34 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 44 റണ്‍സെടുത്ത ഓപ്പണര്‍ അജിങ്ക്യ രഹാനെയാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറർ
മുംബൈ: ഐപിഎല്ലില്‍ 15-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനാണ് കൊല്‍ക്കത്ത തകര്‍ത്തത്. ചെന്നൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 18.3 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.
34 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 44 റണ്‍സെടുത്ത ഓപ്പണര്‍ അജിങ്ക്യ രഹാനെയാണ് കൊല്‍ക്കത്ത നിരയിലെ ടോപ് സ്‌കോറര്‍.
132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയും വെങ്കടേഷ് അയ്യരും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 38 പന്തില്‍ നിന്ന് 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 16 പന്തില്‍ നിന്ന് രണ്ട് ഫോറടക്കം 16 റണ്‍സെടുത്ത വെങ്കടേഷിനെ മടക്കി ഡ്വെയ്ന്‍ ബ്രാവോയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ നിതീഷ് റാണയെ കൂട്ടുപിടിച്ച് രഹാനെ സ്‌കോര്‍ 76 വരെയെത്തിച്ചു. 17 പന്തില്‍ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 21 റണ്‍സെടുത്ത റാണയേയും ബ്രാവോയാണ് പുറത്താക്കിയത്. തുടര്‍ന്ന് നിലയുറപ്പിച്ചിരുന്ന രഹാനെയെ 12-ാം ഓവറില്‍ മിച്ചല്‍ സാന്റ്‌നര്‍ മടക്കിയതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ - സാം ബില്ലിങ്‌സ് സഖ്യം 36 റണ്‍സ് ചേര്‍ത്ത് കൊല്‍ക്കത്തയെ 100 കടത്തി. 22 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ബില്ലിങ്‌സ് 18-ാം ഓവറില്‍ മടങ്ങിയെങ്കിലും ശ്രേയസ് അയ്യര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ചു. 19 പന്തുകള്‍ നേരിട്ട ശ്രേയസ് 20 റണ്‍സോടെ പുറത്താകാതെ നിന്നു. ചെന്നൈക്കായി ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ എം.എസ് ധോനിയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറര്‍. 38 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം ധോനി 50 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ധോനിയാണ് ചെന്നൈയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിനെ (0) നഷ്ടമായി. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് ഇത്തവണ ആദ്യ മത്സരത്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. പിന്നാലെ നിലയുറപ്പിക്കാന്‍ പാടുപെട്ട സഹ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ (3) ഉഴമായിരുന്നു. അഞ്ചാം ഓവറില്‍ ഉമേഷ് യാദവാണ് കോണ്‍വെയെ മടക്കിയത്. ഋതുരാജിനെ പുറത്താക്കിയതും ഉമേഷ് തന്നെ.
തുടര്‍ന്ന് മികച്ച തുടക്കമിട്ട റോബിന്‍ ഉത്തപ്പയെ മടക്കി വരുണ്‍ ചക്രവര്‍ത്തി ചെന്നൈയെ പ്രതിരോധത്തിലാക്കി. 21 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 28 റണ്‍സെടുത്ത ഉത്തപ്പയെ എട്ടാം ഓവറില്‍ വരുണിന്റെ പന്തില്‍ ഷെല്‍ഡന്‍ ജാക്ക്‌സണ്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് അമ്പാട്ടി റായുഡു റണ്ണൗട്ടായതും ചെന്നൈക്ക് തിരിച്ചടിയായി. 17 പന്തില്‍ നിന്ന് ഒരു സിക്‌സും ഫോറുമടക്കം 15 റണ്‍സായിരുന്നു റായുഡുവിന്റെ സമ്പാദ്യം. പിന്നീടെത്തിയ ശിവം ദുബെയും (3) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.
പിന്നീട് ക്രീസില്‍ ഒന്നിച്ച ക്യാപ്റ്റന്‍ ജഡേജ - ധോനി സഖ്യമാണ് ചെന്നൈയെ 100 കടത്തിയത്. ആറാം വിക്കറ്റില്‍ ഇരുവരും 70 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 പന്തുകള്‍ നേരിട്ട ജഡേജ 26 റണ്‍സോടെ പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു.
പുതിയ ക്യാപ്റ്റന്‍മാര്‍ക്കു കീഴിലാണ് ഇരു ടീമും ഇത്തവണ കളത്തിലിറങ്ങിയത്. ഇതിഹാസ താരം എം.എസ് ധോനിയില്‍ നിന്ന് ചെന്നൈയുടെ ക്യാപ്റ്റന്‍സി ഏറ്റെടുത്ത രവീന്ദ്ര ജഡേജയുടെ തുടക്കം തോല്‍വിയോടെയായി. മറുവശത്ത് കൊല്‍ക്കത്ത ക്യാപ്റ്റനായുള്ള അരങ്ങേറ്റം ജയത്തോടെ ആഘോഷിക്കാന്‍ ശ്രേയസ് അയ്യര്‍ക്ക് സാധിച്ചു.