മീഡിയ16*പ്രധാന വാർത്തകൾ* 2022 | ഏപ്രിൽ 25 | തിങ്കൾ

🟩 *ഗുരുതരമായ അപകടങ്ങളില്‍പെടുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും.* അപകടത്തിനിരയായവരെ ഒരു മണിക്കൂറിനകം ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുന്നവരെയാണ് അവാര്‍ഡിനു പരിഗണിക്കുക. കേന്ദ്ര സര്‍ക്കാരാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. അവാര്‍ഡിനു യോഗ്യരായവരെ കണ്ടെത്തുന്നതിനു സംസ്ഥാന പൊലീസ് മേധാവി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.  

🟩 *ഇരുപതു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി കേരള നോളജ് ഇക്കണോമി മിഷന്‍ പദ്ധതിക്കുള്ള സര്‍വേ മേയ് എട്ടിന് ആരംഭിക്കും*. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിലുള്ള സര്‍വേ മേയ് 15 നു സമാപിക്കും. വാര്‍ഡുതല സര്‍വേയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 18 മുതല്‍ 59 വരെ വയസുള്ള തൊഴില്‍ രഹിതരുടെ വിവരങ്ങളാണു സര്‍വേയില്‍ ശേഖരിക്കുന്നത്.

🏴 *മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശങ്കരനാരായണന്‍ അന്തരിച്ചു*. 90 വയസായിരുന്നു. മഹാരാഷ്ട്രയടക്കം ആറു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ കരുണാകരന്‍, എ.കെ ആന്റണി മന്ത്രി സഭകളില്‍ അംഗമായിരുന്നു. യുഡിഎഫ് കണ്‍വീനറായിരുന്നു. പാലക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം. ശങ്കരനാരായണന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എന്നിവര്‍ അനുശോചിച്ചു.


🟩 *എടക്കര മാവോയിസ്റ്റ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു*. 20 പ്രതികളില്‍ മൂന്നു പേര്‍ മലയാളികളാണ്. തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കായി മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ നിലമ്പൂരില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ കാട്ടില്‍ സായുധ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് കുറ്റം.

◼️ *പാലക്കാട്ടെ ആര്‍എസ്എസ്-എസ്ഡിപിഐ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളില്‍ ജാഗ്രത വേണമെന്ന് രഹസ്യാനേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്*. തീവ്ര സ്വഭാവമുള്ള സംഘടനകളും വ്യക്തികളും സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തുന്നതിന് എതിരേയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

◼️ *പാലക്കാടും ആലപ്പുഴയും രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായപ്പോള്‍ പൊലീസ് ജാഗ്രത പാലിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.* ഇല്ലെങ്കില്‍ കലാപം ഉണ്ടാകുമായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ മറ്റൊരു തരത്തിലാകുമായിരുന്നു. കൊലപാതകങ്ങളില്‍ അപലപിക്കാന്‍ പോലും യുഡിഎഫും കോണ്‍ഗ്രസും തയ്യാറായിട്ടില്ല. കോടിയേരി പറഞ്ഞു.


◼️2021 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയെ നിയമിച്ചു. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ജൂറി ചെയര്‍മാന്‍. മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ദേശീയ പുരസ്‌കാര ജേതാവാണ്. സംവിധായകരായ കെ. ഗോപിനാഥന്‍,  സുന്ദര്‍ദാസ് എന്നിവര്‍ രണ്ടു സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായിരിക്കും. ദൂരദര്‍ശന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടറര്‍ ബൈജു ചന്ദ്രന്‍, വി.ആര്‍. സുധീഷ്, സുസ്മേഷ് ചന്ത്രോത്ത്, സൗണ്ട് ഡിസൈനര്‍ ജിസ്സി മൈക്കിള്‍, സംവിധായിക സംഗീത പത്മനാഭന്‍, ഛായാഗ്രാഹകന്‍ വേണുഗോപാല്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.

