എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിര്‍ദേശം. ഈ അറിയിപ്പ് അനുസരിച്ച്‌ നീങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

യുക്രൈനില്‍ നിന്ന് ഇന്നലെ ഡല്‍ഹിയില്‍ എത്തിയ 36 വിദ്യാര്‍ത്ഥികളെ കൂടി ഇന്ന് കേരളത്തിലെത്തിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതില്‍ 25 പേരെ ഇന്ന് രാവിലെ 5.35ന് പുറപ്പെട്ട വിസ്താര യുകെ 883 ഫ്‌ളൈറ്റില്‍ കൊച്ചിയില്‍ എത്തിച്ചു. 11 പേരെ 8.45ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട വിസ്താര യുകെ 895 ഫ്‌ളൈറ്റിലും നാട്ടിലെത്തിച്ചു. ഇന്ന് രണ്ട് ഇന്‍ഡിഗോ ഫ്‌ളൈറ്റുകള്‍ കൂടി ഡല്‍ഹിയിലെത്തി. ബുക്കാറസ്റ്റില്‍ നിന്ന് ഇന്നലെ രാവിലെ 10.30നും ബുഡാപെസ്റ്റില്‍ നിന്ന് 10.55നും പുറപ്പെട്ട ഫ്‌ളൈറ്റുകളാണ് ഇന്ന് ഡല്‍ഹിയില്‍ എത്തിയത്. ബുക്കാറസ്റ്റില്‍ നിന്ന് ഇന്ന് രാവിലെ 11.30ന് ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യയുടെ എ 1 1942 വിമാനം രാത്രി 9.20ന് ഡല്‍ഹിയിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.