരയിലുമായി രണ്ടുദിവസത്തിനുള്ളില്‍ അഞ്ച് വീടുകളിലാണ് ഇവര്‍ മോഷണം നടത്തിയത്. മിന്റു വിശ്വാസ്, ഹരിചന്ദ്ര, ചന്ദ്ര ബെന്‍ എന്നിവരാണ് പിടിയിലായത്.

◼️കോട്ടയത്ത് ഒരേ സമയം നാല് ആംബുലന്‍സുകളെ വിളിച്ചു വരുത്തി കബളിപ്പിച്ചു. കാലൊടിഞ്ഞ രോഗിയെ നെടുമ്പാശ്ശേരിയിലേക്കു കൊണ്ടുപോകണമന്ന് ആവശ്യപ്പെട്ട് ഐസിയു ആംബുലന്‍സുകളെയാണ് നാഗമ്പടത്തേക്കു വിളിച്ചു വരുത്തിയത്. ആര്‍മി ഉദ്യോഗസ്ഥന്റെ ചിത്രവും പേരും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

◼️കൊവിഡ് നാലാം തരംഗത്തിന്റെ സൂചനകള്‍ വന്നു തുടങ്ങിയതോടെ കര്‍ണാടക മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നു. മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുജനങ്ങള്‍  അനാവശ്യമായ കൂടിചേരലുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം. സാമൂഹിക അകലം പാലിക്കണം. കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ.സുധാകര്‍ പറഞ്ഞു.

◼️ഗുജറാത്തിലെ ബനസ്‌കന്ധയിലെ വദ്ഗാമില്‍ നിന്നുള്ള സ്വതന്ത്ര ദളിത് എംഎല്‍എ ജിഗ്നേഷ് മേവാനിയെ  മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റിട്ടതിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ മേവാനിക്ക് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ഗോഹട്ടി കോടതിയാണ് മേവാനിക്ക് ജാമ്യം നല്‍കിയത്.

◼️ജനപ്രതിനിധികളായാല്‍ അല്‍പമെങ്കിലും ഉത്തരവാദിത്വം വേണമെന്ന് ബോബെ ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമരാവതിയിലെ എംപി നവനീത് റാണെയും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണെയും നല്‍കിയ ഹര്‍ജി തളളിക്കൊണ്ടാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിന് മുന്നിലെത്തി 'ഹനുമാന്‍ ചാലീസ' സൂക്തങ്ങള്‍ ഉറക്കെച്ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിനാണ് എംപി, എംഎല്‍എ ദമ്പതിമാരെ അറസ്റ്റു ചെയ്തത്.

◼️കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങളും ഭാവി പദ്ധതികളും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ചിന്തന്‍ ശിബിര്‍ അടുത്ത മാസം 13, 14, 15 തീയതികളില്‍ രാജസ്ഥാനില്‍ നടക്കും. രാജസ്ഥാനിലെ ഉദയ്പൂരിലാണ് ചിന്തന്‍ ശിബിര്‍. 2024 ലെ പൊതുതെരഞ്ഞെടുപ്പിനായി ഒരു എംപവര്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അറിയിച്ചു.

◼️രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 16 യൂട്യൂബ് ചാനലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് നിരോധനം. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച 78 യൂട്യൂബ് ചാനലുകള്‍ ഇതുവരെ നിരോധിച്ചിട്ടുണ്ട്. ഇപ്പോള്‍ പത്ത് ഇന്ത്യന്‍ യൂട്യൂബ് ചാനലുകളും ആറ് പാകിസ്ഥാന്‍ ചാനലുകളുമാണ് നിരോധിച്ചത്.

◼️തമിഴ്നാട്ടിലെ മോട്ടിവേഷനല്‍ സ്പീക്കറും സാമൂഹിക പ്രവര്‍ത്തകയുമായ ശബരിമല ജയകാന്തന്‍ ഇസ്ലാം മതം സ്വീകരിച്ചു. സൗദി അറേബ്യ സന്ദര്‍ശനത്തിനിടെ മക്കയിലെ ഹറം പള്ളിയില്‍ കഅ്ബയ്ക്ക് മുന്നില്‍നിന്നാണ് ഇസ്ലാം മതം സ്വീകരിച്ചതായി അറിയിച്ചത്. മതം മാറ്റത്തിനുശേഷം ഫാത്തിമ ശബരിമല എന്ന പേരു സ്വീകരിച്ചു.