◼️യെമനില്‍ ഹൂതി വിമതരുടെ തടവിലായിരുന്ന കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ദിപാഷ് അടക്കം മൂന്നു മലയാളികള്‍ മോചിതരായി. രണ്ടു ദിവസത്തിനുശേഷം ദിപാഷ് നാട്ടിലെത്തുമെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം. അബുദാബിയിലെ കപ്പലില്‍ ജീവനക്കാരനായിരുന്ന മേപ്പയൂര്‍ മൂട്ടപ്പറമ്പിലെ ദിപാഷിനെ ജനുവരിയിലാണ് ഹൂതി വിമതര്‍ തട്ടിക്കൊണ്ടുപോയത്.

◼️യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ തടവില്‍നിന്ന് 14 പേരെ മോചിപ്പിക്കാനായത് ഒമാന്റെ ഇടപെടല്‍ മൂലം. മോചിതരായവരില്‍ മൂന്നു മലയാളികള്‍ അടക്കം ഏഴ് ഇന്ത്യക്കാരുണ്ട്. ബ്രിട്ടന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മ്യാന്മാര്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും മോചിക്കപ്പെട്ടു.

◼️ഇടുക്കി കട്ടപ്പനയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പൂവേഴ്സ് മൗണ്ട് സ്വദേശി ഷിബു ദാനിയേല്‍ (39) ആണ് മരിച്ചത്. ഭാര്യ ഗര്‍ഭിണിയായതിനാല്‍ അടുക്കള ജോലികള്‍ ഷിബുവാണ് ചെയ്തിരുന്നത്. രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ കുക്കറിന്റെ അടപ്പ് ശക്തിയോടെ ഷിബുവിന്റെ തലയിലേക്കു തെറിച്ചു വീഴുകയായിരുന്നു. ഷിബു ഉടനേ ബോധരഹിതനായി വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

◼️കൊല്ലങ്കോട് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി യുവാവും പെണ്‍കുട്ടിയും തീകൊളുത്തി മരിച്ച സംഭവത്തില്‍  വിവാഹത്തിന് ഇരുവരുടേയും വീട്ടുകാര്‍ സമ്മതിച്ചിരുന്നതായി വെളിപെടുത്തല്‍. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് വിവാഹം നടത്താമെന്നാണ് ധാരണയുണ്ടാക്കിയിരുന്നതെന്ന് യുവാവിന്റെ വീട്ടുകാര്‍  പ്രതികരിച്ചു. 23 കാരനായ സുബ്രഹ്‌മണ്യനും 16 കാരിയായ ധന്യയും തമ്മില്‍ ഇഷ്ടമുള്ള കാര്യം ഇരുവീട്ടുകാര്‍ക്കും അറിയാമായിരുന്നെന്ന് യുവാവിന്റെ അമ്മ  പറഞ്ഞു.

◼️വയനാട് മേപ്പാടി പരപ്പന്‍പാറ കോളനിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍ നിന്നു വീണു മരിച്ചു. മരത്തില്‍നിന്നു യുവാവ് വീഴുന്നത് കണ്ടു ഓടുന്നതിനിടെ ഇയാളുടെ ബന്ധുവായ ആറ് മാസം പ്രായമായ കുട്ടി അമ്മയുടെ കയ്യില്‍നിന്നു വീണു മരിച്ചു.

◼️തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഓര്‍മയായി. സര്‍ക്കാര്‍ ബഹുമതികളോടെയായിരുന്നു സംസ്‌കാരചടങ്ങുകള്‍. എറണാകുളം ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തില്‍ സിനിമ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

◼️കൊലക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ചതിന്റെ പേരിലുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനും കാരായി രാജനുമെതിരെയാണ് പരാതി നല്‍കിയത്. സിപിഎം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയില്‍ പറയുന്നു.

◼️കുപ്രസിദ്ധ കുറ്റവാളി തക്കാളി രാജീവിനെ കാപ്പ ചുമത്തി തൃശൂരിലെ പൊലീസ് അകത്താക്കി. കൊലപാതക ശ്രമം, കവര്‍ച്ച ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിയ്യൂര്‍ നെല്ലിക്കാട് സ്വദേശിയായ രാജീവ് എന്ന തക്കാളി രാജീവ് (36). തൃശൂരിലെ ഒരു ബാര്‍ ഹോട്ടലില്‍ വെട്ടുകത്തിയുമായി അതിക്രമിച്ച് കയറി ബാറിലെ സപ്ലെയറെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

◼️പ്രശസ്ത ജീവശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. എം. വിജയന്‍ ബംഗളൂരുവില്‍ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സ്വദേശിയാണ്.

