*ഭക്തിയുടെ നിറവിൽ വർക്കലജനാർദനസ്വാമി ക്ഷേത്രത്തിലെ ആറാട്ട്*

 *വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കിഴക്കേ ഗോപുരനടയിൽനിന്നു പുറപ്പെടുന്നു*
വർക്കല: ഭക്തിയുടെ നിറവിൽ ആചാരപൂർവം വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലെ ആറാട്ട്. ആഘോഷങ്ങളും ഘോഷയാത്രയും ഒഴിവാക്കി ചടങ്ങുകൾ മാത്രമായാണ് ആറാട്ട് നടന്നത്.
വെള്ളിയാഴ്ച വൈകീട്ട് ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനട വഴി ആറാട്ട് പുറപ്പെട്ടു. ഗജരാജൻ പഞ്ചമത്തിൽ ദ്രോണയാണ് തിടമ്പേറ്റിയത്. വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഉറിയടിയും ശിങ്കാരിമേളവും ആഘോഷത്തിനു പൊലിമകൂട്ടി.

ജനാർദനസ്വാമിയുടെ വിഗ്രഹം ലഭിച്ചുവെന്ന് വിശ്വസിക്കുന്ന ചിലക്കൂർ ആലിയിറക്കം കടൽത്തീരത്തേക്കാണ് ആറാട്ട് നീങ്ങിയത്. തീരത്ത് പ്രത്യേകം തയ്യാറാക്കിയ ആറാട്ടുപുരയിൽ പൂജ നടത്തി. തുടർന്ന് വിഗ്രഹം കടലിൽ ആറാടി. നിരവധി ഭക്തർ ചടങ്ങിന് സാക്ഷിയായി. ആറാട്ടുപുരയിൽ ദീപാരാധനയ്ക്കുശേഷം പനമൂട് അർധനാരീശ്വര ക്ഷേത്രത്തിൽ പറ സമർപ്പിച്ചു. തുടർന്ന് ആറാട്ട് ക്ഷേത്രത്തിലേക്ക് മടങ്ങി. ആറാട്ട് കടന്നുപോകുന്ന വഴിയിലെ വീടുകളിൽ ഭക്തർ തൊഴുകൈയോടെ നിന്നു.
ആറാട്ട് ക്ഷേത്രത്തിൽ തിരിച്ചെത്തിയപ്പോൾ ചുറ്റുവിളക്ക്, വലിയകാണിക്ക എന്നിവയുണ്ടായിരുന്നു. തുടർന്ന് കൊടിയിറക്കിയതോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമായി