◼️യുക്രെയിനിലെ മരിയുപോള്‍ നഗരം കീഴടക്കിയെന്ന് റഷ്യ. യുക്രെയിന്റെ തെക്കു കിഴക്കന്‍ തീരത്തെ തുറമുഖനഗരമാണിത്. യുക്രെയിനിലെ ഒരു നഗരം കീഴടക്കിയെന്നു റഷ്യ ഇതാദ്യമായാണ് അവകാശപ്പെടുന്നത്. മരിയൂപോളിലെ കെട്ടിടങ്ങളെല്ലാം റഷ്യന്‍ പട്ടാളം തകര്‍ത്തിരുന്നു. ഇവിടെ ശേഷിക്കുന്ന ഒരാളേയും വെറുതേ വിടരുതെന്ന് റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◼️വിഴിഞ്ഞം തുറമുഖത്ത് ഡിസംബര്‍ മാസത്തോടെ ആദ്യ കപ്പല്‍ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും. 18 ബാര്‍ജുകള്‍ സജ്ജമാക്കിയിട്ടുണ്ട്. തുറമുഖത്തേക്കുള്ള ഹൈവേ, ജംഗ്ഷന്‍, റെയില്‍വേ ലൈന്‍ പണികളും ഉടനേ പൂര്‍ത്തിയാക്കും. ഭാവിയില്‍ ധാരാളം ചരക്കുകപ്പലുകള്‍ ഇവിടെ എത്തുമെന്നാണു പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
◼️ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ലെന്നും ലോകത്തിന്റെ ക്ഷേമമമാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മ നിര്‍ഭര്‍ ഭാരതിനെക്കുറിച്ചു പറയുമ്പോള്‍പോലും ലോകത്തിന്റെ പുരോഗതിയാണു ലക്ഷ്യം. പല സാമ്രാജ്യങ്ങളുടെയും അധിനിവേശം ഉണ്ടായപ്പോഴും ഇന്ത്യ ശക്തമായി നിലകൊണ്ടു. ഗുരു തേജ് ബഹാദൂറിന്റെ നാനൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സൂര്യാസ്തമയത്തിനു ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി.
◼️ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷാ ചുമതല സ്റ്റേറ്റ് ഇന്‍ഡ്രസിട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിനു കൈമാറി. ഇതോടെ കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലുമുള്ള ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരെ പിന്‍വലിക്കും.
◼️സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വ സ്വയംഭരണ ചുമതല നല്‍കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയോഗിച്ച സമിതി തയാറാക്കിയ റിപ്പോര്‍ട്ട് വ്യവസായ മന്ത്രി പി. രാജീവിനു സമര്‍പ്പിച്ചു. മുന്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ടു തയാറാക്കിയത്. അപ്രധാന തസ്തികകള്‍ നിര്‍ത്തലാക്കണം, സ്വയം വിരമിക്കല്‍ പദ്ധതി വേണം എന്നിങ്ങനെ ഇടതുമുന്നണി നയങ്ങള്‍ക്കു വിരുദ്ധമായ നിരവധി നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
◼️വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കുമെന്ന് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ. വഖഫ് നിയമ ഭേദഗതിയുടെ നിയമ നിര്‍മ്മാണ വേളയില്‍ എതിര്‍പ്പുണ്ടായിരുന്നില്ലെന്നും നിലവിലുള്ള ജീവനക്കാരുടെ പ്രശ്നം മാത്രമാണ് ഉന്നയിച്ചതെന്നും മുഖ്യമന്ത്രി മതപണ്ഡിതന്മാരുടെ യോഗത്തില്‍ പറഞ്ഞതു കള്ളമാണെന്ന് ഷംസുദീന്‍ ആരോപിച്ചു. നിയമസഭയില്‍ ബില്ലിനെ ലീഗ് - യുഡിഎഫ് അംഗങ്ങള്‍ എതിര്‍ത്തത് മറച്ചുവച്ചത് നിയമസഭയോടുള്ള അവഹേളനമാണെന്ന് ഷംസുദ്ദീന്‍ പറഞ്ഞു.
◼️സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനു ശമ്പളമായി നല്‍കിയ തുക തിരിച്ചു നല്‍കാനാവില്ലെന്ന് പിഡബ്ല്യുസി. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കെ എസ് ഐ ടി ഐ എല്ലിന്റെ ആവശ്യമാണ് കമ്പനി നിരാകരിച്ചത്. തുക ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് തുക നല്‍കില്ലെന്ന് പിഡബ്ല്യുസി മറുപടി നല്‍കി. വിഷയത്തില്‍ കെ എസ് ഐ ടി ഐ എല്‍ നിയമോപദേശം തേടി.
◼️തിരുവനന്തപുരത്തെ സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം വൈകുന്നതിന് ഉദ്യോഗസ്ഥര്‍ക്കു മന്ത്രിമാരുടെ താക്കീത്. വെട്ടിപൊളിച്ച റോഡുകള്‍ സര്‍ക്കാരിനു നാണക്കേടായെന്ന് മന്ത്രി വി ശിവന്‍കുട്ടി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു. കരാറുകാരുടെ അനാസ്ഥയാണ് വൈകാന്‍ കാരണമെന്ന് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
◼️കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി ആലപ്പുഴയില്‍ വീട്ടമ്മയേയും മകനേയും കുത്തി പരിക്കേല്‍പ്പിച്ചു. തലവടി പഞ്ചായത്തില്‍ നീരേറ്റുപുറം കറുകയില്‍ വിന്‍സി കോട്ടേജില്‍ അനു ജേക്കബ്ബിന്റെ ഭാര്യ വിന്‍സിയേയും (50) മകന്‍ അന്‍വിനേയുമാണ് (25) കുത്തിയത്. ബംഗാള്‍ സ്വദേശി സത്താറിനെ (36) എടത്വാ പൊലീസ് പിടികൂടി.
◼️കെ റെയില്‍ വിരുദ്ധ സമരക്കാരെ മര്‍ദ്ദിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ്. പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണം. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിമെതിക്കാമെന്ന് കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. കായികമായി നേരിടുന്ന പൊലീസിനെ ജനം തെരുവില്‍ കൈകാര്യം ചെയ്യുമെന്നും സുധാകരന്‍ മുന്നറിയിപ്പു നല്‍കി.
◼️കെ റെയില്‍ വിരുദ്ധ സമരക്കാരെ മര്‍ദ്ദിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ബൂട്ടിട്ട് നാഭിക്കു ചവിട്ടി. മറ്റൊരാളുടെ നെഞ്ചത്ത് ചവിട്ടി. ഡല്‍ഹി പോലീസിന്റെ മാതൃകയിലാണ് കേരള പോലീസെന്നും മുഖ്യമന്ത്രിക്ക് ഇതു ഭൂഷണമാണോയെന്നും വി.ഡി സതീശന്‍ ചോദിച്ചു. ഒരു സ്ഥലത്തും കെ റെയില്‍ കല്ലിടാന്‍ അനുവദിക്കില്ല. കല്ലിട്ടാല്‍ പിഴുത് ഏറിയും. അദ്ദേഹം പറഞ്ഞു.
◼️കണിയാപുരത്ത് കെ റെയില്‍ സമരക്കാരെ ചവിട്ടിയ പൊലീസുകാരനെതിരെ വകുപ്പുതല അന്വേഷണം. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. തിരുവനന്തപുരം റൂറല്‍ എസ് പിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ഷബീറിനെതിരെയാണ് അന്വേഷണം.
◼️കെഎസ്ഇബിയിലെ അഴിമതി തുറന്നുകാണിക്കാനാണ് ഓഫീസേഴസ് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാര്‍ വാഹനം ദുരുപയോഗിച്ചതിനെക്കുറിച്ചു പരാതി നല്‍കിയതെന്ന് കെ.കെ. സുരേന്ദ്രന്‍. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 6.72 ലക്ഷം രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി. സുരേഷ്‌കുമാറിനു നോട്ടീസയച്ചത്.
◼️മുപ്പതു കെ സ്വിഫ്റ്റ് ബസുകള്‍ ആദ്യ പത്തു ദിവസം കൊണ്ട് 61 ലക്ഷം രൂപ വരുമാനം നേടി. ഒരു ഡസനോളം ചെറിയ അപകടങ്ങളുണ്ടായി. സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകളില്‍ 100 എണ്ണത്തിന്റെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. 70 ബസുകള്‍ക്ക് റൂട്ടും പെര്‍മിറ്റും ഉടനേ ലഭിക്കും. അതേസമയം കെഎസ്ആര്‍ടിയുടെ റൂട്ടുകള്‍ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകള്‍ രംഗത്തുണ്ട്.