◼️കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ  പൊലീസില്‍ പരാതി നല്‍കി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയെന്നാണ് പരാതി.

◼️വളാഞ്ചേരിയില്‍ ഒരു കോടിയിലധികം രൂപയുടെ കുഴല്‍പണവുമായി ദമ്പതിമാര്‍ പിടിയില്‍. ഒരുകോടി  മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കല്‍, ഭാര്യ അര്‍ച്ചന എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 117 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. നാലു മാസത്തിനിടെ എട്ട് കോടിയോളം രൂപയുടെ കുഴല്‍പണമാണ് വളാഞ്ചേരിയില്‍നിന്ന്  പിടിച്ചെടുത്തത്.

◼️ഐഎഎസ് ഓഫീസര്‍മാര്‍ തമ്മില്‍ വിവാഹം. മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കളക്ടര്‍ രേണുരാജും തമ്മിലാണു വിവാഹിതരാകുന്നത്. ദേവികുളം സബ് കളക്ടറായിരുന്നപ്പോള്‍ കൈയേറ്റം ഒഴിപ്പിക്കലിലൂടെ ശ്രദ്ധേയനായ ഓഫീസറാണ് ശ്രീറാം വെങ്കിട്ടരാമന്‍. വാഹനമിടിച്ചു മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ശ്രീരാം വെങ്കിട്ടരാമന്‍. ചങ്ങനാശേരി സ്വദേശിയായ രേണുരാജ് സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യവിവാഹമാണ്. രണ്ടുപേരും ഡോക്ടര്‍മാരാണ്.  

◼️ഹരിപ്പാട് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടികൂടി. നഗരസഭയും ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകളുള്‍ നടത്തിയ പരിശോധനയില്‍ 300 കിലോയോളം പഴകിയതും ഫോര്‍മാലിന്‍ കലര്‍ന്നതുമായ മത്സ്യങ്ങള്‍ പിടികൂടി.

◼️കൊല്ലം കടയ്ക്കല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാവനാട് സ്വദേശി അരുണ്‍ എന്ന ബ്ലാക്കി അരുണ്‍ ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കിയത്.

◼️മാന്നാര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ലോറി ഡ്രൈവറായ കുട്ടംപേരൂര്‍ ശ്രീ നന്ദനം വീട്ടില്‍ ശ്രീനി (45)യെ ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിച്ച കേസിലെ നാലു പ്രതികളെ മാന്നാര്‍  പോലീസ് അറസ്റ്റു ചെയ്തു. മാന്നാര്‍ കിഴക്കേതില്‍ രാജീവ് (39), പാലപ്പറമ്പില്‍ അഖില്‍ (28), കല്ലുപുരക്കല്‍ ഹരിദത്ത് (ഡിക്സന്‍-40), കണ്ടത്തില്‍  സുരേഷ് കുമാര്‍(51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

◼️ഡല്‍ഹിയിലെ വിദ്യാഭ്യാസ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയെന്ന ആംആദ്മി പാര്‍ട്ടി നേതാവിന്റെ പ്രചാരണത്തെ തള്ളി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ഡല്‍ഹി മോഡല്‍ പഠിക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ കല്‍ക്കാജി സ്‌കൂള്‍ സന്ദര്‍ശിച്ചെന്നാണ് ആപ്പ്  എം.എല്‍ എ അതിഷി ട്വീറ്റ് ചെയ്തത്. ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്നാണ് മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്.

◼️ലഖീംപൂര്‍ഖേരി കൂട്ടക്കൊല കേസില്‍ മന്ത്രിപുത്രന്‍ ആശിഷ് മിശ്ര കീഴടങ്ങി. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് കീഴടങ്ങല്‍. ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി ആശിഷ് മിശ്രയോട് നിര്‍ദ്ദേശിച്ചിരുന്നു.

