◼️സ്വതന്ത്ര വ്യപാരകരാര്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയും ബ്രിട്ടനും. കരാറിന്റെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടെന്ന് നയതന്ത്ര ചര്‍ച്ചകള്‍ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അറിയിച്ചു. റഷ്യ യുക്രെയിന്‍ സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന നിലപാട് കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദി ആവര്‍ത്തിച്ചു.
◼️ശ്രീലങ്കയില്‍ നിന്ന് വീണ്ടും അഭയാര്‍ത്ഥികള്‍. 18 ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ കൂടി തമിഴ്നാട് തീരത്ത് എത്തി. രണ്ട് ബോട്ടുകളിലായി രാമേശ്വരം തീരത്താണ് ഇവരെത്തിയത്. ആദ്യം വന്ന ബോട്ടില്‍ 13 പേരും രണ്ടാമത്തേതില്‍ 5 പേരുമാണ് ഉണ്ടായിരുന്നത്. ഗര്‍ഭിണിയായ യുവതിയും ഒന്നര വയസുള്ള കുഞ്ഞുമടക്കം 7 കുട്ടികളും 5 സ്ത്രീകളും പുതിയതായി എത്തിയവരില്‍ ഉണ്ട്. ഇതോടെ മാര്‍ച്ച് 22 മുതല്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയ എത്തിയ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ എണ്ണം 60 ആയി.
◼️ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നും അപകടങ്ങളെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനികള്‍ക്ക് കനത്ത പിഴ ചുമത്തുന്നത് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
◼️സംസ്ഥാനത്ത് പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്പോര്‍ട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാര്‍ ജയില്‍ മേധാവിയാകും. എസ് ശ്രീജിത്തിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ട്രാന്‍സ്പോര്‍ട് കമ്മീഷണറായിരുന്ന എം ആര്‍ അജിത് കുമാര്‍ വിജിലന്‍സ് മേധാവിയാകും.
◼️നടിയെ ആക്രമിച്ച കേസും, ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവില്‍ നില്‍ക്കവേയാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ മാറ്റമെന്നത് ശ്രദ്ധേയം. കേസിന്റെ ഭാവിയെ വരെ ഇത് ബാധിച്ചേക്കാമെന്ന് വിലയിരുത്തലുകള്‍. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്‍ നീക്കത്തെ തുടര്‍ന്നുള്ള പരാതികളാണ് ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്നാണ് സൂചന.
◼️മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും പികെ കുഞ്ഞാലിക്കുട്ടിയെ കിങ് മേക്കര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതില്‍ ഇപി ജയരാജന് വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ യോഗം വിമര്‍ശിച്ചത്. പ്രസ്താവന അനവസരത്തിലാണെന്നും പ്രസ്താവനകളില്‍ ശ്രദ്ധ വേണമെന്നും സെക്രട്ടേറ്റിയേറ്റ് യോഗം നിര്‍ദ്ദേശിച്ചു. മുസ്ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും യുഡിഎഫ് ദുര്‍ബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടുകയായിരുന്നെന്നും ഇപി ജയരാജന്‍ പറഞ്ഞു.
◼️നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് നടിയുടെ മൊഴിയെടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി.
◼️ഈ വര്‍ഷത്തെ ഹജ്ജിനുള്ള കേന്ദ്ര കമ്മറ്റി ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തില്‍ 5747 പേര്‍ക്ക് ഹജ്ജിന് അവസരം കിട്ടും. ഹജ്ജിന് പോകാന്‍ അപേക്ഷിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് അവസരം ലഭിക്കും. ഈ മാസം 26 നും 30 നും ഇടയിലായി നറുക്കെടുപ്പ് നടക്കുമെന്നാണ് അറിയിപ്പ്.
◼️കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളത്തിനുള്ള പണം നല്‍കാന്‍ എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു. തൊഴിലാളി യൂണിയനുകളുമായി തലസ്ഥാനത്ത് നടത്തിയ ചര്‍ച്ചക്ക് തൊട്ടുമുമ്പായിരുന്നു മന്ത്രിയുടെ പരാമര്‍ശം. അതേസമയം ഈ മാസം 28 ന് പണിമുടക്ക് സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് കെ എസ് ആര്‍ ടി സി തൊഴിലാളി സംഘടനകള്‍ പിന്മാറി. ഗതാഗത മന്ത്രിയുമായി ഈ മാസം 25 ന് ചര്‍ച്ച നടത്താമെന്ന അറിയിപ്പ് വന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.
