നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത യാത്രാവകാശത്തെ പരിഹസിച്ച മന്ത്രിയുടെ പ്രസ്താവന വിദ്യാര്‍ത്ഥി സമൂഹത്തെ അപമാനിക്കലാണ്.
വിദ്യാര്‍ത്ഥി വിരുദ്ധമായ സമീപനത്തില്‍ നിന്നും മന്ത്രി പിന്നോട്ട് പോണമെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും എഐഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി കബീറും സെക്രട്ടറി ജെ അരുണ്‍ ബാബുവും ആവശ്യപ്പെട്ടു.
കണ്‍സഷനുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം അഭിജിത്ത് പറഞ്ഞു. മന്ത്രി പ്രതിനിധീകരിക്കുന്ന മത്സ്യബന്ധന കുടുംബങ്ങളെയോ, കര്‍ഷകനെയോ, കച്ചവടക്കാരനെയോ പാവപ്പെട്ടവനെയോ കാണാന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രസ്താവന അദ്ദേഹം നടത്തില്ലായിരുന്നു അഭിജിത്ത് പ്രതികരിച്ചു. പൊതുജനത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അഭിജിത്ത് പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവും പ്രതികരിച്ചു. വലിയ സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്നും അവരുടെ പ്രയാസങ്ങള്‍ മനസിലാക്കണമെന്നും സച്ചിന്‍ദേവ് പറഞ്ഞു. ആന്റണി രാജു പറഞ്ഞത് കുട്ടികള്‍ അത്യാവശ്യം സാമ്ബത്തികമുള്ളവരായി മാറി എന്നാണ്. എല്ലാ വിഭാഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികളുടെയും പ്രയാസങ്ങള്‍ മനസിലാക്കണം എന്നാണ് സച്ചിന്‍ ദേവ് പറഞ്ഞത്.
വിദ്യാര്‍ത്ഥിയുടെയും രൂപയുടെയും മൂല്യമറിയാത്ത ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന തീര്‍ത്തും അപഹാസ്യമാണെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രതികരിച്ചു. നാളെയുടെ വാഗ്ദാനങ്ങളെന്നും പ്രതീക്ഷകളെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് വേളകളില്‍ വിദ്യാര്‍ത്ഥികളോട് സംവദിച്ചവര്‍ക്ക്, ഇന്ന് അവര്‍ നല്‍കുന്ന നാണയ തുട്ട് പോലും നാണക്കേട് ആയെന്നും വിദ്യാര്‍ത്ഥികളെ അപമാനിച്ച മന്ത്രി ആന്റണി രാജു വിദ്യാര്‍ത്ഥി സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് രൂപ കൊടുക്കുന്നത് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണ്. അഞ്ച് രൂപ കൊടുത്തിട്ട് അവര്‍ ബാക്കി വാങ്ങിക്കാറില്ലെന്നാണ് പറയുന്നത് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മിനിമം ചാര്‍ജ് 12 ആക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആറുരൂപയാക്കണമെന്നും ബസുടമുകള്‍ ആവശ്യപ്പൈട്ടിരുന്നു. ആവശ്യം അംഗീരിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നും ഇവര്‍ പ്രഖ്യാപിച്ചിരുന്നു.
നിലവിലെ സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. എന്തായാലും പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക എന്നും മന്ത്രി പറഞ്ഞു.രണ്ട് രൂപ വിദ്യാര്‍ത്ഥികള്‍ കൊടുക്കുന്നത് 2012ലാണ് ആരംഭിച്ചത്. ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞു. രണ്ട് രൂപ കൊടുക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ ഇപ്പോള്‍ മനഃപ്രയാസമുണ്ടാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുകളുടെ പെര്‍മിറ്റ് കട്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.