◼️ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേന ഏറ്റുമുട്ടലിലൂടെ മൂന്നു ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ലഷ്‌കര്‍ ഇ തോയിബ പ്രവര്‍ത്തകരാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

◼️ആസാമിലെ ഗോഹട്ടി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തിന് വന്‍ വിജയം. 60 സീറ്റുകളില്‍ 58 ഉം ബിജെപി - അസം ഗണ പരിഷത്ത് സഖ്യം തൂത്തുവാരി. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. ആംആദ്മി പാര്‍ട്ടി ആദ്യമായി അസം തലസ്ഥാന നഗരസഭയില്‍ അക്കൗണ്ട് തുറന്നു.

◼️22 ലക്ഷം രൂപ നല്‍കി വാങ്ങിയ കറുത്ത കുതിരയെ പഞ്ചാബ് സ്വദേശി വീട്ടിലെത്തി കുളിപ്പിച്ചപ്പോള്‍ കുതിരയുടെ നിറം മാറി. ബ്രൗണ്‍ നിറമായി മാറിയതോടെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് സംഗ്രുര്‍ ജില്ലയിലെ സുനം പട്ടണത്തില്‍ തുണിക്കട നടത്തുന്ന രമേശ് കുമാര്‍ കുതിര ഫാം തുടങ്ങാനാണ് മാര്‍വാരി ഇനത്തിലുളള കറുത്ത സ്റ്റാലിയന്‍ കുതിരയെ തേടി ഇറങ്ങിയത്. കുതിര വില്‍പനക്കാരായ നാലു പേരാണ് കറുത്ത കുതിരയെന്ന വ്യാജേന ബ്രൗണ്‍ നിറമുള്ള കുതിരയെ നല്‍കി കബളിപ്പിച്ചത്. പോലീസ് കേസെടുത്തിട്ടുണ്ട്.

◼️ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മറൈന്‍ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തി. ഇമ്മാനുവല്‍ മാക്രോണ്‍  58.2 ശതമാനം വോട്ടു നേടി.

◼️ചൈനയില്‍ കൊവിഡ് നാലാം തരംഗം. ഷാങ്ഹായി നഗരത്തിനു പിറകെ തലസ്ഥാനമായ ബെയ്ജിംഗിലും  ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

◼️പശ്ചിമ ബംഗാള്‍ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാളിന്റെ സെമി പ്രവേശനം. ഇതോടെ കേരളവും ബംഗാളും ഗ്രൂപ്പ് എയില്‍ നിന്ന് സെമിയില്‍ കടക്കുന്ന ടീമുകളായി.

◼️സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ പഞ്ചാബിന് ജയം. കേരളത്തോട് തോറ്റതോടെ സെമി ഫൈനല്‍ യോഗ്യത അവസാനിച്ച പഞ്ചാബ് മേഘാലയയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്.

◼️ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനം തുടരുന്നു, ഒപ്പം തോല്‍വിയും. ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് മുന്‍ ചാമ്പ്യന്‍മാര്‍ 36 റണ്‍സിന് തോറ്റു. ഈ സീസണില്‍ ഇതുവരെ ജയമറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ തുടര്‍ച്ചയായ എട്ടാം തോല്‍വിയാണിത്. ലഖ്‌നൗ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 132 റണ്‍സ് മാത്രം.

◼️2022ന്റെ ആദ്യ പാദത്തിലെ രാജ്യത്തെ ആഡംബര ഭവനങ്ങളുടെ വില്‍പ്പനയും വിതരണവും മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. 2022ലെ ഒന്നാം പാദത്തില്‍ മൊത്തത്തിലുള്ള ഭവന വില്‍പ്പനയുടെ 12 ശതമാനവും ആഡംബര വസ്തുക്കളാണ്. 2019 ലെ ഒന്നാം പാദത്തില്‍ ഇത് ഏഴ് ശതമാനം മാത്രമായിരുന്നു. ധനികരായ പലരും വലിയ വീടുകള്‍ വാങ്ങിയതാണ് ഇതിന് പ്രധാന കാരണം. 2021 കാലയളവില്‍ ഇത് 9,350 യൂണിറ്റുകളായിരുന്നു. 2020ലെ ഒന്നാം പാദത്തില്‍ 4,040 യൂണിറ്റുകള്‍ മാത്രമായിരുന്നു ലോഞ്ച് ചെയ്തത്. ലോക്ക്ഡൗണുകള്‍ക്ക് ശേഷം ലക്ഷ്വറി വിഭാഗത്തില്‍ ഡിമാന്‍ഡ് ഗണ്യമായി ഉയര്‍ന്നു തുടങ്ങിയതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

