മീഡിയ 16 *പ്രഭാത വാർത്തകൾ*2022 | ഏപ്രിൽ 18 | തിങ്കൾ

◼️പോലീസിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അഴിച്ചുപണിക്കു കളമൊരുങ്ങുന്നു. പാലക്കാട്ടെ കൊലപാതകങ്ങളുടേയും സംസ്ഥാനത്ത് ഗുണ്ടാ, വാടകക്കൊലയാളി സംഘങ്ങളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റേയും പശ്ചാത്തലത്തിലാണ് അഴിച്ചുപണി വരുന്നത്. സിപിഎം പാര്‍ട്ടി സംവിധാനങ്ങളിലെ മാറ്റത്തിനനുസൃതമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ മാറ്റുമെന്ന സൂചനകള്‍ നേരത്തെത്തന്നെ പുറത്തുവന്നിരുന്നു. പോലീസിനെ കൈകാര്യം ചെയ്യുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ മാറ്റാനാണു സാധ്യത. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയെ തിരിച്ചുകൊണ്ടുവന്നേക്കും.

◼️പാലക്കാട് ജില്ലയില്‍ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര നിരോധിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്‍സീറ്റ് യാത്ര ആകാം. പോപ്പുലര്‍ ഫ്രണ്ട്, ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിരിക്കേ ക്രമസമാധാന പാലനം ഉറപ്പാക്കാനാണ് ഈ നടപടി. ഏപ്രില്‍ 20 ന് വൈകുന്നേരം ആറു വരെ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞയുണ്ട്.  

◼️പാലക്കാട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 13 പേര്‍ കസ്റ്റഡിയില്‍. അമ്പതോളം പേര്‍ കരുതല്‍ തടങ്കലില്‍. ചോദ്യം ചെയ്യല്‍ തുടരുന്നു. പ്രതികളെ പിടികൂടാനാകാതെ പോലീസ്. സമാധാനം ഉറപ്പാക്കാന്‍ ഇന്നു സര്‍വകക്ഷി യോഗം. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് കളക്ടറേറ്റിലാണു യോഗം. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബിജെപി, എസ്ഡിപിഐ അടക്കമുള്ള കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും.

◼️പാലക്കാട്ട് കൊല്ലപ്പെട്ട ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്താനെത്തിയ അക്രമികള്‍ ഉപയോഗിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീയെ ചോദ്യം ചെയ്തു. ആര്‍സി മാത്രമാണ് ഇപ്പോള്‍ തന്റെ പേരിലുള്ളതെന്നും ആരാണ് വാഹനം ഉപയോഗിക്കുന്നതെന്നുപോലും അറിയില്ലെന്നാണ് സ്ത്രീ നല്‍കിയ മൊഴി.

◼️കൊല്ലപ്പെട്ട ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി മൂത്താന്‍ സമുദായ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. കര്‍ണ്ണകി അമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും ശ്രീനിവാസന്റെ വീട്ടിലും പൊതുദര്‍ശനത്തിനു വച്ചിരുന്നു. നൂറു കണക്കിന് ആളുകളാണ് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.

◼️സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനു നാലുപേര്‍ക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗണ്‍ സ്റ്റേഷനുകളിലാണ് കേസ്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

◼️മനുഷ്യമനസാക്ഷിക്കു നിരക്കാത്ത തീര്‍ത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനാന്തരീക്ഷം തകര്‍ക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

◼️പാലക്കാട് കൊലപാതകങ്ങളുടെ പാശ്ചാത്തലത്തില്‍ പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നാണവും മാനവും രാഷ്ട്രീയ ധാര്‍മികതയും ഉണ്ടെങ്കില്‍ ഇനിയും കടിച്ചു തൂങ്ങിക്കിടക്കാതെ രാജിവക്കാന്‍ പിണറായി വിജയന്‍ തയാറാകണമെന്ന് ഫേസ് ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