◼️കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകളുടെ വരുമാനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിടി ബല്‍റാം. 10 ദിവസം കൊണ്ട് സ്വിഫ്റ്റ് 61 ലക്ഷം വരുമാനം ഉണ്ടാക്കി എന്ന വാര്‍ത്ത തെറ്റാണ്. സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പില്‍ മാത്രം 12 ലക്ഷം നഷ്ടമുണ്ട്, യഥാര്‍ത്ഥ നഷ്ടം 50 ലക്ഷമാണെന്നും കണക്കുകള്‍ വിലയിരുത്തി വിടി ബല്‍റാം വ്യക്തമാക്കി.
◼️കെഎസ്ഇബിയിലെ ഭരണാനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത് ചട്ടപ്രകാരമാണെന്ന് കെഎസ്ഇബി. 2019 മുതലുള്ള അന്വേഷണത്തിനൊടുവിലാണ് നോട്ടീസ്. മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ വാഹനം ഉപയോഗിക്കാന്‍ അനുവദിച്ച് ഉത്തരവില്ല. ഡെപ്യൂട്ടേഷന്‍ കാലത്തെ അച്ചടക്ക രാഹിത്യത്തിന് നടപടിയെടുക്കാനുള്ള അവകാശം നിയമനാധികാരിയായ കെ എസ് ഇ ബി ക്കാണെന്നും നിയമപ്രകാരമാണ് നോട്ടീസെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
◼️ആനയെഴുന്നള്ളിപ്പിന് ദേവസ്വങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി വനംവകുപ്പ്. മെയ് 31-നകം എല്ലാ ക്ഷേത്രങ്ങളും ദേവസ്വങ്ങളും നാട്ടാന പരിപാല നിയമം അനുസരിച്ച് ആനകളുടെ എണ്ണം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശം അനുസരിക്കാത്ത ദേവസ്വങ്ങളുടെ വിവരങ്ങള്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും വനം സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കുന്നു.
◼️പ്രായപരിധി കര്‍ശനമാക്കിയതിനാല്‍ മേല്‍ക്കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് ബ്രാഞ്ചിലേക്ക് മാറാന്‍ താത്പര്യം അറിയിച്ച ജി സുധാകരന് ഘടകം നിശ്ചയിച്ചു. ആലപ്പുഴ ജില്ലാ ഡി സി ബ്രാഞ്ചില്‍ മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന നേതാവുമായിരുന്ന ജി സുധാകരന്‍ അംഗമായി തുടരും. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ജി സുധാകരന്റെ ഘടകം നിശ്ചയിച്ചത്.
◼️ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ച അറസ്റ്റിലായ മൂന്ന് പ്രതികളെ റിമാന്റ് ചെയ്തു. ഇന്നലെ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കല്‍പ്പാത്തി സ്വദേശി അഷ്ഫാഖ്, ഒലവക്കോട് സ്വദേശി അഷ്‌റഫ്, കാഞ്ഞിരപ്പുഴ സ്വദേശി സദ്ദാം ഹുസ്സൈന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ സദ്ദാം ഹുസ്സൈന്‍ ശംഖുവാരത്തോട് പള്ളി ഇമാമാണ്. പ്രതികളിലൊരാളെ ഒളിപ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്.
◼️സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആര്‍എസ്എസ് പ്രാദേശിക നേതാവിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തെ വീട്ടില്‍ ഒളിവില്‍ കഴിയവേ പിടികൂടി. കേസിലെ മുഖ്യപ്രതി പാറക്കണ്ടി നിഖില്‍ ദാസിനെ (38) ആണ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യ പി.എം.രേഷ്മയെയും (42) അറസ്റ്റ് ചെയ്തു. രാത്രി എട്ടരയോടെ ഈ വീടിനു നേരെ ബോംബേറുണ്ടായി.
