*ബസുകളില്‍ വിവേചനം;വിദ്യാര്‍ത്ഥികള്‍ക്ക് പരാതി അറിയിക്കാമെന്ന് മോട്ടോര്‍ വാഹന വകുപ്പ്..പരാതി അറിയിക്കാൻ ഓരോ ജില്ലക്കും വാട്‌സ് ആപ്പ് നമ്പർ..*

ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള വിവേചനം തടയാന്‍ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ ജില്ല അടിസ്ഥാനത്തില്‍ നമ്പരുകള്‍ ഏര്‍പ്പെടുത്തി. വാട്‌സ് ആപ്പ് വഴി പരാതി അറിയിക്കാവുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്.

ഭൂരിപക്ഷം ബസുടമകളും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും നല്‍കുന്നുണ്ടെങ്കിലും ചെറിയ വിഭാഗം ജീവനക്കാരില്‍ നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ബസ്സില്‍ കയറ്റാതിരിക്കുക, ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക, ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, കണ്‍സെഷന്‍ നല്‍കാതിരിക്കുക എന്നീ കാര്യങ്ങളില്‍ കര്‍ശന നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളാണ് നമ്മുടെ കുട്ടികള്‍. കോവിഡ് ദുരിതകാലത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നതോടെ ഭൂരിപക്ഷം വിദ്യാര്‍ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്. ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാര്‍ഥി കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നല്‍കുന്നുണ്ട്.
എന്നാല്‍ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് വളരെ മോശം അനുഭവങ്ങള്‍ ആണ് ലഭിക്കുന്നത്.
ബസ്സില്‍ കയറ്റാതിരിക്കുക..
ബസ്സ് പുറപ്പെടും വരെ പുറത്ത് നിര്‍ത്തുക..
ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക..
ടിക്കറ്റ് കണ്‍സഷന്‍ നല്‍കാതിരിക്കുക.. തുടങ്ങിയവ വിദ്യാര്‍ഥികളോട് ചെയ്യുന്ന വിവേചനം തന്നെയാണ്. ഇത്തരം വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബഹു. സംസ്ഥാന ബാലാവകാശ കമ്മീഷനും നിര്‍ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച് തുടര്‍ച്ചയായി പരിശോധനകള്‍ നടത്തി വരികയാണ്. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് മേല്‍പ്പറഞ്ഞ വിധത്തിലുള്ള

*വിവേചനങ്ങള്‍ ബസ്സുകളിലുണ്ടായാല്‍* 
*താഴെപ്പറയുന്ന നമ്പരുകളിലേക്ക്* *വാട്‌സ് ആപ്പ് വഴി പരാതി അറിയിക്കാവുന്നതാണ്.*

1. തിരുവനന്തപുരം -9188961001
2. കൊല്ലം – 9188961002
3. പത്തനംതിട്ട- 9188961003
4. ആലപ്പുഴ – 9188961004
5. കോട്ടയം- 9188961005
6. ഇടുക്കി- 9188961006
7. എറണാകുളം- 9188961007
8. തൃശ്ശൂര്‍ – 9188961008
9. പാലക്കാട്- 9188961009
10. മലപ്പുറം – 9188961010
11. കോഴിക്കോട് – 9188961011
12. വയനാട്- 9188961012
13. കണ്ണൂര്‍ – 9188961013
14. കാസര്‍ഗോഡ് – 9188961014