◼️മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ ജെസിബി ഉപയോഗിച്ച് എടിഎം മെഷീന്‍ പൊളിച്ചെടുത്ത് 27 ലക്ഷം രൂപയുമായി മോഷ്ടാക്കള്‍ മുങ്ങി. പ്രതികള്‍ പൊളിച്ച എടിഎം മെഷീന്‍ 50 മീറ്റര്‍ അകലെ ഉപേക്ഷിച്ചു.  മറ്റൊരിടത്ത് ജെസിബിയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

◼️മ്യാന്മറില്‍ സൈനിക ഭരണകൂടം ജയിലിലടച്ച ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിക്കെതിരായ അഴിമതിക്കേസില്‍ വിധിപ്രസ്താവിക്കുന്നതു മാറ്റിവച്ചു. 15 വര്‍ഷം തടവു വിധിക്കാവുന്ന കേസാണിത്. നിരവധി കേസുകളാണ് 76 -കാരിയായ സ്യൂചിക്കെതിരെ ചുമത്തിയിട്ടുള്ളത്.

◼️ട്വിറ്റര്‍ ഇനി ഇലോണ്‍ മസ്‌കിന് സ്വന്തം. 4400 കോടി ഡോളര്‍ പണമായി നല്‍കാമെന്നാണ് കരാര്‍. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം.

◼️പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യത്തേക്കു തിരിച്ചു വരാന്‍ പാസ്പോര്‍ട്ട് നല്‍കി പുതിയ സര്‍ക്കാര്‍. നവാസ് ഷെരീഫിന്റെ സഹോദരന്‍ ഷഹബാസ് ഷെരീഫാണ് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി. യുകെയില്‍ ചികിത്സയ്ക്കായി പോയ നവാസ് ഷെരീഫിനെതിരേ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അഴിമതിക്കേസുകളെടുത്ത് പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.

◼️സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുജറാത്തിനെ ഗോള്‍ മഴയില്‍ മുക്കി കര്‍ണാടക സെമി ഫൈനലില്‍. നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് കര്‍ണാടക പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ സര്‍വീസസ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഒഡീഷയെ പരാജയപ്പെടുത്തി.

◼️സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ലൈനപ്പായി. ഏപ്രില്‍ 28 ന്നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ കര്‍ണാടകയെ നേരിടും. ഏപ്രില്‍ 29 ന് നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും.

◼️പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 11 റണ്‍സിന്റെ തോല്‍വി. പഞ്ചാബ് പടുത്തുയര്‍ത്തിയ188 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 59 പന്തില്‍ 88 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് പഞ്ചാബിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ചെന്നൈക്ക് വേണ്ടി അമ്പാട്ടി റായ്ഡു 39 പന്തില്‍ 78 ണ്‍സ് നേടി.

◼️യാത്രകള്‍ക്കായി ഇന്ത്യക്കാര്‍ വിദേശത്ത് ചെലവഴിച്ച പണം ഇക്കഴിഞ്ഞ ജനുവരിയില്‍ കുറിച്ചത് 2021 ഫെബ്രുവരിയേക്കാള്‍ മൂന്നിരട്ടി വളര്‍ച്ച. 31.68 കോടി ഡോളറില്‍ (2,376 കോടി രൂപ) നിന്ന് 98.04 കോടി ഡോളറിലേക്കാണ് (7,350 കോടി രൂപ) വര്‍ദ്ധന. നിശ്ചിതപരിധിയോളം തുക വിദേശത്തേക്ക് അയയ്ക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കുന്ന ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (എല്‍.ആര്‍.എസ്) പ്രകാരമുള്ള കണക്കാണിത്. 53.97 കോടി ഡോളറായിരുന്നു (4,000 കോടി രൂപ) കൊവിഡിന് മുമ്പ് 2020 ഫെബ്രുവരിയിലെ ചെലവ്. 2020-21ല്‍ വിദേശ യാത്രയ്ക്കായി ഇന്ത്യക്കാര്‍ ആകെ ചെലവഴിച്ചത് 323 കോടി ഡോളറാണ് (24,225 കോടി രൂപ). കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019-20ല്‍ ഇത് 695 കോടി ഡോളറായിരുന്നു (52,125 കോടി രൂപ). ഈ ഫെബ്രുവരിയില്‍ യാത്ര, പഠനം, നിക്ഷേപം, സമ്മാനം എന്നിങ്ങനെ വിവിധ ആശ്യങ്ങള്‍ക്കായി ഇന്ത്യക്കാര്‍ വിദേശത്ത് ആകെ ചെലവഴിച്ചത് 182 കോടി ഡോളറാണ്; 115 ഡോളറായിരുന്നു 2021 ഫെബ്രുവരിയില്‍.