◼️ശബരിമലയിലെ വെര്‍ച്ച്വല്‍ ക്യൂ സംവിധാനം പൊലീസില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. വെര്‍ച്ച്വല്‍ ക്യൂ സംവിധാനം ദേവസ്വത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളിലാണ് കോടതി ഉത്തരവ്.
◼️മൈലപ്ര സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ബാങ്ക് ഭരണ സമിതി സസ്പെന്‍ഡ് ചെയ്തു. ബാങ്കിലെ ഓഡിറ്റില്‍ 3.94 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെക്രട്ടറിയെ പ്രതി ചേര്‍ത്ത് കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു ഇതിന് പിന്നാലെയാണ് നടപടി.
◼️സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ തീയതിയില്‍ മാറ്റം. പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ 2ന് തുടങ്ങും. പ്ലസ് വണ്‍ പൊതു പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവം നടത്തും.
◼️സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിവാദമാകുന്ന യൂണിഫോം പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ യൂണിഫോം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അതാത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. കംഫര്‍ട്ടബിളായ യൂണിഫോം തീരുമാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി വ്യക്തമാക്കി. കേരള സംസ്‌കാരത്തിന് ചേര്‍ന്ന യൂണിഫോം ആയിരിക്കണം തീരുമാനിക്കേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു. നേരത്തെ യൂണിഫോം സംബന്ധിച്ചുയര്‍ന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.
◼️കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ച. സൈക്കോളജി ബിരുദ പരീക്ഷകളില്‍ 2020 ലെ അതേ ചോദ്യപേപ്പര്‍ ഇത്തവണ ആവര്‍ത്തിച്ചു. മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവര്‍ത്തിച്ചത്.
◼️കരമന കൂടം തറവാട്ടിലെ മരണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കേസ് അട്ടിമറിച്ചതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. കോടികളുടെ ആസ്തിയുള്ള കൂടം കുടുംബത്തില്‍ 15 വര്‍ഷത്തിനിടെ നടന്നത് 7 ദുരൂഹ മരണങ്ങളാണ്.
◼️കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കര്‍ണാടക മുതല്‍ കന്യാകുമാരി മേഖല വരെ നീണ്ടു നിന്ന ന്യൂനമര്‍ദ്ദ പാത്തി നിലവില്‍ വടക്കന്‍ കര്‍ണാടക മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത്.
◼️ആഗോളതലത്തില്‍ തന്നെ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണരംഗത്ത് ഏറ്റവും വലിയ ശക്തിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ ഉത്പാദനം നിര്‍ത്തിവച്ചു. ഭീമമായ അളവില്‍ വാക്‌സിന്‍ ഡോസുകള്‍ കെട്ടിക്കിടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അദാര്‍ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.
◼️രാജസ്ഥാന്‍ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് ബോര്‍ഡ് പരീക്ഷയില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് വന്നത് ആറ് ചോദ്യങ്ങള്‍. രാജസ്ഥാനിലെ ഭരണകക്ഷിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ നേട്ടങ്ങളെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെക്കുറിച്ച് ഇത്രയധികം ചോദ്യങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമാണ് എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
◼️പഞ്ചാബ് കോണ്‍ഗ്രസിന്റെ പുതിയ പിസിസി പ്രസിഡന്റായി അമരീന്ദര്‍ സിങ് രാജാവാറിങ് സ്ഥാനമേറ്റു. ചടങ്ങില്‍ പങ്കെടുക്കാന്‍ മുന്‍ പിസിസി പ്രസിഡന്റ് നവജ്യോത് സിംഗ് സിദ്ദു എത്തിയെങ്കിലും രാജാവാറിങുമായി വേദി പങ്കിട്ടില്ല. പിസിസി അധ്യക്ഷനായിരുന്ന സുനില്‍ ജാഖര്‍ പരിപാടിയില്‍ പങ്കെടുക്കാത്തതും ചര്‍ച്ചാവിഷയമായി.
