ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. വെല്ലൂരിന് സമീപം അല്ലാപുരത്ത് താമസിക്കുന്ന ദുരൈ വെര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്.
അടുത്തിടേയാണ് ദുരൈ വെര്‍മ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. വെള്ളിയാഴ്ച രാത്രി ചാര്‍ജ് ചെയ്യാനായി ബൈക്ക് വീട്ടിനുള്ളിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ചാര്‍ജ് ചെയ്യുന്നതിനിടെ ബൈക്ക് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി.
തീയില്‍ നിന്ന് രക്ഷപ്പെടാന്‍ വെര്‍മയും മകളും ശുചിമുറിയിലേക്ക് ഓടിക്കയറി. എന്നാല്‍ പുക ശ്വസിച്ച് ഇരുവരും ശ്വാസംമുട്ടി മരിച്ചു. തീ ഉയരുന്നതുകണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. എന്നാല്‍ തീ നിയനന്ത്രണവിധേയമാക്കി രക്ഷാപ്രവര്‍ത്തകര്‍ വീടിനുള്ളിലെത്തിയപ്പോഴേക്കും അച്ഛനും മകള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇരവരുടേയും മൃതദേഹങ്ങള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു