തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍നിന്ന് പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.
*മാര്‍ച്ച് 27-ന് രാത്രി 12 മുതല്‍ 29-ന് രാത്രി 12 വരെ 48 മണിക്കൂറാണ് പണിമുടക്ക്*
വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോര്‍ മേഖലയിലെയും തൊഴിലാളികള്‍ പണിമുടക്കുന്നതുകൊണ്ട് കടകമ്പോളങ്ങള്‍ അടച്ച് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികളായ ആര്‍. ചന്ദ്രശേഖരന്‍, എളമരം കരീം എം.പി., കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കൊച്ചി റിഫൈനറിയില്‍ പണിമുടക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് കേരള ഹൈക്കോടതി പുനഃപരിശോധിക്കണം. റിഫൈനറി തൊഴിലാളികള്‍ പണിമുടക്കില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ അറിയിച്ചു.
*വൈദ്യുതി മുടങ്ങാതിരിക്കാന്‍ സംവിധാനം*
തിരുവനന്തപുരം: പൊതുപണിമുടക്ക് നടക്കുന്ന 28, 29 തീയതികളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായി വൈദ്യുതി ബോര്‍ഡ്. വൈദ്യുതി പ്രസരണ വിതരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഉന്നത ഉദ്യോഗസ്ഥരോടും ഈ ദിവസങ്ങളില്‍ ജോലിക്കു ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
പണിമുടക്ക് ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബോര്‍ഡിന്റെ ബ്രേക്ക് ഡൗണ്‍, ഫാള്‍ട്ട് റിപ്പയര്‍ ടീമുകളെ സജ്ജമാക്കും. കസ്റ്റമര്‍ കെയര്‍ സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. വൈദ്യുതി തടസ്സം ഉണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് 1912 എന്ന ടോള്‍ഫ്രീ നമ്പരില്‍ പരാതിപ്പെടാം. കണ്‍ട്രോള്‍ റൂം: 0471- 2448948, 9446008825.
*പൊതുപണിമുടക്കിന് കെ.എസ്.ആര്‍.ടി.സി. അവശ്യസര്‍വീസുകള്‍*
തിരുവനന്തപുരം: 28, 29 തീയതികളിലെ പൊതുപണിമുടക്ക് കണക്കിലെടുത്ത് അവശ്യസര്‍വീസുകള്‍ അയക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് അത്യാവശ്യ സര്‍വീസുകള്‍ നടത്തും. പോലീസ് സഹായത്തോടെയും ജീവനക്കാരുടെ ലഭ്യത, യാത്രക്കാരുടെ ആവശ്യകത എന്നിവ അനുസരിച്ചും പ്രധാന റൂട്ടുകളില്‍ സര്‍വീസുണ്ടാകും.