◼️ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ജാമ്യം. ഡോറാന്‍ണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ പ്രത്യേക സിബിഐ കോടതി നേരത്തെ അഞ്ച് വര്‍ഷം തടവും അറുപത് ലക്ഷം രൂപ പിഴയും ലാലുവിന് വിധിച്ചിരുന്നു. നീണ്ടകാലത്തെ തടവും ശാരീരികപ്രശ്നങ്ങളും കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചതെന്നും ലാലു പ്രസാദ് യാദവ് ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്നും അഭിഭാഷകന്‍ പറഞ്ഞു
◼️അസമില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ സന്ദര്‍ശിക്കാന്‍ അനുവാദം തേടിയ സിപിഐഎം എംഎല്‍എ മനോരഞ്ജന്‍ താലൂക്ക്ദാറിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുവാദം നല്‍കാതെ പൊലീസ്. ഇതിനെ തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഒടുവില്‍ സിപിഐഎം നേതാക്കള്‍ക്ക് ജിഗ്‌നേഷിനെ കാണാന്‍ അനുമതി പോലീസ് നല്‍കുകയായിരുന്നു.
◼️തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമായി. അദ്ദേഹത്തിന് എന്ത് പദവി നല്‍കണം എന്നത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് തീരുമാനിക്കും.
◼️ജഹാംഗീര്‍പുരിയിലെത്തിയ സി.പി.ഐ നേതാക്കളെ പൊലീസ് തടഞ്ഞു. പൊളിക്കല്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ഡി. രാജ, ആനി രാജ, ബിനോയ് വിശ്വം എന്നിവരുള്‍പ്പെടുന്ന സംഘത്തെ പോലീസ് തടയുകയായിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയ മുസ്ലിം ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീര്‍, അബ്ദുല്‍ സമദ് സമദാനി എം പി എന്നിവരടങ്ങിയ ആറംഗ സംഘത്തെ പോലീസ് കടത്തിവിട്ടു.
◼️ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ വില ഉയരാന്‍ സാധ്യത. ലോകത്ത് ഏറ്റവുമധികം ക്രൂഡ് പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്തോനേഷ്യയില്‍ കയറ്റുമതി വിലക്കിയതോടെയാണിത്. ഇന്ത്യയിലേക്ക് എത്തുന്ന 45 ശതമാനത്തോളം പാമോയിലും ഇന്തോനേഷ്യയില്‍ നിന്നാണ്. ഏപ്രില്‍ 28 മുതലാണ് ക്രൂഡ് പാമോയിലിന് ഇന്തോനേഷ്യ നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.
◼️ബോക്സിങ് റിങിനുള്ളിലും പുറത്തും വിവാദ നായകനായ മൈക്ക് ടൈസന്‍ വീണ്ടും വിവാദത്തില്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നു ഫ്ലോറിഡയിലേക്ക് പോകുന്ന ഡെറ്റ് ബ്ലൂ എയര്‍ലൈനില്‍ മൈക് ടൈസന്റെ തൊട്ടു പിന്നിലെ സീറ്റില്‍ ഇരുന്ന യുവാവിന്റെ മുഖം ടൈസണ്‍ ഇടിച്ചു പൊട്ടിച്ചു. മുഖത്ത് ചോരയൊലിപ്പിച്ചിരുന്ന യുവാവിനു വിമാനാധികൃതര്‍ പ്രഥമ ശുശ്രൂഷ നല്‍കി.
◼️ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസം അവധി. ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ്, എട്ട് തീയതികള്‍ ശനിയും ഞായറും ആയതിനാല്‍ ജീവനക്കാര്‍ക്ക് ആകെ ഒമ്പത് ദിവസമാണ് അവധി ലഭിക്കുക.
◼️സൗദി അറേബ്യയില്‍ കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും വിധം രണ്ടാം ഘട്ട സ്വദേശിവത്കരണം നടപ്പാക്കുന്നു. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ആരംഭിച്ച 'തൗത്വീന്‍' സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. ജോലി അന്വേഷിക്കുന്ന 1,30,000 സ്വദേശികള്‍ക്ക് ജോലി നല്‍കാനാണ് ഇതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
◼️അഫ്ഗാനിസ്ഥാനില്‍ വ്യാഴാഴ്ച നടന്ന നാല് സ്ഫോടനങ്ങളില്‍ 31 പേര്‍ കൊല്ലപ്പെടുകയും 87 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മസാര്‍-ഇ-ഷരീഫിലെ ഷിയ മുസ്ലീം പള്ളിയിലാണ് ആദ്യ സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു.