◼️നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം അഭിഭാഷകരുടെ ഫോണ്‍ ശബ്ദരേഖ ചോര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന പരാതി സര്‍ക്കാരിനു നല്‍കുമെന്ന് കേരള ബാര്‍ കൗണ്‍സില്‍. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ നടി നല്‍കിയ പരാതി ബാര്‍ കൗണ്‍സിലിന്റെ പരിഗണനയിലാണ്.
◼️മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിനു നല്‍കി 40 ലക്ഷം രൂപ കബളിപ്പിച്ചെന്ന വ്യവസായിയുടെ പരാതിയില്‍ നടന്‍ ബാബുരാജിനെതിരേ കേസ്. കോതമംഗലം തലക്കോട് സ്വദേശി അരുണാണു പരാതിക്കാരന്‍. ബാബുരാജിന്റെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ട് 2020 ല്‍ ലോക്ക്ഡൗണിനു തൊട്ടുമുമ്പാണ് പാട്ടത്തിന് നല്‍കിയത്. എന്നാല്‍ കൊവിഡ് ലോക്ഡൗണ്‍ മൂലം ഒറ്റ ദിവസം പോലും തുറക്കാനായില്ല. കഴിഞ്ഞ വര്‍ഷം തുറക്കാന്‍ പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നു പരാതിയില്‍ പറയുന്നു.
◼️കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ സ്വത്തുതര്‍ക്കം തീര്‍ന്നില്ല. പിള്ളയുടെ വസ്തു വകകളുടെ മൂന്നിലൊന്നു ഭാഗം വേണമെന്ന് മൂത്തമകള്‍ ഉഷ മോഹന്‍ദാസ്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കെ.ബി ഗണേശ്കുമാര്‍ എംഎല്‍എ, ബിന്ദു ബാലകൃഷ്ണന്‍ എന്നീ മക്കള്‍ തയ്യാറല്ല. സമവായ ചര്‍ച്ച അലസിയതോടെ പിള്ളയുടെ സ്വത്തു തര്‍ക്കത്തില്‍ കോടതി തീര്‍പ്പാക്കും.
◼️കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ ചീഫ് സെക്രട്ടറി തലത്തില്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്. ആധുനിക ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയേറിയ ചികിത്സയും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പു വരുത്തണമെന്ന് ഉത്തരവില്‍ പറയുന്നു.
◼️പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ അന്തരിച്ചു. 84 വയസായിരുന്നു. ന്യുമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഒരു മണിക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം.
◼️കൊടുങ്ങല്ലൂരില്‍ ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി അരുണ്‍ , പടിഞ്ഞാറെ വെമ്പല്ലൂര്‍ കാരേപ്പറമ്പില്‍ ആദര്‍ശ് എന്നിവരാണ് പിടിയിലായത്.
◼️ഇന്റലിജന്‍സ് ബ്യൂറോ 150 അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്- ടു പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് ഏഴ്. വെബ്‌സൈറ്റ് mha.gov.in വഴി അപേക്ഷിക്കാം.
◼️ഗുജറാത്തില്‍ ജെസിബിയില്‍ കയറി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഷോ. പഞ്ച്മഹലിലുള്ള ഹലോല്‍ ജിഐഡിസിയിലുള്ള ജെസിബി ഫാക്ടറി സന്ദര്‍ശിച്ചപ്പോഴാണ് പ്രദര്‍ശനത്തിനു സജ്ജമാക്കിയിരുന്ന ജെസിബിയിലേക്ക് ചാടിക്കയറിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈവീശിക്കാണിക്കുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഒപ്പമുണ്ടായിരുന്നു.
◼️ജിന്‍ഡാല്‍ സ്റ്റീല്‍ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന. വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് കമ്പനിയുടെ എല്ലാ കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടത്തിയത്.
◼️ഇന്ത്യയില്‍നിന്ന് 3500 കോടി രൂപയുടെകൂടി അടിയന്തര സഹായം ലഭിക്കുമെന്ന് ശ്രീലങ്ക. ഐ.എംഎഫില്‍ നിന്ന് ലങ്ക സഹായം തേടിയിട്ടുണ്ടെങ്കിലും കിട്ടാന്‍ ആറുമാസമെങ്കിലും വേണ്ടിവരും. ഈ കാലയളവില്‍ ഇന്ധനം അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്കാണ് വായ്പ. പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും പ്രസിഡന്റ് ഗോത്തബയ രാജപക്സെയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നാണു റിപ്പോര്‍ട്ട്.
