◼️പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു സന്ദര്‍ശനം നടത്തുന്ന ജമ്മു കാഷ്മീരില്‍ ഭീകരവേട്ട. ഭീകരരുമായി ഏറ്റുമുട്ടിയ സൈന്യം ഇന്നലെ രാത്രി രണ്ടു ജയ്ഷെ ഭീകരരേയും വൈകുന്നേരം ആറു ഭീകരരേയും വകവരുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ബനിഹാല്‍ - ഖാസികുണ്ട് തുരങ്കം ഉള്‍പ്പെടെ ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ദേശീയ പഞ്ചായത്ത് രാജ് ദിനാചരണത്തില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാജ്യത്തെ ഗ്രാമസഭകളെ അഭിസംബോധന ചെയ്യും. കാഷ്മീരിലെ മിര്‍ഹാമയിലാണു സൈന്യം രണ്ടു ജെയ്ഷെ ഭീകരരെ വധിച്ചത്. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന പല്ലി ഗ്രാമത്തില്‍നിന്ന് ഇരുപതു കിലോമീറ്റര്‍ അകലെ സൈനിക വാഹനത്തെ ആക്രമിച്ച രണ്ടു ചാവേറുകള്‍ ഉള്‍പ്പടെ ആറു ഭീകരരെയും വധിച്ചു.
◼️കേരളത്തിലെ ദേശീയ പാത വികസനം 2025 ല്‍ പൂര്‍ത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി വി.കെ സിംഗ്. ദേശീയപാത 66 ആറുവരിയാക്കണമെന്നാണ് ലക്ഷ്യം. റോഡ് വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ഭൂമി വിട്ടുനല്‍കുന്നവര്‍ക്കായി 5,311 കോടി രൂപയാണ് സംസ്ഥാനം ചെലവാക്കിയത്. അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.
◼️സിബിഎസ്ഇ പത്താംക്ലാസ് പാഠപുസ്‌കത്തില്‍നിന്ന് ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത ഉള്‍പ്പെട്ട ഭാഗം ഒഴിവാക്കി. ഡെമോക്രാറ്റിക് പൊളിറ്റിക്സ് പാഠപുസ്തകത്തിലെ മതനിരപേക്ഷതയെക്കുറിച്ചുള്ള പാഠഭാഗത്തെ മൂന്നു പേജുകളാണ് ഒഴിവാക്കിയത്. നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
◼️മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലെത്തും. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ പരിശോധനയ്ക്കും ചികില്‍സയ്ക്കുമായാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്. 18 ദിവസത്തിനുശേഷം മെയ് പത്തോടെ തിരിച്ചെത്തും. മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. കഴിഞ്ഞ ജനുവരിയില്‍ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സയുടെ തുടര്‍ച്ചയ്ക്കായാണ് അമേരിക്കയിലേക്കു പോയത്.
◼️അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍പോളിന്റെ സംസ്‌കാരം ഇന്ന് കൊച്ചിയില്‍. മൃതദേഹം രാവിലെ എട്ടു മുതല്‍ 11 വരെ കൊച്ചി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ചലച്ചിത്ര, സാംസ്‌കാരിക മേഖലയിലുള്ളവര്‍ അന്ത്യോപചാരം അര്‍പ്പിക്കും. ഉച്ചയോടെ ചാവറ കള്‍ച്ചറല്‍ സെന്ററിലും മരടിലെ വീട്ടിലും പൊതുദര്‍ശനത്തിനുശേഷം മൂന്നു മണിയോടെ കൊച്ചി ഇളംകുളത്തെ സെന്റ് മേരീസ് സിംഹാസന പള്ളിയില്‍ സംസ്‌കരിക്കും.
◼️കേരളത്തില്‍ ഇന്നും ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശ്രീലങ്കയ്ക്കു മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ നാലു ദിവസംകൂടി മഴ പെയ്തേക്കും.