◼️സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം സെമിയില്‍. പഞ്ചാബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളത്തിന്റെ സെമി പ്രവേശനം. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഇരട്ട ഗോളുകളാണ് കേരളത്തിന് ജയമൊരുക്കിയത്. അടിയും തിരിച്ചടിയും കണ്ട മറ്റൊരു മത്സരത്തില്‍ മേഘാലയക്കെതിരേ പശ്ചിമ ബംഗാളിന് വിജയം. മൂന്നിനെതിരെ നാല് ഗോളിനാണ് ബംഗാള്‍ മേഘാലയയെ തോല്‍പ്പിച്ചത്.
◼️ഐപിഎല്ലില്‍ ആവേശം അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മുന്നില്‍ അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഡല്‍ഹിക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 65 പന്തില്‍ 113 റണ്‍സെടുത്ത ജോസ് ബട്‌ലറുടെയും 35 പന്തില്‍ 54 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റെയും 19 പന്തില്‍ 46 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും കരുത്തിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്.
◼️ചരക്കുകളുടെ ഉയര്‍ന്ന വില കാരണം ആഗോള വളര്‍ച്ച മന്ദഗതിയിലായതും, ഊര്‍ജ വില വര്‍ദ്ധനവ്, പണപ്പെരുപ്പ സമ്മര്‍ദ്ദം, തൊഴില്‍ വിപണി എന്നിവ കാരണം പ്രാദേശിക ഡിമാന്‍ഡ് ദുര്‍ബലമായതും ചൂണ്ടിക്കാട്ടി യുബിഎസ് ഇന്ത്യയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം 70 ബേസിസ് പോയിന്റ് കുറച്ച് 7 ശതമാനമാക്കി. ഇന്ത്യയ്ക്കും മുഴുവന്‍ ദക്ഷിണേഷ്യയ്ക്കുമുള്ള സാമ്പത്തിക വളര്‍ച്ചാ പ്രവചനം ലോകബാങ്ക് താഴ്ത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ തരംതാഴ്ത്തല്‍. ഈ മാസമാദ്യം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം 5.7 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2023 സാമ്പത്തിക വര്‍ഷത്തിനപ്പുറം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച പ്രതിവര്‍ഷം 6 ശതമാനം എന്ന നിരക്കിലായിരിക്കുമെന്ന് യുബിഎസ് പ്രതീക്ഷിക്കുന്നു.
◼️മെയ് 11 മുതല്‍ വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിരോധിക്കും. മൂന്നാം കക്ഷി വോയ്സ് കോള്‍ റെക്കോര്‍ഡിംഗ് ആപ്ലിക്കേഷനുകള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ ഡെവലപ്പര്‍മാരെയും പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്യും എന്ന് ഗൂഗിള്‍ അറിയിച്ചുകഴിഞ്ഞു. മെയ് 11 മുതല്‍ ഒരു ബില്‍റ്റ്-ഇന്‍ കോള്‍ റെക്കോര്‍ഡര്‍ ഇല്ലാത്ത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇനി കോളുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയില്ല. വോയ്സ് കോളിംഗിനെ മാത്രമേ ഇത് ബാധിക്കൂ. എന്നാല്‍ ഗൂഗിള്‍, സാംസങ്ങ്, ഷവോമി പോലുള്ള ഒട്ടുമിക്ക കമ്പനികളും സ്മാര്‍ട്ട്ഫോണുകളില്‍ ഇന്‍-ബില്‍റ്റ് കോള്‍ റെക്കോര്‍ഡറുമായാണ് എത്തുന്നത്.
◼️ഇന്ദ്രന്‍സും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമായ 'കനകരാജ്യ'ത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സ്, ജോളി, ആതിര പട്ടേല്‍ ഇവര്‍ മൂവരും, വളര്‍ത്തു നായയും കൂടിയുള്ള ഒരു കുടുംബ ഫോട്ടോയുടെ മാതൃകയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സാഗര്‍ ആണ് സംവിധായകന്‍. ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◼️പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ജയസൂര്യ ചിത്രം 'ഈശോ' ഒടിടിയില്‍ റിലീസിനൊരുങ്ങുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രം സോണി ലിവിലുടെയാണ് റിലീസ് ചെയ്യുക. ഒടിടിയില്‍ ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഉയര്‍ന്ന തുകയ്ക്കാണ് സോണി ലിവ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. നര്‍മ്മത്തിന് പ്രാധാന്യമുള്ള തന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ള ചിത്രമാണ് നാദിര്‍ഷാ ഇത്തവണ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് നിര്‍മ്മാണം. സുനീഷ് വാരനാട് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
◼️പരിഷ്‌കരിച്ച എര്‍ട്ടിഗ പുറത്തിറക്കിയതിന് ശേഷം, മാരുതി സുസുക്കി അപ്‌ഡേറ്റ് ചെയ്ത എക്സ്എല്‍6 11.29 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി. എര്‍ട്ടിഗയ്ക്ക് കൂടുതല്‍ പ്രീമിയം ബദലായി എക്സ്എല്‍6 സ്ഥാനം പിടിച്ചിരിക്കുന്നു. കൂടാതെ 7 സീറ്റുകള്‍ക്ക് പകരം 6 സീറ്റുകളുമായാണ് പുതിയ വാഹനം വരുന്നത്. അപ്‌ഡേറ്റ് ചെയ്ത എക്സ്എല്‍6 ന് ഫീച്ചറുകളിലും ഡിസൈന്‍ ഘടകങ്ങളിലും സുരക്ഷ, പവര്‍ട്രെയിന്‍ തുടങ്ങിയവയുടെ രൂപത്തിലും നിരവധി മാറ്റങ്ങളുണ്ട്.
◼️പ്രണയത്തിന്റെ മാസ്മരികാന്തരീക്ഷം നിര്‍മിക്കുന്ന കഥകളുടെ സമാഹാരം. എല്ലാ പദങ്ങളും ആത്മാവു നഷ്ടപ്പെട്ട കെട്ട കാലത്താണ് നാം ജീവിക്കുന്നത് എന്ന തിരിച്ചറിവില്‍ നിന്നുകൊണ്ടു തന്നെ ഇന്ദുമേനോന്‍ സൃഷ്ടിക്കുന്ന ഭാഷ. 'തിരഞ്ഞെടുത്ത കഥകള്‍' - ഇന്ദുമേനോന്‍. മനോരമ ബുക്സ്. വില 323 രൂപ.
◼️വരണ്ട ചര്‍മ്മം പ്രശ്നമുള്ളവര്‍ കുളിക്കാന്‍ പോകുമ്പോള്‍, ചൂടുള്ള വെള്ളത്തിന് പകരം തണുത്തതോ അല്ലെങ്കില്‍ ഇളം ചൂടുള്ള ആയിട്ടുള്ള വെള്ളം ഉപയോഗിച്ച് ചര്‍മ്മത്തെ ശുദ്ധീകരിക്കുക. വരണ്ട ചര്‍മ്മം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങള്‍ ഒരിക്കലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത് ഒഴിവാക്കരുത്. ഇത് ചര്‍മ്മത്തിന് മുഴുവനായും നല്‍കുന്ന സംരക്ഷണമാണ്. ചര്‍മ്മത്തിന് അനുയോജ്യമായ തരത്തിലുള്ള ഒരു സണ്‍സ്‌ക്രീന്‍ തിരഞ്ഞെടുക്കുക. പതിവായി ഒരു ലോഷന്‍ അല്ലെങ്കില്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നത് പ്രധാനമാണ്. നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുകയും തക്കാളി, വെള്ളരിക്ക, ഓറഞ്ച്, പൈനാപ്പിള്‍ മുതലായ ജലാംശം ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുക. വരണ്ട ചര്‍മ്മമുള്ളവര്‍ നട്സും ഡ്രൈ ഫ്രൂട്സും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. പോഷകങ്ങള്‍ അടങ്ങിയ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സായ ഇവ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും തിളക്കമുള്ള ചര്‍മ്മത്തെ സ്വന്തമാക്കാനും സഹായിക്കും. വിറ്റാമിന്‍ ഡിയും അടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഏറേ നല്ലതാണ്.
