സ്കൂൾ വിദ്യാർത്ഥികൾ കളിയാക്കി, പ്രകോപിതനായി; കാട്ടാക്കടയിൽ യുവാവിന്റെ പെട്രോൾ ബോംബേറ്

തിരുവനന്തപുരം: കാട്ടാക്കടയിൽ (Kattakkada) സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ യുവാവ്  പെട്രോൾ ബോംബെറിഞ്ഞു.  ബസിൽ നിന്ന് ഇറങ്ങിയപ്പോൾ വിദ്യാർത്ഥികൾ കളിയാക്കിയതിൽ പ്രകോപിതനായതിനെ തുടർന്നാണ് യുവാവ് ബോംബെറിഞ്ഞത്.കാട്ടാക്കട കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കണ്ടറി സ്‌കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു  നേരെയാണ് ബൈക്കിൽ എത്തി യുവാവ് പെട്രോൾ ബോംബെറിഞ്ഞത്. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.  നെയ്യാർ ഡാമിൽ നിന്നും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ആർക്കും പരിക്കില്ല. യുവാവിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.