◼️നാലര വയസുള്ള ദത്തുമകളെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ രണ്ടാം പ്രതിയായ വളര്‍ത്തമ്മയ്ക്കു ജീവപര്യന്തം തടവും പിഴയും ശിക്ഷ. 1991 ല്‍ മിനി എന്ന ശാരി കൊല്ലപ്പെട്ട കേസിലാണ് വിധി. പ്രതിയായ ബീന എന്ന ഹസീനയെയാണു കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ജില്ലാ ജഡ്ജി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഒന്നാം പ്രതി ഗണേശന്‍ ഒളിവിലാണ്. സംഭവം നടന്ന് 28 വര്‍ഷത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
◼️ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. വയനാട് പൂവനാരിക്കുന്ന് സ്വദേശി നെടുങ്കണ്ടി വീട്ടില്‍ അബ്ദുവിന്റെ മകന്‍ എന്‍.കെ അജ്മല്‍ (20), ബന്ധുവായ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി സലാമിന്റെ മകന്‍ അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. അജ്മല്‍ ഓടിച്ച പിക്കപ്പ് വാന്‍ എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
◼️പാലക്കാട് ജില്ലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 26 വരെയായിരുന്ന നിരോധനാജ്ഞ 28 ാം തീയതി വരേയ്ക്കാണ് നീട്ടിയത്.
◼️പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു. സമാധാനം ഉറപ്പാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് നേതാക്കളുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
◼️മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു താമസസ്ഥലം നല്‍കിയതിന് അറസ്റ്റിലായ രേഷ്മയ്ക്കു ജാമ്യം. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
◼️അറസ്റ്റിലായ രേഷ്മയും കുടുംബവും സിപിഎമ്മുകാരാണെങ്കിലും അവര്‍ക്കെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ സിപിഎം സൈബര്‍ പോരാളികളുടെ അശ്ലീല പ്രചാരണം. സദാചാര യുദ്ധം തുടരുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന നിലപാടിലാണ് കുടുംബാംഗങ്ങള്‍.
◼️ഹരിദാസ് കൊലക്കേസിലെ പ്രതിയാണെന്ന് അറിയാതെയാണ് വീടു വാടകയ്ക്കു നല്‍കിയതെന്ന് രേഷ്മയുടെ കുടുംബാംഗങ്ങള്‍. പ്രതി നിജില്‍ദാസിന്റെ ഭാര്യ ദിപിന രേഷ്മയുടെ ബാല്യകാല സുഹൃത്താണ്. കുടുംബ പ്രശ്നംമൂലം താമസിക്കാന്‍ വീടുവേണമെന്ന് ദിപിനയാണ് ആവശ്യപ്പെട്ടതെന്നും വീട്ടുകാര്‍ പറഞ്ഞു.
◼️തിരുവനന്തപുരം കഴക്കൂട്ടത്ത് കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധസമരക്കാരെ ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പൊലീസുദ്യോഗസ്ഥന്‍ ഷബീറിനെ സ്ഥലംമാറ്റി. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ഷബീറിനെ തിരുവനന്തപുരത്തെ എആര്‍ ക്യാമ്പിലേക്കാണു മാറ്റിയത്.
◼️സപ്ലൈകോ നെല്ലു സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്കു രസീതി നല്‍കുന്നില്ലെന്ന് വിജിലന്‍സ് കണ്ടെത്തി. ശേഖരിക്കുന്ന നെല്ലിന്റെ സാംപിള്‍ ലാബിലേക്കു പരിശോധനയ്ക്ക് അയക്കുന്നില്ലെന്നും കണ്ടെത്തി. പാലക്കാട്, ആലത്തൂര്‍ നെല്ല് വിപണന ഓഫീസ്, പാലക്കാട് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസ്, തേങ്കുറിശ്ശി, മുതലമട എന്നിവിടങ്ങളിലെ മൂന്ന് സ്വകാര്യ മില്ലുകളിലുമായിരുന്നു വിജിലന്‍സിന്റെ പരിശോധന.
