തൊഴിലാളി യൂണിയനുകളുടെ സമ്മതത്തോടെയാണിത്. ചെയ്യാത്ത തൊഴിലിനു കൂലി വാങ്ങുന്നതും നോക്കുകൂലിയും നിരോധിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ ചുമട്ടുതൊഴിലാളി നിയമം വരുന്നു.
നോക്കുകൂലിക്കു രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉള്‍പ്പെടെ കര്‍ശന വ്യവസ്ഥകളാണു പുതിയ ബില്ലിലുള്ളത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി ഉള്‍പ്പെടെ പ്രധാന തൊഴിലാളി സംഘടനകളെല്ലാം പുതിയ ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിച്ചു. നിയമ, തൊഴില്‍ വകുപ്പുകളുടെ പരിശോധനയിലാണു ബില്‍ ഇപ്പോള്‍.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ്് യൂണിയന്‍ (സിഐടിയു) സംസ്ഥാന സമിതി ബില്ലിലെ നിര്‍ദേശങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. എല്ലാ തൊഴിലാളി സംഘടനകള്‍ക്കും ബില്ലിന്റെ കരട് നല്‍കിയിരുന്നു. അവരും പിന്തുണ അറിയിച്ച സാഹചര്യത്തിലാണു നിയമസഭയില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
ചെയ്യാത്ത ജോലിക്കു കൂലി ചോദിക്കുന്നതും തൊഴിലുടമയെ ഭീഷണിപ്പെടുത്തുന്നതും അസഭ്യം പറയുന്നതും പുതിയ നിയമത്തില്‍ കുറ്റകരമാണ്. 6 മാസത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടാല്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കു ചുമടുജോലിയില്‍ നിന്നു വിലക്കും.
യന്ത്രം ചെയ്യുന്ന ജോലിക്കു തൊഴിലാളിക്കു കൂലിക്ക് അര്‍ഹതയില്ല. ജോലിക്കിടയില്‍ അസാന്മാര്‍ഗിക പ്രവൃത്തി, മദ്യപാനം, ധന ദുര്‍വിനിയോഗം, ധനാപഹരണം എന്നിവയും ശിക്ഷാര്‍ഹമാണ്. ആറ് മാസം തടവു ലഭിച്ചയാള്‍ക്ക് ശിക്ഷ പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തേക്കു ചുമട്ടുതൊഴില്‍ ചെയ്യാന്‍ വിലക്കുണ്ട്. ആറ് മാസത്തില്‍ കൂടുതലാണു ശിക്ഷയെങ്കില്‍ 2 വര്‍ഷത്തേക്കാണു വിലക്ക്.