*വർക്കലയിൽ റെയിൽവേ പുറമ്പോക്കിലെ 10 ഓളം ബങ്ക് കടകൾ റെയിൽവേ പൊളിച്ചുമാറ്റി*

വർക്കല: വർക്കല റെയിൽവേ സ്റ്റേഷൻ റോഡിൽ റെയിൽവേ പുറമ്പോക്ക് ഭൂമിയിൽ വർഷങ്ങളായി കച്ചവടം നടത്തി വന്ന ബങ്ക്‌ കടകൾ റെയിൽവേ അധികൃതർ പൊളിച്ചുമാറ്റി. വർക്കല റെയിൽവേ സ്റ്റേഷൻ റോഡിലെ 10 ഓളം ബങ്ക്‌ കടകളാണ് നീക്കം ചെയ്തത്. ഒരാഴ്ചയ്ക്ക് അകം അവശേഷിക്കുന്ന 15 ഓളം കടകൾ നീക്കം ചെയ്യുന്നതിനായി കടയുടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ജനകീയാസൂത്രണപദ്ധതി പ്രകാരം വികലാംഗർക്ക് ജീവനോപാധിയായി നഗരസഭ നൽകിയ ബങ്ക് കടകളാണ് ഭൂരിഭാഗവും. എന്നാൽ ഇവയിൽ പലതും ലഭിച്ച ആളിന് പണം നൽകി മറ്റ് ചിലർ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇവരെ കൂടാതെ നിർദ്ധനരായവർക്ക് നഗരസഭ നൽകിയ ബങ്ക് കടകളും പൊളിച്ചു നീക്കിയവയിൽ ഉൾപ്പെടും. ബങ്ക് കടകൾ പൊളിച്ചു മാറ്റിയ നടപടിയിൽ ഏറെ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. പലരുടെയും ജീവനോപാധിയും നഷ്ടപ്പെട്ടു. ഒഴിപ്പിക്കപ്പെട്ടതിൽ അർഹരായവരെ കണ്ടെത്തി നഗരസഭ പരിധിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി ബങ്ക്‌ കടകൾക്ക് അനുവാദം നൽകുമെന്ന് നഗരസഭ ചെയർമാൻ കെ.എം. ലാജി അറിയിച്ചു.