◼️കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. നാലു യാത്രക്കാരില്‍നിന്ന് മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. മലപ്പുറം കൂരിയാട് സ്വദേശി മുജീബ് റഹ്‌മാന്‍, നിലമ്പൂര്‍ അമരമ്പലം സ്വദേശി സക്കീര്‍ പുലത്ത്, വയനാട് അമ്പലവയല്‍ സ്വദേശി മുഹമ്മദ് ഫൈസല്‍, മഞ്ചേരി പുല്‍പ്പറ്റ സ്വദേശി പി.സി. ഫൈസല്‍ എന്നിവരാണ് പിടിയിലായത്.
◼️മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിലായി 1706.88 കിലോ പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം പിടിച്ചെടുത്തു. പ്രധാന ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍ മത്സ്യ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 1070 പരിശോധനകളാണ് നടത്തിയത്.
◼️നടിയെ ആക്രമിച്ച കേസിനെ തന്റെ സ്ഥലംമാറ്റം ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. സര്‍ക്കാര്‍ നിയോഗിച്ച ഒരു അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനോ അന്വേഷണസംഘത്തിനോ മാറ്റമില്ല. ശ്രീജിത്ത് ചൂണ്ടിക്കാട്ടി.
◼️പട്ടാമ്പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം തടവു ശിക്ഷ. ഒന്നേകാല്‍ ലക്ഷം രൂപ പിഴയും അടയ്ക്കണം. ചാലക്കുടി സ്വദേശി ഷിജുവിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. മൂന്നു കേസുകളിലായാണ് പ്രതിക്ക് 50 വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്. മൂന്നു കേസിലുമായി 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. പിഴത്തുക പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കു നല്‍കാനും കോടതി ഉത്തരവില്‍ പറയുന്നു.
◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മൂന്നാം തവണയും ലൈംഗികമായി പീഡിപ്പിച്ച യുവാവ് കൊല്ലം കുന്നിക്കോട്ട് അറസ്റ്റില്‍. തലവൂര്‍ സ്വദേശിയായ അനീഷ് എന്ന ഇരുപത്തഞ്ചുകാരനാണ് പിടിയിലായത്. നേരത്തെ രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരുന്ന ഇയാള്‍ ജയില്‍വാസത്തിനുശേഷം വിചാരണ നേരിട്ടുകൊണ്ടിരിക്കേയാണ് മൂന്നാമത്തെ പീഡനം.
◼️എരുമേലി കൊരട്ടി അമ്പലവളവില്‍ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ത്ഥിനി മരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി അനുപമ മോഹനനാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന അമീര്‍ എന്ന വിദ്യാര്‍ത്ഥിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◼️പാഴ്സലായെത്തിയ പുല്ലുവെട്ടു യന്ത്രം കൊണ്ടുപോകാന്‍ കൂലി ആവശ്യപ്പെട്ട് സിഐടിയു പ്രവര്‍ത്തകര്‍. തൃശൂര്‍ മുണ്ടത്തിക്കോട് സ്വദേശി ജിതിന്റെ 65 കിലോ തൂക്കമുള്ള യന്ത്രമാണ് തൃശൂര്‍ കുരിയച്ചിറയില്‍ 14 ചുമട്ടുതൊഴിലാളികള്‍ ചേര്‍ന്നു തടഞ്ഞിട്ടത്. ഒടുവില്‍ പോലീസ് എത്തിയാണ് പുല്ലുവെട്ടു യന്ത്രം കൊണ്ടുപോകാന്‍ അനുവദിച്ചത്.
◼️കൊച്ചി മെട്രോയുടെ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയതും ഉദ്യോഗാര്‍ത്ഥിയെ തെരഞ്ഞെടുത്തതും ചോദ്യം ചെയ്ത് ഇടപ്പള്ളി സ്വദേശി സുരേഷ് ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണു നടപടി.
◼️ലുങ്കിയുടുത്ത് പാടവരമ്പത്ത് വിത്തെറിഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ നെല്‍കൃഷിക്കാണ് കടമ്പൊഴി പാടശേഖരത്തില്‍ കളക്ടര്‍ വിത്തെറിഞ്ഞു തുടക്കമിട്ടത്. സംഘാടകര്‍ നല്‍കിയ പച്ചക്കറി ബൊക്കെയും മുല്ലപ്പൂ മാലയും കൈലിമുണ്ടും സ്വീകരിച്ചാണ് കളക്ടര്‍ വിത്തു വിതച്ചത്.
◼️ബിരുദതല മെഡിക്കല്‍ പ്രവേശനപരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് - അണ്ടര്‍ ഗ്രാജുവേറ്റ് (നീറ്റ് - യു. ജി.) ന് അപേക്ഷ ക്ഷണിച്ചു. മെയ് ആറുവരെ അപേക്ഷിക്കാം. പരീക്ഷ ജൂലൈ 17 ന് ഉച്ചയ്ക്കു രണ്ടു മുതലാണ്.
◼️പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, മറ്റ് പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ വെബ്‌സൈറ്റില്‍നിന്നു പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറല്‍ ബാങ്ക് ശാഖയില്‍ ഹാജരാക്കി 26 നകം ഫീസ് ഒടുക്കണം.
◼️ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയിലെ വിജയവാഡയിലാണു സംഭവം. ചാര്‍ജ് ചെയ്യുന്നതിനിടെയാണ് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചത്. ഉടമയായ നാല്‍പ്പതുകാരന്‍ ശിവകുമാര്‍ മരിച്ചു. ഭാര്യക്കും കുട്ടിക്കും ഗുരുതരമായി പൊള്ളലേറ്റു. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പൊട്ടിത്തെറിക്കുന്ന അപകടങ്ങള്‍ വര്‍ധിച്ചിരിക്കേ, അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
◼️മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കുടുംബ വീടായ മാതോശ്രീയില്‍ വന്ന് ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് ഭീഷണി മുഴക്കിയ അമരാവതിയിലെ സ്വതന്ത്ര എംപി നവനീത് റാണെയെയും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണെയെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.
◼️രാജ്യത്ത് ഊര്‍ജ പ്രതിസന്ധി. കല്‍ക്കരി ക്ഷാമമാണു കാരണം. 150 കല്‍ക്കരി നിലയങ്ങളില്‍ 81 എണ്ണത്തിലും കര്‍ക്കരി ക്ഷാമംമൂലം വൈദ്യുതി ഉല്‍പാദനം കുറയ്ക്കേണ്ടിവന്നെന്നാണു റിപ്പോര്‍ട്ട്. വൈദ്യുതി നിലയങ്ങളില്‍ പ്രതിദിനം 21 ലക്ഷം ടണ്‍ കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. താപവൈദ്യുത നിലയങ്ങളില്‍ 220 ലക്ഷം ടണ്‍ കല്‍ക്കരിയുണ്ട്.
◼️സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ഉറപ്പിച്ച ആദ്യ ടീമായി മണിപ്പൂര്‍. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ കര്‍ണാടകയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് മണിപ്പൂരിന്റെ സെമി പ്രവേശനം. മറ്റൊരു മത്സരത്തില്‍ ഗുജാത്തിനെ തകര്‍ത്ത് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി ഒഡിഷ. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ വിജയം.
◼️ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ടു റണ്‍സിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◼️ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി വിജയക്കുതിപ്പ് തുടര്‍ന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ 68 റണ്‍സിന് പുറത്താക്കിയ ഹൈദരാബാദ് ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ടോവറില്‍ ലക്ഷ്യം അടിച്ചെടുത്തു. 28 പന്തില്‍ 47 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ജയം വേഗത്തിലാക്കിയത്.
◼️ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ആഴ്‌സണലാണ് യുണൈറ്റഡിനെ തകര്‍ത്തത്. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ആഴ്സണലിന്റെ വിജയം.
◼️ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള വ്യക്തികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍ സ്റ്റോറുകളിലും വ്യാപാര സ്ഥാപനങ്ങളിലും മൊബൈല്‍ ഫോണുകളിലെ യുപിഐ (യൂണിഫൈയ്ഡ് പേമെന്റ് ഇന്റര്‍ഫെയ്സ്) ഭീം ആപ്പ് ഉപയോഗിച്ച് ഇനി പണമടയ്ക്കാനാവും. പണമിടപാടുകള്‍ നടത്തുന്നതിനായി ഉപയോക്താക്കള്‍ക്ക് ഇന്ത്യയില്‍ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈല്‍ ആപ്പ് എന്നിവ ഉണ്ടായിരിക്കണം. ഓരോ വര്‍ഷവും ബിസിനസ്, വിനോദസഞ്ചാരം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി യുഎഇ സന്ദര്‍ശിക്കുന്ന 20 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. അതേസമയം യുഎഇയില്‍ എല്ലായിടത്തും യുപിഐ സേവനം ലഭ്യമാകില്ല. നിയോപേ ടെര്‍മിനലുകളുള്ള വ്യാപാരികളും സ്ഥാപനങ്ങളും മാത്രമാണ് പേയ്മെന്റുകള്‍ സ്വീകരിക്കുക.
◼️ലൈഫ്സ്‌റ്റൈല്‍ രംഗത്ത് വീണ്ടും നിക്ഷേപവുമായി നൈകയുടെ മാതൃസ്ഥാപനം എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ചേഴ്സ് ലിമിറ്റഡ്. എര്‍ത്ത് റിഥം, അത്ലെഷര്‍ ബ്രാന്‍ഡായ കിക, ഡയറ്ററി-ന്യൂട്രികോസ്മെറ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന നഡ്ജ് വെല്‍നസ് എന്നിവയിലാണ് നൈക നിക്ഷേപം നടത്തിയത്. മൂന്ന് കമ്പനികളിലേതും ചേര്‍ത്ത് 63.76 കോടി രൂപയുടേതാണ് നിക്ഷേപം. 3.6 കോടിക്ക് നഡ്ജ് വെല്‍നെസിന്റെ 60 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ നൈക, ആദ്യമായാണ് ഡയറ്ററി-ന്യൂട്രികോസ്മെറ്റിക് മേഖലയിലേക്ക് എത്തുന്നത്. 41.65 കോടി രൂപയ്ക്ക് എര്‍ത്ത് റിഥത്തിന്റെ 18.51 ശതമാനം ഓഹരികളാണ് നൈക വാങ്ങിയത്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന കികയെ 45.51 കോടിക്ക് പൂര്‍ണമായും നൈക ഏറ്റെടുത്തു.
◼️'ദൃശ്യം രണ്ടി'ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ട്വല്‍ത്ത്മാന്‍ എത്തുക. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ട്വല്‍ത്ത് മാന്‍ ചിത്രം വൈകാതെ എത്തുമെന്ന് മോഹന്‍ലാല്‍ തന്നെയാണ് അറിയിച്ചത്. എന്നാണ് റിലീസ് തിയ്യതി എന്ന് പ്രഖ്യാപിച്ചിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ട്വല്‍ത്ത് മാനില്‍ അഭിനയിക്കുന്നുണ്ട്.
◼️കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമാണ് 'സാനി കായിദം'. കീര്‍ത്തി സുരേഷിന്റെ ഒരു വേറിട്ട കഥാപാത്രം എന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതുമാണ് 'സാനി കായിധം'. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുക. മെയ് ആറിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 'പൊന്നി' എന്ന കഥാപാത്രമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവര്‍ക്ക് എതിരെ 'പൊന്നി' നടത്തുന്ന പോരാട്ടമാണ് ചിത്രത്തില്‍ പറയുന്നത്. സംവിധായകന്‍ സെല്‍വരാഘവന് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. സെല്‍വരാഘവന്റെ സഹോദരിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്.
