നൈറ്റ് പട്രോളിങ് വാഹനത്തിന്റെ സീറ്റിനടിയിൽ 14,000 രൂപ; പൊലീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

പാറശാല• പാറശാല പൊലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് വാഹനത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 13,960 രൂപ കണ്ടെടുത്തു. ഡ്രൈവർ സീറ്റിന് അടിയിൽ നിന്ന് 100, 200, 500 രൂപയുടെ നോട്ടുകൾ ചുരുട്ടിയ നിലയിൽ കണ്ടെടുക്കുകയായിരുന്നു. വാഹനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജ്യോതി കുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്കെതിരെ വകുപ്പുതല നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തു.ഇന്നലെ വെളുപ്പിന് നാലു മണിക്കാണ് സംഭവം. പട്രോളിങ് കഴിഞ്ഞ് വാഹനം തിരിച്ച് സ്റ്റേഷനിൽ എത്തുമ്പോൾ ആണ് വിജിലൻസ് സംഘം തടഞ്ഞു പരിശോധന നടത്തിയത്. റോഡ് പരിശോധനയിലെ പിരിവിന് ഒപ്പം പാറശാല സ്റ്റേഷനിൽ കേസ് ഒതുക്കൽ, വാഹനാപകടങ്ങൾ തുടങ്ങി ഗുരുതര സ്വഭാവമുള്ള കേസുകൾ ഒതുക്കി തീർക്കുന്നതിന് ഏതാനും ഉദ്യേ‍ാഗസ്ഥരുടെ നേതൃത്വത്തിൽ ലോബി പ്രവർത്തിക്കുന്നതായി ആരോപണം ഉണ്ടായിരുന്നു. സ്റ്റേഷൻ ചുമതലയുള്ള ഉദ്യേ‍ാഗസ്ഥർ പോലും അറിയാതെയാണ് ഭൂരിഭാഗം ഇടപാടുകളും നടക്കുന്നത്.കളിയിക്കാവിള അതിർത്തിയിലെ അരി ഗോഡൗണുകളിൽ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന റേഷനരി, മണ്ണ് കടത്ത് എന്നിവയിൽ നിന്ന് മാസം വൻ തുക തന്നെ സംഘടിപ്പിക്കുന്ന അര ഡസനോളം പൊലീസുകാർ സ്റ്റേഷനിൽ ജോലി ചെയ്യുന്നുണ്ട്. ഒ‍ാടുന്ന ലോറികളിൽ നിന്ന് വാഹനം നിർത്താതെ പടി വാങ്ങാൻ വൈദഗ്ധ്യം ഉള്ള ഡ്രൈവർമാർ വരെ സ്റ്റേഷനിലുണ്ട്. റോഡ് പരിശോധനകളുടെ മറവിൽ ലോറികളിൽ നിന്ന് വൻ തുകയാണ് രാത്രികാലങ്ങളിൽ പട്രോളിങ് വാഹനത്തിലെ ചില ജീവനക്കാർ പിരിച്ചെടുക്കുന്നത്.ഇന്നലെ രാത്രി ഡ്യൂട്ടി ആരംഭിച്ച വാഹനം വെളുപ്പിന് നാലു മണിക്ക് വിജിലൻസ് പിടികൂടുമ്പോൾ 13.960 രൂപ ലഭിച്ചത് കൈക്കൂലിയുടെ വലുപ്പം വ്യക്തമാക്കുന്നതാണ്. മെറ്റൽ, പാറപ്പൊടി, റബർ തടി കയറ്റി എത്തുന്ന വലിയ ലോറികൾക്ക് 200 രൂപയാണ് പെ‍ാലീസ് പടി. പെ‍ാലീസ് വാഹനത്തിൽ നിന്ന് ചുരുട്ടിയ നിലയിൽ കണ്ടെത്തിയ 200 രൂപയുടെ നോട്ടുകൾ ലോറിക്കാർ നൽകിയത് എന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ. രേഖകളിൽ വ്യക്തത ഇല്ലെങ്കിൽ 1000 രൂപ വരെ ഭീഷണിപ്പെടുത്തി വാങ്ങുന്ന ഉദ്യേ‍ാഗസ്ഥരുമുണ്ട്.സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ, പ്രിൻസിപ്പൽ എസ്ഐ എന്നിവർ പോലും അറിയാതെ ആണ് ഭൂരിഭാഗം ഇടപാടുകളും നടക്കുന്നത്. ഏതാനും ചില ഉദ്യേ‍ാഗസ്ഥർ നടത്തുന്ന ക്രമക്കേടുകൾക്ക് എല്ലാവരും പഴി കേൾക്കേണ്ടി വരുന്ന സ്ഥിതിയാണെന്ന് ഒരു വിഭാഗം പറയുന്നു. വിജിലൻസ് എസ്പി ജയശങ്കർ, ഇൻസ്പെക്ടർ പി.വി വിനീഷ് കുമാർ, ലീഗൽ മെട്രോളജി അസി കൺട്രോളർ ബിനു ബാലക്, ഗ്രേഡ് എസ്ഐ ആർ.ഷാജി, സിപിഒ മാരായ സിജുമോൻ, സുഭാഷ് എന്നിവർ അടങ്ങുന്ന സംഘം ആണ് പരിശോധന നടത്തിയത്. മറ്റു പട്രോളിങ് സംഘങ്ങൾക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്.