തിരുവനന്തപുരം:പത്ത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വക്കീൽക്കുപ്പായമണിഞ്ഞ് മുൻ എം.എൽ.എ അഡ്വ.ബി.സത്യൻ.വഞ്ചിയൂർ ജില്ലാ കോടതിയ്‌ക്ക് എതിർവശമുളള അഡ്വ.എ.രാജസേനൻ അസോസിയേറ്റ്‌സിലെ സീനിയർ അഭിഭാഷകനായാണ് സത്യൻ ഒരിടവേളയ്‌ക്ക് ശേഷം അഭിഭാഷകരംഗത്ത് സജീവമാകുന്നത്. തൊഴിലാളികളുടെ ഉന്നമനത്തിനും അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കുമായി നിയമരംഗത്തെ തന്റെ അറിവ് ഉപയോഗിക്കുമെന്ന് സത്യൻ കേരളകൗമുദിയോട് പറഞ്ഞു.തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെടാനാണ് താത്പര്യം.ഗാർഹിക പീഡനത്തിനെതിരായി വനിതകൾക്കൊപ്പവും നിൽക്കും.കൊലക്കേസുകൾ വാദിക്കാൻ താത്പര്യമില്ല.വീണ്ടും വക്കീൽക്കുപ്പായമണിഞ്ഞതിന്റെ ത്രിൽ വിട്ടുമാറിയിട്ടില്ലെന്നും സത്യൻ പറഞ്ഞു. 2011ൽ എം.എൽ.എ ആയശേഷം ആദ്യനാളുകളിൽ കോടതിയിൽ എത്തുമായിരുന്നുവെങ്കിലും സഹപ്രവർത്തകരുടെ ഭാഗത്ത് നിന്നടക്കം വിമർശനം ഉയർന്നതോടെയാണ് സത്യൻ വക്കീൽക്കുപ്പായം അഴിച്ചുവച്ചത്.
ലാ അക്കാഡമിയിലെ പഠനത്തിന് ശേഷം 1998ലാണ് സത്യൻ അഭിഭാഷകനായി എൻറോൾ ചെയ്‌തത്.ചൈൽഡ് വെൽഫെയർ കൗൺസിൽ,സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക്, ഡിസ്‌ട്രിക്റ്റ് കോപ്പറേറ്റീവ് ബാങ്ക്,കെ.എസ്.എഫ്.ഇ റീജിയണൽ ഓഫീസ് എന്നിവിടങ്ങിലെ നിയമോപദേശകനായിരുന്നു.ട്രേഡ് യൂണിയൻ രംഗവുമായി ബന്ധപ്പെട്ട കേസുകളിലാണ് കൂടുതൽ ഇടപഴകിയിരുന്നത്. എം.എൽ.എ ആയ ശേഷവും മണ്ഡലത്തിലെ വോട്ടർമാരുടെ വിവിധ പ്രശ്‌നങ്ങൾക്ക് സത്യൻ നിയമസഹായം നൽകിയിരുന്നു. എസ്.എഫ്.ഐയിലൂടെ പൊതുപ്രവർത്തനത്തിൽ സജീവമായ സത്യൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ കൗൺസിലർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2011,2016 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വൻ ഭൂരിപക്ഷത്തിലാണ് സത്യൻ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. ആയുർവേദ ഡോക്‌ടറായ ലീന തോമസാണ് ഭാര്യ. മക്കൾ: ബ്ലെസി,പരേതനായ ബോബി.