*ശുഭദിനം*
ആ രാജാവിന് ഒരുകൂട്ടം വേട്ടനായ്ക്കള്‍ ഉണ്ടായിരുന്നു. തന്റെ സേവകര്‍ എന്തെങ്കിലും തെറ്റു ചെയ്താല്‍ രാജാവ് സേവകരെ നായ്ക്കള്‍ക്ക് ഇട്ടുകൊടുക്കുമായിരുന്നു. ഒരിക്കല്‍ തെററ് ചെയ്ത സേവകനെ നായ്ക്കള്‍ക്ക് കൊടുക്കാന്‍ രാജാവ് ഉത്തരവിട്ടു. ഇത് കേട്ട് സേവകന്‍ പറഞ്ഞു: പത്ത് വര്‍ഷമായി ഞാന്‍ അങ്ങയെ സേവിക്കുന്നു. എന്നോട് എന്തിനാണ് ഈ ക്രൂരത. എനിക്കൊരാഗ്രഹമുണ്ട്. ആ നായ്ക്കളുടെ കൂടെ പത്ത് ദിവസം കഴിയാന്‍ എന്നെ അനുവദിക്കണം. രാജാവ് സമ്മതം നല്‍കി. അയാള്‍ പത്ത് ദിവസം നായക്കള്‍ക്ക് ഭക്ഷണം നല്‍കുകയും അവയെ പരിചരിക്കുകയും ചെയ്തു. പത്താം ദിവസം നായ്ക്കളുടെ കൂട്ടിലേക്ക് അയാളെ എറിഞ്ഞപ്പോള്‍ അവ അയാളുടെ കാലുകള്‍ നക്കുന്നത് കണ്ട് രാജാവ് അത്ഭുതപ്പെട്ടു. അപ്പോള്‍ സേവകന്‍ പറഞ്ഞു: ഞാന്‍ നായ്ക്കളെ സേവിച്ചത് പത്തുദിവസം മാത്രം എന്നിട്ടും അവ എന്നെ മറന്നില്ല. പത്ത് വര്‍ഷം ഞാന്‍ അങ്ങയെ സേവിച്ചിട്ടും, ഒരു തെറ്റിന്റെ പേരില്‍ അങ്ങ് എന്നെ മറന്നു. ഇത് കേട്ട് രാജാവ് സേവകനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. രക്ഷപ്പെടുത്തിയ ആയിരം ഗോളുകളുടെ പേരിലല്ല, വഴങ്ങിയ ഒരു ഗോളിന്റെ പേരിലായിരിക്കും പല ഗോളികളും ഓര്‍മ്മിക്കപ്പെടുക. തട്ടിയകറ്റിയ ഓരോ പന്തിനും കലങ്ങിയ നെഞ്ചിന്റെയും തകര്‍ന്ന ചെവിയുടേയും കാഴ്ചമങ്ങിയ കണ്ണിന്റെയും കഥകള്‍ പറയാനുണ്ടാകും. എങ്കിലും ഒരിക്കലിടറിയ പാദങ്ങളെകുറിച്ചും അങ്ങനെ വലകുലുങ്ങിയതിനെക്കുറിച്ചും മാത്രമായിരിക്കും എല്ലാവര്‍ക്കും സംസാരിക്കാന്‍ ഉണ്ടാകുക. എന്തിനാണ് നൂറ് നന്മകള്‍ ചെയ്തവരുടെ ഒരു തെറ്റിനെ ഇത്രയധികം പഴിക്കുന്നത്. ഒഴിവാക്കാന്‍ ഒരു കാരണം തേടുന്നവര്‍ ഒരു പിഴവിന്റെ പേരില്‍ ആരെയും ഒഴിവാക്കും. ഒപ്പം നിര്‍ത്താനൊരു കാരണം തേടുന്നവര്‍ ചെയ്ത ഒരു നന്മയെ മുറുകെ പിടിക്കും. നമുക്ക് ഒന്നോര്‍ക്കാം, ഒരു മരവും ശിശിരകാലത്തിന്റെ പേരില്‍ വെട്ടിമുറിക്കപ്പെടാന്‍ പാടില്ല... കാരണം അത് ഇലപൊഴിക്കുന്ന കാലമാണ്.. അന്നു തണല്‍ നല്‍കിയില്ല എന്ന് കുറ്റപ്പെടുത്തുമ്പോള്‍, അതിന് മുന്‍പ് ആ മരം കൊണ്ട വെയിലിനെ നാം മറന്നുപോകരുത്... - *ശുഭദിനം.*
MEDIA 16 news