വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാൻ ശ്രമം,പിന്നാലെ ആത്മഹത്യ

കോഴിക്കോട്: നാദാപുരത്ത് യുവതിയെ വീട്ടിലെത്തി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു.വളയം ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്നേഷ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തിയ യുവാവ് രണ്ടാംനിലയില്‍ കയറി മുറിയില്‍ തീവയ്ക്കുകയായിരുന്നു. വീടിന് തീപടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. ഇതോടെ ടെറസില്‍ നിന്ന് ഇറങ്ങി വന്ന രത്നേഷ്, ദേഹമാസകലം പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നു.

ഇതിനിടെ യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. രത്നേഷിന്റെ മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.