◼️എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയിലൂടെ (ഐ.പി.ഒ) വിറ്റഴിക്കാനുള്ള ഓഹരികള്‍ മുന്‍നിശ്ചയിച്ച 5 ശതമാനത്തില്‍ നിന്ന് 3.5 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം.  പ്രതികൂല സാഹചര്യങ്ങളാലാണ് ലക്ഷ്യം വെട്ടിക്കുറച്ചത്. സമാഹരണലക്ഷ്യം ഇതോടെ 60,000 കോടി രൂപയില്‍ നിന്ന് 21,000 കോടി രൂപയായി ചുരുങ്ങും. ഡിമാന്‍ഡ് ഉണ്ടെങ്കില്‍ 'ഗ്രീന്‍ ഷൂ' ഓപ്ഷന്‍ പ്രകാരം 9,000 കോടി രൂപയുടെ ഓഹരികള്‍ കൂടി വിറ്റഴിക്കാം; അതുവഴി മൊത്തം 30,000 കോടി രൂപയും നേടാം. നടപ്പുവര്‍ഷം പൊതുമേഖലാ ഓഹരിവില്പനയിലൂടെ കേന്ദ്രം ആകെ ലക്ഷ്യമിടുന്നത് 65,000 കോടി രൂപയാണ്. ഇതിന്റെ മുഖ്യപങ്കും പ്രതീക്ഷിച്ചിരുന്നത് എല്‍.ഐ.സി ഐ.പി.ഒ വഴിയും. ലക്ഷ്യം നേടാനായി നടപ്പുവര്‍ഷം തന്നെ എല്‍.ഐ.സിയുടെ രണ്ടാംഘട്ട ഐ.പി.ഒയും കേന്ദ്രം സംഘടിപ്പിച്ചേക്കും.

◼️സിനിമാലോകത്തെ ഞെട്ടിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. തെന്നിന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചും ബോളിവുഡും കീഴടക്കിയ ചിത്രം വെറും 12 ദിവസം കൊണ്ട് ബോക്‌സോഫീസില്‍ നേടിയത് 900 കോടിയാണ്. അതേസമയം ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ ഒരുമാസം കൊണ്ട് നേടിയത് 1100 കോടിയാണ്. താമസിക്കാതെ തന്നെ ആര്‍ആര്‍ആറിന്റെ റെക്കോര്‍ഡ് കെജിഎഫ് തകര്‍ക്കും എന്ന് തന്നെയാണ് സിനിമ നിരൂപര്‍ പറയുന്നത്. വാരാന്ത്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം കെ.ജി.എഫ് ഇപ്പോള്‍ വഹിക്കുന്നത് അഞ്ചാം സ്ഥാനത്താണ്. 1100 കോടിയാണ് കെജിഎഫിന്റെ മുടക്ക് മുതല്‍ എങ്കില്‍ ആര്‍ആര്‍ആറിന്റേത് 450 കോടിയാണ്. ആര്‍ആര്‍ആറിന്റെ ആദ്യ ദിന കളക്ഷനുകളില്‍ തെലുങ്ക് നേടിയത് 127 കോടി രൂപയാണ്. 23 കോടി നേടി ഹിന്ദി പതിപ്പിനാണ് രണ്ടാം സ്ഥാനത്ത്.

◼️ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ തമിഴ് ചിത്രമാണ് സൂര്യ നായകനായെത്തിയ സൂരറൈ പോട്ര്. സുധ കൊങ്കരയുടെ സംവിധാനത്തിലെത്തിയ ചിത്രം ഒടിടിയിലൂടെയാണ് റിലീസിനെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന് തുടക്കമായി. സുധ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ തകര്‍ത്തഭിനയിച്ച വേഷം ഹിന്ദിയില്‍ ചെയ്യുന്നത് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാറാണ്. അപര്‍ണ ബാലമുരളി അവതരിപ്പിച്ച വേഷം ചെയ്യുന്നത് രാധിക മധന്‍ ആണ്. സൂര്യയുടെ നിര്‍മാണക്കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്സും വിക്രം മല്‍ഹോത്ര എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ഹിന്ദി റീമേക്ക് നിര്‍മിക്കുന്നത്.

