വർക്കല പ്രഭാത സവാരിക്കിടെ കൊലപാതകം : ആറ് ഡി.എച്ച്‌.ആര്‍.എം പ്രവര്‍ത്തകരെ ഹൈകോടതി വെറുതെവിട്ടു.

വര്‍ക്കല ശിവപ്രസാദ് കൊലക്കേസില്‍ പ്രതികളായ ആറു ഡി.എച്ച്‌.ആര്‍.എം പ്രവര്‍ത്തകരെ ഹൈകോടതി വെറുതേവിട്ടു.

ജീവപര്യന്തം തടവിന് ശിക്ഷിച്ച തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ വിധി. അതേസമയം, അഞ്ചാം പ്രതി സുധി നാരായണന്‍റെ ശിക്ഷ ഹൈകോടതി ശരിവെച്ചു. ആറു പ്രതികള്‍ കുറ്റം ചെയ്തെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ഡിവിഷന്‍ ബെഞ്ച് വിധിയില്‍ ചൂണ്ടിക്കാട്ടി.

ഡി.എച്ച്‌.ആര്‍.എം സംസ്ഥാന മുന്‍ ചെയര്‍മാനും ആലുവ സ്വദേശിയുമായ സെല്‍വരാജ്, ദക്ഷിണ മേഖലാ ഓര്‍ഗനൈസറും ചെറുവണ്ണൂര്‍ സ്വദേശിയുമായ വര്‍ക്കല ദാസ്, കൊല്ലം പെരുമ്ബഴ സ്വദേശി ജയചന്ദ്രന്‍, ചെറുവണ്ണൂര്‍ സ്വദേശിയായ മധു എന്ന സജി, കൊല്ലം മുട്ടക്കാവുശ്ശേരി സ്വദേശി സുധി, വര്‍ക്കല സ്വദേശി സുധി സുര, അയിരൂര്‍ സ്വദേശി പൊന്നുമോന്‍ എന്ന സുനില്‍ എന്നിവരാണ് അപ്പീല്‍ നല്‍കിയത്.

2019 സെപ്റ്റംബര്‍ 23ന് വര്‍ക്കല അയിരൂരില്‍ പ്രഭാത സവാരിക്കിടെ ശിവപ്രസാദിനെ ഡി.എച്ച്‌.ആര്‍.എം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അക്രമങ്ങളിലൂടെ ഡി.എച്ച്‌.ആര്‍.എം എന്ന സംഘടന ശ്രദ്ധിക്കപ്പെടാനും അംഗബലം ബോധ്യപ്പെടുത്താനുമാണ് ആക്രമണം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

അയിരൂര്‍ ഗവ. യു.പി സ്കൂളിന് മുന്നിലായിരുന്നു കൊലപാതകം. സമീപത്ത് ചായക്കട നടത്തുകയായിരുന്ന അശോകനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കേസിലെ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ബദറുദ്ദീന്‍ വിധിച്ചത്. കൂടാതെ, കൊല്ലപ്പെട്ട ശിവപ്രസാദിന്‍റെ കുടുംബത്തിന് ആറു ലക്ഷം രൂപയും പരിക്കേറ്റ അശോകന് 12 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിരുന്നു.