◼️കാലിഫോര്‍ണിയയില്‍ വിമാനം പറന്നുപൊങ്ങുന്നതിനിടെ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ അറസ്റ്റു ചെയ്തു. ബഫലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളത്തിലാണു സംഭവം. ചിക്കാഗോ എയര്‍പോര്‍ട്ടിലേക്കുള്ള വിമാനത്തിലെ ജീവനക്കാരുമായി വഴക്കുണ്ടാക്കിയ 24 വയസുള്ള യാത്രക്കാരിയാണ് ഇറങ്ങിപ്പോകാന്‍ ശ്രമിച്ചത്.
◼️അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ ഷെരീഫ് സിറ്റി മോസ്‌കില്‍ സ്ഫോടനം. മുപ്പതു പേര്‍ കൊല്ലപ്പെട്ടു.
◼️സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ അട്ടിമറിച്ച് കര്‍ണാടക. എതിരില്ലാത്ത ഒരു ഗോളിനാണ് കര്‍ണാടക സര്‍വീസസിനെ തോല്‍പ്പിച്ചത്. ഈ തോല്‍വിയോടെ സര്‍വീസസിന്റെ സെമി ഫൈനല്‍ യോഗ്യതക്ക് മങ്ങലേറ്റു. മറ്റൊരു മത്സരത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് മണിപ്പൂര്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മണിപ്പൂര്‍ ഗുജറാത്തിനെ തോല്‍പ്പിച്ചത്.
◼️എം.എസ്. ധോനിയുടെ ഫിനിഷിങ് മികവില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ മുംബൈക്കെതിരേ മൂന്നു വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. 156 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 13 ബോളില്‍ 28 റണ്‍സ് നേടിയ എം.എസ്. ധോനിയുടെ ഫിനിഷിംഗ് മികവിലാണ് വിജയത്തീരമണിഞ്ഞത്.
◼️വിസ്ഡന്റെ ഈ വര്‍ഷത്തെ മികച്ച അഞ്ച് കളിക്കാരെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബുമ്ര എന്നിവര്‍ പട്ടികയില്‍ ഇടം നേടി. ഇരുവര്‍ക്കും പുറമെ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കൊണ്‍വ, ഇംഗ്ലണ്ട് താരം ഒലീ റോബിന്‍സണ്‍, ദക്ഷിണാഫ്രിക്കന്‍ വനിതാതാരം ഡെയ്ന്‍ വാന്‍ നൈകെര്‍ക്ക് എന്നിവരാണ് പട്ടികയിലുള്ളത്. ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ ലോകത്തിലെ ഏറ്റവും മികച്ച പുരുഷതാരമായും ദക്ഷിണാഫ്രിക്കയുടെ ലിസ്ലി ലീ മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
◼️സി.എം.ഐ ദേവമാതാ പ്രൊവിന്‍സിന്റെ സപ്തതിയോടനുബന്ധിച്ച് അമല നഗര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 7 കോടി രൂപയുടെ ചികിത്സാ സൗജന്യങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ടി.എന്‍ പ്രതാപന്‍ എം.പി നിര്‍വഹിച്ചു. ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ഡോ. ഡേവീസ് പനയ്ക്കല്‍ പദ്ധതി രേഖാ കൈമാറ്റം നടത്തി. ചടങ്ങില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് പതിനായിരം രൂപയുടെ സൗജന്യ കൂപ്പണ്‍ വിതരണം ചെയ്തു. പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി ബൈജു, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി, അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് കുനിശ്ശേരി, ഫാ. തോമസ് വാഴക്കാല, ഫാ. ഡെല്‍ജോ പുത്തൂര്‍, ഡോ. ബെറ്റ്സി തോമസ്, ഡോ. രാജേഷ് ആന്റോ, സൈജു സി. എടക്കളത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
◼️ഓള്‍ കേരള പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാളെ മൂവാറ്റുപുഴ വാഴക്കുളത്ത് നടത്താനിരുന്ന പൈനാപ്പിള്‍ ഫെസ്റ്റും പൈനാപ്പിള്‍ വിള പാചക മത്സരവും 30 ലേക്ക് മാറ്റിവച്ചതായി അസോസ്സിയേഷന്‍ പ്രസിഡന്റ് ജെയിംസ് ജോര്‍ജ്ജ് അറിയിച്ചു. ഉദ്ഘാടകനായ മന്ത്രി പി പ്രസാദ് ആരോഗ്യപരമായ കാരണങ്ങളാല്‍ ഏതാനും ദിവസങ്ങളില്‍ പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനാലാണ് പൈനാപ്പിള്‍ ഫെസ്റ്റ് മാറ്റി വച്ചത്.
◼️ടെക്നോളജി സേവന കമ്പനിയായ ടാറ്റ എല്‍എക്സ്സിയുടെ അറ്റലാഭം നാലാംപാദത്തില്‍ 38.9 ശതമാനം ഉയര്‍ന്ന് 160 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 115.16 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റലാഭം. വരുമാനം 31.5 ശതമാനം ഉയര്‍ന്ന് 681.73 കോടി രൂപയിലുമെത്തി. 2021 മാര്‍ച്ചില്‍ വരുമാനം 518.39 കോടി രൂപയായിരുന്നു. 2021-22 വര്‍ഷത്തെ ടാറ്റ എല്‍എക്സ്സിയുടെ അറ്റ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 368.12 കോടി രൂപയില്‍ നിന്നും 49.3 ശതമാനം ഉയര്‍ന്ന് 549.67 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 2020-21 വര്‍ഷത്തെ 1,826.15 കോടി രൂപയില്‍ നിന്നും 35 ശതമാനം ഉയര്‍ന്ന് 2,470.79 രൂപയിലുമെത്തി.
◼️ഫാഷന്‍ രംഗത്തെ ഏറ്റെടുക്കല്‍ തുടര്‍ന്ന് റിലയന്‍സ് ബ്രാന്‍ഡ്‌സ് ലിമിറ്റഡ് (ആര്‍ബിഎല്‍). രാജ്യത്തെ മുന്‍നിര കൊട്ടൂറിയര്‍മാരായ അബു ജാനി സന്ദീപ് ഖോസ്ലയുടെ (എജെഎസ്‌കെ) 51 ശതമാനം ഓഹരികളാണ് റിലയന്‍സ് സ്വന്തമാക്കിയത്. നേരത്തെ റിലയന്‍സ് ബ്രാന്‍ഡ്‌സ് ഡിസൈനര്‍ രാഹുല്‍ മിശ്രയുമായി സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിതു കുമാറിനെ കമ്പനി ഏറ്റെടുക്കുകയും ബോളിവുഡിന്റെ ഗോ-ടു ഡിസൈനറായ മനീഷ് മല്‍ഹോത്രയില്‍ 40 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയുമാണ് ഇന്ത്യന്‍ ഫാഷന്‍ രംഗത്തെ റിലയന്‍സിന്റെ ഏറ്റെടുക്കല്‍ ആരംഭിച്ചത്.
◼️വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'കാതുവാക്കിലെ രണ്ടു കാതല്‍' എന്ന ചിത്രത്തില്‍ കാമിയോ വേഷത്തിലെത്തുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. മുഹമ്മദ് മുബി എന്ന പേരിലുള്ള കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. സാമന്തയുടെ ബോയ്ഫ്രണ്ടായാണ് ചിത്രത്തിലെത്തുന്നത്. ചിത്രം ഏപ്രില്‍ 28ന് എത്തും. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണി എന്ന റോളിലും സാമന്ത ഖദീജ എന്ന റോളിലുമെത്തുന്ന ചിത്രം ട്രയാങ്കിള്‍ ലൗ സ്റ്റോറിയായിട്ടാണ് ഒരുങ്ങുന്നത്.
◼️വി എ ശ്രീകുമാര്‍ - മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' ഹിന്ദിയിലേക്ക് എത്തുന്നു. ഹിന്ദിയിലേക്ക് 'ഒടിയന്‍' ചിത്രം മൊഴി മാറ്റിയിട്ടാണ് എത്തുക. 'ഒടിയന്‍' എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് 'ഒടിയന്‍'. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് 'ഒടിയന്‍'. 'കെജിഎഫ് രണ്ട്' എത്തും വരെ ഒടിയന്‍ തന്നെയായിരുന്നു മുന്നില്‍. മഞ്ജു വാര്യരായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു നിര്‍മാണം. കെ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു.
