വര്‍ക്കലയ്ക്കടുത്ത് പുത്തന്‍ചന്തയില്‍ പച്ചക്കറി മൊത്തവ്യാപാരം നടത്തിയിരുന്ന പ്രതാപന്‍ അയല്‍വാസികള്‍ക്ക് പ്രിയപ്പെട്ട ബേബിയണ്ണനായിരുന്നു. തിങ്കള്‍ രാവിലെ ബോഡി ചെക്കപ്പിനായി ഭാര്യക്കൊപ്പം ആശുപത്രിയില്‍ പോയ പ്രതാപന്‍ സന്ധ്യയോടെയാണ് തിരിച്ചെത്തിയത്. മക്കളായ നിഹുലും അഖിലും കടയില്‍നിന്ന് രാത്രി എട്ടോടെ എത്തി. പത്തോടെ വീട്ടിലെല്ലാവരും ഉറങ്ങാന്‍ കിടന്നു. ഒന്നരയോടെയാണ് തീപിടിച്ചത്.
▪️തുടക്കം സ്വിച്ച് ബോര്‍ഡില്‍ നിന്ന്.
പ്രതാപനും ഷേര്‍ളിയും താഴത്തെ നിലയിലായിരുന്നു ഉറങ്ങിയത്. മകന്‍ നിഹുലും ഭാര്യ അഭിരാമിയും മകന്‍ റയാനൊപ്പം മുകളിലെ മുറിയിലും. ഇളയമകന്‍ അഖിലും രണ്ടാം നിലയിലായിരുന്നു. താഴെ തീപിടിച്ചത് ഇവരറിഞ്ഞില്ല. അയല്‍വാസികള്‍ ഫോണില്‍ വിളിച്ചപ്പോള്‍ നിഹുല്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനിടെ ഉണര്‍ന്ന അഭിരാമി കുഞ്ഞുമായി പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും പുക നിറഞ്ഞതോടെ ശുചിമുറിയിലേക്ക് കയറി. ഇവരുടെ മൃതദേഹങ്ങള്‍ ഇവിടെനിന്നാണ് കണ്ടെത്തിയത്.
സ്വീകരണമുറിയില്‍ കാര്‍പോര്‍ച്ചിനോട് ചേര്‍ന്നുള്ള സ്വിച്ച് ബോര്‍ഡിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതെന്നാണ് ഇലക്‌ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ പ്രാഥമിക നിഗമനം. മെയിന്‍ സ്വിച്ച് ബോര്‍ഡും ഡിസ്ട്രിബ്യൂഷന്‍ ബോര്‍ഡും പൂര്‍ണമായും കത്തി. മൂന്ന് മുറിയിലേയും എയര്‍ കണ്ടീഷണറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇത് അതിവേഗം തീ കിടപ്പ് മുറിയിലേക്ക് എത്താന്‍ കാരണമായി. തീ പുറത്തേക്ക് പടര്‍ന്നതാണ് ഇരുചക്രവാഹനങ്ങള്‍ കത്താന്‍ കാരണമായത്. ഈ ഭാഗത്തെ ഭിത്തിയും മാര്‍ബിള്‍ തറയും പൊട്ടിപ്പൊളിഞ്ഞു.
തീ ആളിപടരുന്നത് കണ്ട അയല്‍വാസി ഫോണില്‍ വിളിച്ച് വീടിന് തീപിടിച്ച വിവരം നിഹുലിനെ അറിയിച്ചു. ഉടന്‍ മുറിക്ക് പുറത്തിറങ്ങിയെങ്കിലും ഒന്നും ചെയ്യാനായില്ല. മുകളിലേക്ക് തിരികെ കയറുന്നതിനിടെ തളര്‍ന്നുവീണു. കുഞ്ഞിനെയുമെടുത്ത് പുറത്തേക്കിറങ്ങാന്‍ നോക്കിയ അഭിരാമി മുറിയിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു. അഖിലിന് പുറത്തേക്കിറങ്ങാന്‍പോലും സാധിച്ചില്ല. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച നിഹുല്‍ ഇനിയും പ്രിയപ്പെട്ടവരുടെ വിയോഗമറിഞ്ഞിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.