◼️പരസ്പരം കൊന്നൊടുക്കുന്ന വര്‍ഗീയ ശക്തികളെ തടയാന്‍ സര്‍ക്കാരിനു കഴിയുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്തു ഗുണ്ടകളും കൊലയാളികളും അഴിഞ്ഞാടുകയാണ്. വര്‍ഗീയ ശക്തികള്‍ പോലീസിലും നുഴഞ്ഞു കയറി. പൊലീസിനു കിട്ടുന്ന വിവരങ്ങള്‍ അവര്‍ രാഷ്ട്രീയനേതാക്കള്‍ക്കു ചോര്‍ത്തി കൊടുക്കുകയാണെന്നും പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു.

◼️ദേശീയ തലത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതാണെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ്  പ്രഫ. കെ.വി  തോമസ് എഐസിസിക്കു വിശദീകരണം നല്കി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാല്‍ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്ന് എഐസിസി കെ വി തോമസിനോട് ആവശ്യപെട്ടിരുന്നു.

◼️ഭാര്യയുമായുള്ള ജോയിന്റ് അക്കൗണ്ടില്‍നിന്ന് ഒന്നേകാല്‍ കോടി രൂപ തട്ടി കാമുകിയുമായി മുങ്ങിയ ഭര്‍ത്താവും കാമുകിയും പോലീസിന്റെ പിടിയിലായി. കോടഞ്ചേരി കാക്കനാട്ട് ഹൗസില്‍ സിജു കെ. ജോസ്, കായംകുളം സ്വദേശി പ്രിയങ്ക എന്നിവരെയാണ് അറസ്റ്റു ചെയ്തത്.  സിജുവിന്റെ നഴ്സായ ഭാര്യ നല്‍കിയ പരാതിയിലാണു നടപടി. നേപ്പാളിലേക്കു മുങ്ങിയിരുന്ന ഇരുവരും തിരികേ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതോടെ പിടികൂടുകയായിരുന്നു.

◼️വിവാഹ വാഗ്ദാനം നല്‍കി പത്തു ലക്ഷം രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ നൈജീരിയക്കാരന്‍ പിടിയില്‍. എനുക അരിന്‍സി ഇഫെന്ന എന്ന നൈജീരീയന്‍ പൗരനെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് നോയിഡയില്‍നിന്നു പിടികൂടിയത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. അമേരിക്കയില്‍ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്.

◼️പോക്സോ പീഡനക്കേസില്‍ റോയ് വയലാട്ട്, അഞ്ജലി റിമാദേവ്, സൈജു തങ്കച്ചന്‍ എന്നിവര്‍ക്കെതിരെ ഈയാഴ്ച കുറ്റപത്രം നല്‍കും. പരാതിക്കാരിയില്‍നിന്ന് കടം വാങ്ങിയ പണം തിരികെ നല്കാതാരിക്കാനായി അഞ്ജലി ബ്ലാക്ക്മെയിലിംഗിന് ശ്രമിച്ചെന്നാണ് ആരോപണം. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും ചുമത്തിയിട്ടുണ്ട്. വയനാട് സ്വദേശികളായ അമ്മയും പ്രായപൂര്‍ത്തിയാകാത്ത മകളുമാണ് പരാതിക്കാര്‍.

◼️നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി. നാളെ രാവിലെ 11 ന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം അറിയിച്ച് ഹാജരായില്ല.

◼️കോട്ടയത്ത് ഫ്ളാറ്റില്‍നിന്ന് പതിനഞ്ചുകാരി വീണ് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. അമ്മ വഴക്കു പറഞ്ഞതിനെത്തുടര്‍ന്നാണ് റയാന്‍ സൂസന്‍ മേരി ഫ്ളാറ്റില്‍ നിന്ന് ചാടിയത്.

◼️പീച്ചി കല്ലിടുക്കില്‍ കനാലില്‍ കുഞ്ഞിന്റെ മൃതദേഹം. അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹമാണ് അഴുകിയനിലയില്‍ കണ്ടെത്തിയത്.