◼️ദക്ഷിണ കൊറിയന്‍ വാഹനനിര്‍മ്മാതാക്കളായ കിയയും ഇന്ത്യയില്‍ ഇലക്ട്രിക് വാഹനരംഗത്തേയ്ക്ക് കടക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഹൈ എന്‍ഡ് പ്രീമിയം ഇലക്ട്രിക് സെഡാന്‍ ഇവി സിക്സ് വിപണിയില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍ സെല്‍റ്റോസ്, സോനെറ്റ് എന്നി മോഡലുകളാണ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നത്. മെയ് 26ന് ഇലക്ട്രിക് മോഡലിന്റെ ബുക്കിംഗ് ആരംഭിക്കുമെന്ന് കിയ ഇന്ത്യ എംഡി ടെ- ജിന്‍ പാര്‍ക്ക് അറിയിച്ചു. തുടക്കത്തില്‍ നൂറ് കാറുകള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയായിരിക്കും വാഹനം പുറത്തിറക്കുക.
◼️പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോളാണ് ബന്ധവൈഭവങ്ങളെപ്പറ്റി നാം ഓര്‍ത്തുപോകുന്നത് . സൂര്യ കൃഷ്ണമൂര്‍്ത്തി പറയുന്നത് അരങ്ങിനപ്പുറത്തെ പച്ചമനുഷ്യരെപ്പറ്റിയാണ്. കണ്ണുനനയാതെ ഈ പുസ്തകത്തിലെ പല അദ്ധ്യായങ്ങളും വായിച്ചുതീര്‍്ക്കാന്‍ പ്രയാസം. 'നുറുങ്ങുവെട്ടം'. സൂര്യ കൃഷ്ണമൂര്‍ത്തി. രണ്ടാം പതിപ്പ്. ഡിസി ബുക്സ്. വില 189 രൂപ.
◼️ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവിഭവമെന്ന നിലയില്‍ പ്രഭാതഭക്ഷണത്തിന് പ്രാധാന്യമേറെയാണ്. പ്രമേഹമുള്ളവര്‍ക്കാകട്ടെ രക്തത്തിലെ പഞ്ചസാരയുടെ തോത് സന്തുലിതമായി നിലനിര്‍ത്തേണ്ടതിന് പ്രഭാതഭക്ഷണം ഒഴിച്ചു കൂടാനാവാത്തതാണ്. പ്രഭാതഭക്ഷണം കഴിക്കുന്ന പ്രമേഹരോഗികള്‍ ദിവസത്തിലെ മറ്റ് നേരങ്ങളില്‍ അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണപഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രഭാതഭക്ഷണമായി എന്ത് കഴിക്കുന്നു എന്നതും പ്രമേഹ രോഗികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡെക്‌സ് ഉള്ള ഭക്ഷണവിഭവങ്ങള്‍ പ്രമേഹരോഗികള്‍ പ്രഭാതത്തില്‍ കഴിക്കരുത്. കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ പൊഹ, ഉപ്പ്മാവ്, ആലൂ പറാത്ത എന്നിവ പ്രമേഹരോഗികള്‍ക്ക് പറ്റിയ പ്രഭാതഭക്ഷണമല്ല. ഈ ഭക്ഷണവിഭവങ്ങള്‍ ശരീരം അമിതമായി ഇന്‍സുലിന്‍ ഉണ്ടാക്കാന്‍ കാരണമാകും. ഇത്തരത്തില്‍ അമിതമായി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനെ തുടര്‍ന്ന് രക്തത്തിലെ ഗ്ലൂക്കോസ് തോത് താഴുകയും ഭക്ഷണം കഴിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിശക്കാന്‍ തുടങ്ങുകയും ചെയ്യും. മാത്രമല്ല ഇവയില്‍ പ്രോട്ടീനും നല്ല കൊഴുപ്പും ഫൈബറും അടങ്ങിയിട്ടില്ല. ഫൈബറും കോംപ്ലസ് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും നല്ല കൊഴുപ്പും പച്ചക്കറികളും എല്ലാം ചേരുന്നതാണ് പ്രമേഹ രോഗികള്‍ക്ക് പറ്റിയ പ്രഭാതക്ഷണം. പരിപ്പ്, നട്‌സ്, പാല്‍ ഉത്പന്നങ്ങള്‍, സോയ്, ഫ്‌ളാക്‌സ്, മത്തങ്ങ പോലുള്ള വിത്തുകള്‍, മുട്ട, ചിക്കന്‍, മീന്‍ തുടങ്ങിയ പ്രോട്ടീന്‍ സമ്പന്ന വിഭവങ്ങള്‍ പ്രമേഹ നിയന്ത്രണത്തെ സഹായിക്കും. പ്രോട്ടീന്‍ ഭക്ഷണം കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിനും വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കാനും നല്ലതാണ്. ഇവ ദഹിക്കുന്നതിന് ഇന്‍സുലിന്‍ ആവശ്യമില്ല എന്നതും ഇവ പ്രമേഹ രോഗികള്‍ക്ക് പറ്റിയ തിരഞ്ഞെടുപ്പാകുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഇത് ആലപ്പുഴ എരുമല്ലൂരില്‍ പംബ്ലിങ്ങ് ജോലിക്കാരനായ കുഞ്ഞപ്പന്റെയും സുധര്‍മ്മയുടേയും മകള്‍ ഹരിതയുടെ കഥയാണ്. പുഴയോരങ്ങളും പച്ചപ്പുകളും ഹരിതാഭചാര്‍ത്തുന്ന ആലപ്പുഴയില്‍ നിന്നും ഈ പെണ്‍കുട്ടി ആദ്യം സ്വപ്നംകണ്ടത് നാവിക സേനയില്‍ ചേരുക എന്നതായിരുന്നു. പക്ഷേ, ഫിസിക്കല്‍ ടെസ്റ്റില്‍ ആ സ്വപ്നം നഷ്ടപ്പെട്ടപ്പോള്‍ പിന്നെ സ്വപ്നം കണ്ടത് ആഴക്കടലിന്റെ നീലനിറത്തെയായിരുന്നു. അതിനുവേണ്ടിയുള്ള യാത്രയായി പിന്നീട്. സാമ്പത്തികം, ജെന്റര്‍ പ്രശ്നങ്ങള്‍ ഇതെല്ലാം പലപ്പോഴും കടന്നുവെങ്കിലും അതിനെയെല്ലാം തന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാക്കി ഈ മിടുക്കി. എറണാംകുളത്തെ സിഫ്നെറ്റില്‍ നിന്നും 2016ല്‍ ബാച്ലര്‍ ഇന്‍ ഫിഷിങ്ങ് ആന്റ് നോട്ടിക്കല്‍ സയന്‍സ് പാസ്സായി. പഠനശേഷം സിഫ്നെറ്റിന്റെ തന്നെ ' പ്രശിക്ഷണി' എന്ന പരിശീലന കപ്പലില്‍ ആദ്യമായി ആഴക്കടലിലേക്ക് 180 ദിവസം.. വീണ്ടും ചീഫ് ഓഫീസര്‍ സ്ഥാനത്തേക്ക് നിരവധി പരീക്ഷകള്‍.. വീണ്ടും പ്രശിക്ഷണിയില്‍ 450 ദിവസത്തെ കടല്‍ സഞ്ചാരം. 2020 ല്‍ ക്യാപ്റ്റന്‍ തസ്തികയിലേക്കുള്ള എഴുത്ത് പരീക്ഷ ഹരിത പാസ്സായി. 2021 ഫെബ്രുവരിമുതല്‍ സെപ്റ്റംബര്‍ വരെ ഓസ്ട്രേലിയ മുതല്‍ യു എസ് വരെ കടല്‍യാത്രാ പരിശീലനം. അതിന് ശേഷം വീണ്ടും അടുത്ത റൗണ്ട് പരീക്ഷകള്‍. അങ്ങനെ 2021 ല്‍ ഫൈനല്‍ പരീക്ഷ ജയിച്ച് ഹരിത തന്റെ സ്വപ്നത്തിലേക്കെത്തി. കപ്പലിന്റെ ക്യാപ്റ്റന്‍, അതും ഒരു ആഴക്കടല്‍ മത്സ്യബ്ധന കപ്പലിന്റെ ക്യാപ്റ്റന്‍ മുന്‍വിധികള്‍ മാറ്റിവെയ്ക്കാന്‍ തയ്യാറായാല്‍ നമുക്കിടയില്‍ നിന്നും ഇനിയും ഹരിതയെപ്പോലെ നിരവധിപേരെ കടന്നുവരും.. കഠിനപാതകളെ അതിജീവിക്കാനുള്ള മനസ്സുണ്ടെങ്കില്‍ നമുക്കും വിജയതീരത്തണയാന്‍ സാധിക്കുക തന്നെ ചെയ്യും - ശുഭദിനം.
MEDIA 16