മന്ത്രിസഭായോഗ തീരുമാനങ്ങൾ (12/04/22)

* തസ്തിക

പുതുതായി അനുവദിച്ച 7 കുടുംബ കോടതികളില്‍ 21 തസ്തികകള്‍ വീതം സൃഷ്ടിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. 

കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ,  പരവൂർ, ആലുവ, വടക്കൻ പറവൂർ എന്നീ കോടതികളിലാണിത്. 

കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ (ഓപ്പറേഷന്‍സ്) തസ്തിക സൃഷ്ടിക്കുന്നതിന് അനുമതി നല്‍കി.

400 കെ. വി ഇടമണ്‍ - കൊച്ചി ട്രാന്‍സ്മിഷന്‍ ലൈന്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം, കോട്ടയം ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്‌പെഷ്യല്‍ തഹസില്‍ദാര്‍, എല്‍. എ, പവര്‍ഗ്രിഡ് യൂണിറ്റുകളിലെ 11 തസ്തികകള്‍ക്ക് 10.10.2021 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടർച്ചാനുമതി നല്‍കി.

* ശമ്പളപരിഷ്‌കരണം

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്, കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തിരുവനന്തപുരം റീജിയനല്‍ ക്യാന്‍സര്‍ സെന്ററിലെ നേഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത തസ്തികകളിലെ ജീവനക്കാര്‍ക്ക് ശമ്പളം, അലവന്‍സുകള്‍, മറ്റാനുകൂല്യങ്ങള്‍ എന്നിവ 11-ാം ശമ്പളപരിഷ്‌കരണ ഉത്തരവിന്‍ പ്രകാരം പരിഷ്‌കരിക്കരിക്കാന്‍ അനുമതി നല്‍കി.

* നിയമനം 

ക്ലീന്‍ കേരള കമ്പനിയിലെ പുതിയ മാനേജിംഗ് ഡയറക്ടറായി ജി. കെ. സുരേഷ് കുമാറിനെ (റിട്ട. ഡെപ്യൂട്ടി കളക്ടര്‍) നിയമിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

* ചികിത്സാ സഹായം

കരള്‍ ദാന ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ സ്‌പൈനല്‍ സ്‌ട്രോക്ക് കാരണം  ശരീരം തളര്‍ന്നു കിടപ്പിലായ രഞ്ജു കെ. യുടെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്  5 ലക്ഷം രൂപ അനുവദിച്ചു.

* ഭൂമി കൈമാറ്റം

ഇടുക്കി കോടതി സമുച്ചയ നിര്‍മ്മാണത്തിനായി ഇടുക്കി വില്ലേജില്‍ ജില്ലാ പഞ്ചായത്തിന്റെ  അധീനതയിലുള്ള 2 ഏക്കര്‍ സ്ഥലം സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ക്ക് വിധേയമായി ജുഡീഷ്യല്‍ വകുപ്പിന് നല്‍കാന്‍ അനുമതി നല്‍കി.

#cabinetdecisions #kerala 
*********