◼️യുവാവിനെ വീട്ടില്‍ വിളിച്ചു വരുത്തി പൂട്ടിയിട്ട് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തില്‍ സോണി (18) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ ഇരുപതുകാരനെയാണ് രണ്ടു ദിവസം പൂട്ടിയിട്ട് മര്‍ദിച്ചത്. യുവാവ് പരിചയപ്പെട്ട യുവതിയുടെ ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ചിരുന്ന യുവാവിനെ യുവതിയാണെന്ന വ്യാജേന ഭര്‍ത്താവ് സന്ദേശമയച്ചു വീട്ടിലേക്കു വിളിച്ചുവരുത്തിയാണു മര്‍ദിച്ചത്. യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോകവേ, വിഴിഞ്ഞം പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോള്‍ ഇറങ്ങിയോടി സ്റ്റേഷനില്‍ എത്തുകയായിരുന്നു.

◼️തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രെവറെ മര്‍ദ്ദിച്ച ബൈക്ക് യാത്രക്കാരന്‍ അജിയെ പോലീസ് അറസ്റ്റു ചെയ്തു. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ ബിജു ഇ കുമാറിനെയാണ് വഴിയാത്രക്കാരനായ അജി ബസിനകത്തു കയറി മര്‍ദിച്ചത്.

◼️◼️പരീക്ഷയിലെ ഫോക്കസ് ഏരിയയെ വിമര്‍ശിച്ചതിന് അധ്യാപകനെതിരെ തുടര്‍നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഉത്തരവിറങ്ങി. പയ്യന്നൂരിലെ അധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പി പ്രേമചന്ദ്രനെതിരെയാണ് വകുപ്പ് നടപടി തുടരുന്നത്.

◼️കേരളത്തില്‍ 21 വരെ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

◼️കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. തൃക്കാക്കരയില്‍ ആരെ സ്ഥാനാര്‍ഥിയാക്കണമെന്നു യോഗത്തില്‍ ചര്‍ച്ചയുണ്ടാകും.

◼️കെഎസ്ഇബി യൂണിയനും മാനേജുമെന്റും തമ്മില്‍ വൈദ്യുതി മന്ത്രി നടത്തുമെന്നു കരുതിയിരുന്ന ചര്‍ച്ച ഇന്നു നടക്കില്ല. മന്ത്രി കെ. കൃഷ്ണന്‍കുട്ടി പാലക്കാട് ഇന്നു നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ അവിടെത്തന്നെ തുടരുന്നതിനാലാണ് ചര്‍ച്ച മാറ്റിയത്.

◼️സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് പെരിങ്ങൊളം സ്വദേശി മരിച്ചു.. പടിഞ്ഞാറെ മനത്താനത്ത് ഏ.സി. മുഹമ്മദ് ഹാജിയുടെ മകന്‍  അബ്ദുറഹിമാന്‍ (48) ആണ് മരിച്ചത്.

◼️ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ സ്വന്തം കാര്‍ കത്തിച്ച ബിജെപി നേതാവ് അറസ്റ്റിലായി. തമിഴ്നാട്ടിലെ് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ല സെക്രട്ടറി സതീഷ് കുമാറിനെയാണ് അറസ്റ്റു ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ വച്ചുള്ള ചോദ്യം ചെയ്യലിലാണ് ബിജെപി നേതാവ് കുറ്റം സമ്മതിച്ചത്.

◼️ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസില്‍ 21 പേരെ അറസ്റ്റ് ചെയ്തു. ശോഭാ യാത്രക്ക് നേരെയുണ്ടായ അക്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒരു പൊലീസുകാരന് വെടിയേറ്റിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ ഗുഢാലോചനയുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു.

◼️ഡല്‍ഹിയില്‍ ഇന്നു മുതല്‍ ഓട്ടോ, ടാക്സി പണിമുടക്ക്. സിഎന്‍ജി അടക്കമുള്ള ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഇന്ധനവില കുറയ്ക്കണമെന്നുമാണ് ആവശ്യം.

◼️കര്‍ണാടകത്തിലെ ധര്‍വാഡ് ജില്ലയിലെ ഓള്‍ഡ് ഹൂബ്ലി പോലീസ് സ്റ്റേഷനുനേരെ ജനക്കൂട്ടം കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ഉള്‍പെടെ 12 പോലീസുകാര്‍ക്കു പരിക്കേറ്റു.

◼️റിയാദില്‍ ഡ്യൂട്ടിക്കിടെ തമിഴ്നാട്ടുകാരിയായ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു. ഗൈനക്കോളജിസ്റ്റും അല്‍ഫലാഹ് ആശുപത്രിയിലെ ഡോക്ടറുമായ തമിഴ്‌നാട് സ്വദേശി ഡോ. സത്യഭാമയാണു മരിച്ചത്. രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെയാണ് മരണം.

◼️സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കര്‍ണാടകയും ഒഡിഷയും സമനിലയില്‍ പിരിഞ്ഞു. ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഇരു ടീമും മൂന്ന് ഗോളുകള്‍ വീതം നേടി. രണ്ടാമത്തെ മത്സരത്തില്‍ നിലവിലെ ജേതാക്കളായ സര്‍വീസസിനെ തകര്‍ത്ത് മണിപ്പൂര്‍. മികച്ച കളി പുറത്തെടുത്ത മണിപ്പൂര്‍ ടീം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സര്‍വീസസിനെ തകര്‍ത്തുവിട്ടത്.

◼️ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 7 വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 18.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

◼️ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ത്രസിപ്പിക്കുന്ന മൂന്ന് വിക്കറ്റ് ജയം. 51 പന്തില്‍ നിന്ന് 94 റണ്‍സെടുത്ത ഡേവിഡ് മില്ലറും  21 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത റാഷിദ് ഖാനുമാണ് ഗുജറാത്തിന്റെ വിജയശില്‍പ്പികള്‍. ചെന്നൈ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് മറികടുന്നു.

◼️സ്പെഷ്യാലിറ്റി കെമിക്കല്‍സ് കമ്പനിയായ പാരസോള്‍ കെമിക്കല്‍സ് ഓഹരി വിപണിയിലേക്ക്. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 800 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 250 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 90 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുന്നതായിരുന്നു പ്രാഥമിക ഓഹരി വില്‍പ്പന.  അസെറ്റോണ്‍ ഡെറിവേറ്റീവുകളുടെയും ഫോസ്ഫറസ് ഡെറിവേറ്റീവുകളുടെയും ഇന്ത്യയിലെ മുന്‍നിര സംയോജിത നിര്‍മാതാക്കളില്‍ ഒന്നാണ് പാരസോള്‍ കെമിക്കല്‍സ്.

◼️യുക്രെയിനില്‍ നിന്നും റഷ്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്തില്‍ ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്കും അനുമതി. റഷ്യ-യുക്രെയിന്‍ സംഘര്‍ഷം മൂലം ആഗോള വിപണിയില്‍ ഗോതമ്പിന്റെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ ഈജിപ്ത് തീരുമാനിച്ചത്. ഒരു ദശലക്ഷം ടണ്‍ ഗോതമ്പാണ് ഇത്തരത്തില്‍ ഇന്ത്യ ഈജിപ്തില്‍ എത്തിക്കുക. രാജ്യത്ത് 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഗോതമ്പ് കയറ്റുമതി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചു. 340.17 ദശലക്ഷം ഡോളറില്‍ നിന്ന് 1.74 ബില്യണ്‍ ഡോളറായാണ് കയറ്റുമതി വര്‍ദ്ധിച്ചത്. 2019-20ല്‍ ഗോതമ്പ് കയറ്റുമതി 61.84 മില്യണ്‍ ഡോളറായിരുന്നു, ഇത് 2020-21ല്‍ 549.67 മില്യണ്‍ ഡോളറായി ഉയര്‍ന്നു.