◼️ഫെരാരിയുടെ നാലാമത്തെ പ്ളഗ്-ഇന്‍ ഹൈബ്രിഡ് മോഡലായ പുതിയ 296 ജി.ടി.എസ് കണ്‍വെര്‍ട്ടിബിള്‍ അവതരിപ്പിച്ചു. ഭാവിയില്‍ എല്ലാ മോഡലുകളും പൂര്‍ണമായും ഇലക്ട്രിക് ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇറ്റാലിയന്‍ സൂപ്പര്‍ ലക്ഷ്വറി സ്പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ഫെരാരി ഈ ഹൈബ്രിഡ് കണ്‍വെര്‍ട്ടിബിള്‍ അവതരിപ്പിച്ചത്. എസ്.എഫ് 90 സ്ട്രാഡേല്‍, ഇതിന്റെ കണ്‍വെര്‍ട്ടിബിളായ എസ്.എഫ് 90 സ്‌പൈഡര്‍, 296 ജി.ടി.ബി എന്നിവയാണ് കമ്പനി നേരത്തെ പുറത്തിറക്കിയ പ്ളഗ്-ഇന്‍ ഹൈബ്രിഡ് വണ്ടികള്‍. ഉള്ളിലേക്ക് മടക്കിവയ്ക്കാവുന്ന ഹാര്‍ഡ് ടോപ്പ് മേല്‍ക്കൂരയാണ് 296 ജി.ടി.എസിനുള്ളത്.
നിലവിലെ സാധാരണ 296 ജി.ടി.എസിന് വില 3 ലക്ഷം യൂറോയാണ് (2.25 കോടി രൂപ). കണ്‍വെര്‍ട്ടിബിള്‍ പതിപ്പ് 2023ല്‍ വിപണിയിലെത്തും.

◼️ഗാനരചനയില്‍ അധികമൊന്നും വ്യാപരിക്കാത്ത ചിലരുടെ ഏതെങ്കിലും ഒരു പാട്ട് ജനപ്രീതിയില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നുണ്ടാകും. ആ കൂട്ടത്തില്‍ ഓരേയൊരു ഗാനം മാത്രമെഴുതി പ്രശസ്തരായവരും കണ്ടെന്നുവരാം. എന്നാല്‍ അത്തരക്കാരെ പരിഗണിക്കാനോ അവരുടെ സൃഷ്ടികള്‍ വേണ്ടവിധത്തില്‍ വിലയിരുത്താനോ അധികമാരും ശ്രദ്ധിക്കാറില്ല. 'ഹൃദയ ഗീതിക - 40 അസുലഭ ഗാനങ്ങളുടെ അമൃത വര്‍ഷം'. ടി പി ശാസ്തമംഗലം. ഡോണ്‍ ബുക്സ്. വില 161 രൂപ.

◼️മീന്‍ എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍ സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍ നിന്നും അവയുടെ തോലുകളില്‍ നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. മീന്‍ എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് കൂടാതെ മീന്‍ എണ്ണയിലൂടെ കൊളസ്‌ട്രോളിന്റെ അളവ്, ട്രൈഗ്ലിസറൈഡ്സ്, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാം. ഇതിന്റെ തുടര്‍ച്ചയായ ഉപയോഗം ചര്‍മ്മ രോഗങ്ങളെ പ്രതിരോധിച്ച് ചര്‍മ്മത്തെ മിനുസമുളളതാക്കി തീര്‍ക്കുന്നു. മീന്‍ എണ്ണയില്‍ 30 ശതമാനം ഒമേഗ ഫാറ്റി ഓയിലും 70 ശതമാനം മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ജലദോഷം, ചുമ, ഫ്ളൂ എന്നീ രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ് മീനെണ്ണ. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ വാര്‍ദ്ധക്യത്തിലെ കാഴ്ചയെ മെച്ചപ്പെടുത്തുന്നു. അതിനാല്‍ പ്രായമായവര്‍ മീനെണ്ണ കഴിക്കുന്നത് നല്ലതാണ്. അതേ സമയം മീനെണ്ണ ഉപയോഗിക്കുമ്പോള്‍ കൃത്യമായ അളവ് പാലിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ കഴിച്ചു തുടങ്ങുന്നതിന് മുന്‍പ് ഒരു ഡോക്ടറുടെ നിര്‍ദ്ദേശം തേടാം
ശുഭദിനം
മീഡിയ16 ന്യൂസ്