◼️ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതോടെ പാസഞ്ചര്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. അടിയന്തരമായി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ശരാശരി 1.1 ശതമാനം വര്‍ധനവാണ് ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ നടപ്പാക്കുന്നത്. വേരിയന്റിനെയും മോഡലിനെയും ആശ്രയിച്ചായിരിക്കും വില വര്‍ധനവെന്നും കമ്പനി വ്യക്തമാക്കി. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിയുടെ മോഡലും വേരിയന്റും അനുസരിച്ച് 2-2.5 ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി ഏപ്രില്‍ 18 ന് അതിന്റെ എല്ലാ മോഡലുകളുടെയും വില ശരാശരി 1.3 ശതമാനം വര്‍ധിപ്പിച്ചിരുന്നു.
◼️നൂറില്‍പരം ചലചിത്രങ്ങള്‍ക്ക് തിരക്കഥയിലൂടെ ആരൂഢം തീര്‍ത്ത ജോണ്‍ പോളിന്റെ ജീവിതം. എഴുത്ത് ചിന്ത എന്നിവയിലൂടെ കടന്നു പോകുന്ന ദീര്‍ഘ സംഭാഷണം. സൗഹൃദയവും ആത്മീയതയും വിശ്വാസവും യാത്രയും സ്വപ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പരാജയവും പ്രണയവും പെണ്ണനുഭവങ്ങളും പ്രതിപാദ്യമാകുന്ന ഈ പുസ്തകത്തില്‍ ഇതുവരെ രേഖപ്പെടുത്താത്തനിരവധി അനുഭവങ്ങളും നിലപാടുകളും ചിതറി കിടക്കുന്നു. 'ജോണ്‍ പോള്‍ സംഭാഷണത്തിലൂടെ ജീവിതം വരയുന്നു'. സുനീഷ് കെ. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 585 രൂപ.
◼️എത്ര പ്രായം കൂടിയാലും മനസും ശരീരവും ആരോഗ്യത്തോടെയിരിക്കേണ്ടത് പ്രധാനമാണ്. ശരീരത്തെ ഫിറ്റായി സംരക്ഷിക്കുമ്പോള്‍ മനസും കൂടുതല്‍ ആരോഗ്യത്തോടെയിരിക്കുന്നു. പ്രായം കൂടുന്നത് നമുക്ക് തടയുവാന്‍ സാധിക്കില്ലെങ്കിലും അതിന്റെ വേഗതയെ നമുക്ക് പതുക്കെയാക്കുവാന്‍ കഴിയും. പ്രത്യേകിച്ച് ആകാലവാര്‍ദ്ധക്യത്തെ. പ്രായത്തിനനുസരിച്ച് നാം കഴിക്കുന്ന ഭക്ഷണങ്ങള്‍ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. സംസ്‌കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയുടെ ഉപഭോഗവും പരിമിതപ്പെടുത്താനും മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തണം. ചര്‍മ്മത്തെ പുതുമയുള്ളതും ഉന്മേഷദായകവുമാക്കുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഊര്‍ജം വര്‍ദ്ധിപ്പിക്കുന്നതിനും 'ഡിറ്റോക്സ് ഡ്രിങ്കുകള്‍' സഹായിക്കുന്നു. സമ്മര്‍ദ്ദം നമ്മെ വേഗത്തില്‍ പ്രായമാക്കുന്നു. സ്ട്രെസ് നിയന്ത്രിക്കാന്‍ ധ്യാനം, യോഗ എന്നിവ ശീലമാക്കുക. ഇവ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു. കൂടുതല്‍ പോസിറ്റീവ് ചിന്തകള്‍ പ്രോത്സാഹിപ്പിക്കണം. ഇത് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും നമ്മെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും കാണുന്നതിന് സഹായിക്കും. പുകവലി ചര്‍മ്മത്തിലേക്കുള്ള ഓക്സിജന്‍ വിതരണം കുറയ്ക്കുന്നു. ഇത് രക്തചംക്രമണം കുറയുന്നതിലേക്ക് നയിക്കുന്നു. പുകവലി നിയന്ത്രിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നത് പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കും.