◼️കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ക്രിപ്റ്റോ കറന്‍സിയില്‍ പ്രതിഫലം നല്‍കാന്‍ ഒരുങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റര്‍. ഓണ്‍ലൈന്‍ പേയ്മെന്റ് സേവനങ്ങള്‍ നല്‍കുന്ന സ്ട്രിപ്പുമായി ചേര്‍ന്ന്, പരീക്ഷണാടിസ്ഥാനത്തില്‍ ആണ് ക്രിപ്റ്റോയില്‍ പ്രതിഫലം നല്‍കുക. സ്റ്റേബിള്‍ കോയിനായ യുഎസ്ഡിയിലാണ് ക്രിയേറ്റര്‍മാര്‍ക്ക് പ്രതിഫലം ലഭിക്കുക. യുഎസ് ഡോളറുമായി പെഗ് ചെയ്ത ക്രിപ്റ്റോയാണ് യുഎസ്ഡി. ഭാവിയില്‍ കൂടുതല്‍ മറ്റ് ക്രിപ്റ്റോ കറന്‍സികളും ട്വിറ്റര്‍ ഇടപാടുകള്‍ക്കായി ഉപയോഗിക്കും. തെരഞ്ഞെടുക്കപ്പെട്ട ക്രിയേറ്റര്‍മാര്‍ക്ക് മാത്രമാണ് ക്രിപ്റ്റോയില്‍ പ്രതിഫലം. കൂടുതല്‍ ക്രിയേറ്റര്‍മാരെയും ഉപഭോക്താക്കളെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷമാണ് ട്വിറ്റര്‍ മോണിറ്റൈസേഷന്‍ ഫീച്ചര്‍ നടപ്പാക്കിയത്.

◼️കെജിഎഫ് ചാപ്റ്റര്‍ 2വിലെ മോണ്‍സ്റ്റര്‍ ഗാനമെത്തി. ഗാനം പുറത്തിറങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒരു മില്യണിലധികം കാഴ്ചക്കാരിലേക്ക് എത്തുകയാണ് 'മോണ്‍സ്റ്റര്‍ സോങ്'. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ഡയലോഗുകളും കയ്യടി നേടിയ സീനുകളും കോര്‍ത്തിണക്കിയാണ് ഗാനത്തിന്റെ വീഡിയോ ചെയ്തിരിക്കുന്നത്. കെജിഎഫ് ഇറങ്ങിയ എല്ലാ ഭാഷകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒറ്റ ഗാനമായാണ് മോണ്‍സ്റ്റര്‍ ഗാനം ഇറങ്ങിയിരിക്കുന്നത്. അഥിതി സാഗര്‍ ആണ് മോണ്‍സ്റ്റര്‍ സോങ്ങിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

◼️ജോജു ജോര്‍ജിന്റേതായി കുറേ നാളുകള്‍ക്ക് മുമ്പ് പ്രഖ്യാപിക്കപ്പെട്ടതാണ് 'പീസ്' എന്ന ചിത്രം. നവാഗതനായ സന്‍ഫീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം വൈകാതെ റിലീസ് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത.'പീസ്' എന്ന ചിത്രത്തിന്റെ സെന്‍സര്‍ കഴിഞ്ഞു. യു/എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.  രമ്യാ നമ്പീശന്‍, അനില്‍ നെടുമങ്ങാട്, അതിഥി രവി, അനില്‍ രാധാകൃഷ്ണന്‍ മേനോന്‍, ആശ ശരത്ത്,  ഷാലു റഹീം, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ, തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്.