◼️ബാബു ആന്റണി ചിത്രം 'ചന്ത'യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ബാബു ആന്റണി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സംവിധായകന്‍ സുനില്‍ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുക. 1995ല്‍ പുറത്തിറങ്ങിയ 'ചന്ത' സൂപ്പര്‍ഹിറ്റായ ചിത്രമാണ്. സുല്‍ത്താന്‍ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി സിനിമയില്‍ അവതരിപ്പിച്ചത്. സംവിധായകന്‍ സുനിലിന്റെ കഥക്ക് റോബിന്‍ തിരുമലയാണ് തിരക്കഥ ഒരുക്കിയത്. മോഹിനി നായികയായ സിനിമയില്‍ ലാലു അലക്‌സ്, തിലകന്‍, ദേവന്‍, സത്താര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

◼️ഇന്ത്യന്‍ സിനിമാ ചരിത്രത്തെ തിരുത്തിക്കുറിച്ചുകൊണ്ട് മുന്നേറുകയാണ് 'കെജിഎഫ് ചാപ്റ്റര്‍ 2'. ചിത്രം ഇതിനകം 400 കോടിയ്ക്ക് മുകളില്‍ കളക്റ്റ് ചെയ്തു. സിനിമയുടെ ഹിന്ദി പതിപ്പ് മാത്രം 143 കോടിയ്ക്ക് മുകളില്‍ നേടി കഴിഞ്ഞു. ആദ്യദിനത്തില്‍ 53.95 കോടിയും രണ്ടാം ദിനത്തില്‍ 46.79 കോടിയും മൂന്നാം ദിനത്തില്‍ 42.90 കോടിയും ചിത്രത്തിന്റെ ഹിന്ദി പതിപ്പ് കളക്റ്റ് ചെയ്തു. ചിത്രം 1000 കോടി ക്ലബ്ബില്‍ ഇടം നേടിയേക്കുമെന്നാണ് അനലിസ്റ്റുകള്‍ റിപ്പോര്‍ട് ചെയ്യുന്നത്. ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ സിനിമ 6500 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഹിന്ദി പതിപ്പ് മാത്രം 4000ത്തില്‍ അധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

◼️മാരുതി സുസുക്കി മുഖം മിനുക്കിയ എര്‍ട്ടിഗ 8.35 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി. എര്‍ട്ടിഗ ഫെയ്സ്ലിഫ്റ്റില്‍ ചില സൗന്ദര്യവര്‍ദ്ധക മാറ്റങ്ങള്‍ മാത്രമല്ല, ഒരു പുതിയ പവര്‍ട്രെയിനുമുണ്ട്. സ്‌പ്ലെന്‍ഡിഡ് സില്‍വര്‍, ഡിഗ്‌നിറ്റി ബ്രൗണ്‍ എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളാണ് പുതിയ എര്‍ട്ടിഗയുടെ സവിശേഷത. ഇന്റീരിയറില്‍ പുതിയ മെറ്റാലിക് തേക്ക്-വുഡന്‍ ഫിനിഷും ഡ്യുവല്‍-ടോണ്‍ ഫാബ്രിക് സീറ്റുകളും ഉണ്ട്. പുതിയ കെ-സീരീസ് 1.5 എല്‍ ഡ്യുവല്‍ ജെറ്റ്, ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയുള്ള ഡ്യുവല്‍ വിവിടി എന്നിവയാണ് പുതിയ എര്‍ട്ടിഗയുടെ കരുത്ത്. ഇത് 101 എച്ച്പി പവറും 136 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

◼️കുനുകുനെ നിരന്ന അക്ഷരങ്ങളിലൂടെ മിഴികളാല്‍ പരതി വായന തുടരുമ്പോള്‍ ഉള്‍ക്കണ്ണില്‍ ഒരു പുതുലോകം ഉയര്‍ന്നു വരുകയാണ്. വായന മുന്നോട്ടുപോകുമ്പോള്‍ അക്ഷരങ്ങള്‍ക്ക് പകരം കാഴ്ചകള്‍ ഉടലെടുക്കുന്നു. ഒരു ചുമട്ടുതൊഴിലാളിയുടെ ഓര്‍മക്കുറിപ്പുകള്‍. 'ഓര്‍മയുടെ ഋതുഭേദങ്ങള്‍'. രഘു കുന്നുമ്മക്കര. പേപ്പര്‍ പബ്ളിക്ക. വില 190 രൂപ.