*ശുഭദിനം*
അവള്‍ക്ക് കാഴ്ചയുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ജീവിതത്തിന് വല്ലാത്ത വിരസത തോന്നി. ആയിടെയാണ് ഒരു പുതിയ സുഹൃത്തിനെ അവള്‍ക്ക് കിട്ടിയത്. അയാളുടെ വാക്കുകളില്‍ അവള്‍ ജീവിതത്തെ സ്‌നേഹിച്ചുതുടങ്ങി. ഒരിക്കല്‍ അവള്‍ അവനോട് പറഞ്ഞു: എനിക്ക് നിന്നെ ഇഷ്ടമാണ്. ഇനിയുളള കാലം എനിക്ക് നിന്നോടൊപ്പം ജീവിച്ചുതീര്‍ക്കാനാണ് ആഗ്രഹം. പക്ഷേ, എന്റെ കണ്ണുകള്‍ക്ക് കാഴ്ച ലഭിച്ചുകഴിഞ്ഞുമാത്രമേ ഞാന്‍ വിവാഹത്തെകുറിച്ച് ആലോചിക്കുന്നുള്ളൂ. അവള്‍ക്ക് കണ്ണുകള്‍ ലഭിക്കാന്‍ അവന്‍ ഒരുപാട് അന്വേഷിച്ചു. ഒന്നും ലഭിച്ചില്ല. തന്റെ കണ്ണുകള്‍ അവള്‍ക്ക് നല്‍കാന്‍ അവന്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ നടന്നു. അവള്‍ക്ക് കാഴ്ച തിരികെ കിട്ടി. പക്ഷേ, വളരെ ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അവന്‍ അവളെ കാണാന്‍ വന്നത്. താന്‍ സ്‌നേഹിച്ചിരുന്ന ആള്‍ക്ക് കാഴ്ചയില്ലെന്ന തിരിച്ചറിവില്‍ അവള്‍ വിവാഹത്തെകുറിച്ചൊന്നു സംസാരിക്കുക പോലും ചെയ്തില്ല. കുറച്ച് ദിവസം കഴിഞ്ഞ് അവന്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തനിക്ക് കാഴ്ചയുളളയാളെ മതി വിവാഹം കഴിക്കാന്‍ എന്നവള്‍ പറഞ്ഞു. അതുകേട്ട് സങ്കടപ്പെട്ട് അവന്‍ അവിടെനിന്നും യാത്രയായി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അവളെ തേടി ഒരു കത്ത് വന്നു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു..ഒരുമിച്ചുള്ള ജീവിതം ഞാന്‍ കാത്തിരുന്നതാണ്. പക്ഷേ, നീയത് ആഗ്രഹിക്കുന്നില്ല എന്നറിഞ്ഞപ്പോള്‍ എനിക്ക് ദുഃഖവും ദേഷ്യവും മാറി മാറി വന്നു. എന്തായാലും നിന്നെ ഞാന്‍ ഇനി ഓര്‍ക്കാന്‍ നില്‍ക്കുന്നില്ല. ഞാനെന്റെ ജീവിതവുമായി മുന്നോട്ട് പോകുന്നു. പിന്നെ ചെറിയൊരു കാര്യം പറയട്ടെ... നിനക്കുകിട്ടിയ ആ കണ്ണുകളെ നീ നല്ലോണം ശ്രദ്ധിക്കണം,. സൂക്ഷിക്കണം.. കാരണം അത് നിന്റെതാകുന്നതിന് മുമ്പ് അത് എന്റേതായിരുന്നു വേദനിപ്പിച്ചവരെ മറക്കാനോ അവരോട് പൊറുക്കാനോ എളുപ്പമല്ല. പിന്നിലേക്ക് തന്നെ നോക്കിയിരുന്നാല്‍ ഓര്‍മ്മകള്‍ വന്ന് നമ്മുടെ മുറിവില്‍ തൊടും. നമുക്കവരെ മറക്കാനോ , പൊറുക്കാനോ നില്‍ക്കണ്ട.. വിട്ടുകളയാം... എന്നിട്ട് മുന്നോട്ട് നോക്കി ജീവിതത്തെയും ചേര്‍ത്ത്പിടിച്ച് യാത്ര തുടരാം - *ശുഭദിനം.*
Media 16 news