കേസിൽ വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു, മൈസൂരു, ബെളഗാവി എന്നിവിടങ്ങളിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനങ്ങൾക്കും ആളുകൾ ഒത്തുചേരുന്നതിനും നിരോധനമുണ്ട്. ഉഡുപ്പി, ശിവമൊഗ്ഗ എന്നിവിടങ്ങളിലടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
ഹിജാബ് ധരിച്ചതിനെ തുടർന്ന് ഉഡുപ്പി പിയു കോളജിൽ നിന്ന് പുറത്താക്കിയ ആറു വിദ്യാർഥിനികളാണ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഹിജാബ് നിരോധനം മൗലികാവകാശത്തിന്റെ ലംഘനമെന്നാണ് വിദ്യാർഥികളുടെ വാദം. സിംഗിൾ ബെഞ്ചിൽ നൽകിയിരുന്ന ഹർജി പിന്നീട് വിശാല ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ഭരണഘടനാ വിഷയങ്ങൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ, ഹിജാബ് വിലക്കിൻമേലുള്ള ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടേണ്ടതുണ്ടെന്നു സിംഗിൾ ബെഞ്ച് വിലയിരുത്തുകയായിരുന്നു.
ഹർജിയിൽ വാദം കേൾക്കവെ, ക്യാംപസിൽ ഹിജാബ് ധരിക്കാമെന്നും ക്ലാസിൽ ഇരിക്കുമ്പോൾ പാടില്ലെന്നേ നിർദേശിച്ചിട്ടുള്ളൂ എന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹിജാബിനു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ഹിജാബ് വിലക്കി സംസ്ഥാനം ഉത്തരവിട്ടിട്ടില്ലെന്നും വിദ്യാലയ വികസന സമിതികൾക്കു തീരുമാനമെടുക്കാമെന്നാണു വ്യക്തമാക്കിയതെന്നും കർണാടക സർക്കാർ കോടതിയില്‍ വ്യക്തമാക്കി. അങ്ങനെയെങ്കിൽ വിദ്യാലയ വികസന സമിതി ഹിജാബ് അനുവദിച്ചാൽ സർക്കാർ എതിർക്കുമോ എന്നു ഹൈക്കോടതി ചോദിച്ചിരുന്നു.
അതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിന്റെ ഭാഗമല്ലാത്ത എല്ലാ വസ്ത്രധാരണവും വിലക്കി കർണാടക വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളജുകളിൽ ഉൾപ്പെടെ കർണാടക വിദ്യാഭ്യാസനയ പ്രകാരമുള്ള യൂണിഫോം ധരിച്ചെത്തുന്നവർക്കു മാത്രമേ പ്രവേശനം അനുവദിക്കൂ.”