◼️ഡയറ്റിലും ജീവിതരീതികളില്‍ ആകെത്തന്നെയും പല ഘടകങ്ങളും ശ്രദ്ധിച്ചാല്‍ മാത്രമേ ബിപി നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ചിലരില്‍ എപ്പോഴും ബിപി ഉയര്‍ന്നുതന്നെ കാണിക്കാറുണ്ട്.  ഇതില്‍ തന്നെ ഉപ്പ് ആണ് വലിയൊരു ശതമാനവും നിര്‍ണായകമാകുന്നത്. ഉപ്പ് കുറയ്ക്കുന്നതിന് അനുസരിച്ച് ബിപിയും നിയന്ത്രിക്കാന്‍ സാധിക്കും. നമ്മള്‍ പാകം ചെയ്യുന്ന ഭക്ഷണത്തില്‍ നിന്ന് ഇത്തരത്തില്‍ ഉപ്പിന്റെ അളവ് കുറച്ചാലും ബാക്കി പുറത്ത് നിന്ന് വാങ്ങി ഉപയോഗിക്കുന്ന പാക്കേജ്ഡ് ഭക്ഷണം, പ്രോസസ്ഡ് ഭക്ഷണം എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്ന ഉപ്പ് വില്ലനായി വരാം. അതിനാല്‍ ഉപ്പിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ തന്നെ പുലര്‍ത്തുക. പൊട്ടാസ്യം കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. സ്പിനാഷ്, ബ്രൊക്കോളി, തക്കാളി, നേന്ത്രപ്പഴം, ഓറഞ്ച്, അവക്കാഡോ, ഇളനീര്‍ എല്ലാം പൊട്ടാസ്യത്താല്‍ സമ്പന്നമാണ്. ഇങ്ങനെയുള്ള ഭക്ഷണങ്ങളൊന്നും തന്നെ ഡയറ്റില്‍ വരാതിരിക്കുന്നുവെങ്കില്‍ അത് പതിവായി ബിപി ഉയരാന്‍ ഇടയാക്കാം. മാനസിക സമ്മര്‍ദ്ദം അഥവാ 'സ്‌ട്രെസ്' അധികരിക്കുമ്പോള്‍ ബിപിയും വര്‍ധിക്കും. ഉറക്കം ശരിയായില്ലെങ്കിലും ബിപി കൂടാം. പതിവായി ഉറക്കപ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ പതിവായി ബിപിയും ഉയര്‍ന്നിരിക്കും. മദ്യപാനശീലമുള്ളവരാണെങ്കില്‍ പതിവായി മദ്യപിക്കുന്നത്, അധിക അളവില്‍ മദ്യപിക്കുന്നത് എല്ലാം ബിപി ഉയരാനിടയാക്കും. മറ്റ് എന്തെങ്കിലും അസുഖങ്ങളുടെ ഭാഗമായും എല്ലായ്‌പോഴും ബിപി ഉയര്‍ന്നിരിക്കാം. പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖങ്ങള്‍. അതുകൊണ്ട് തന്നെ ബിപി എപ്പോഴും ഉയര്‍ന്നാണിരിക്കുന്നതെങ്കില്‍ പരിശോധനകളെല്ലാം ഡോക്ടറുടെ നിര്‍ദശപ്രകാരം ചെയ്യുന്നത് ഉചിതമാണ്.
MEDIA 16 NEWS