ഇടുക്കിയിൽ വീടിന് തീവെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ വൃദ്ധന്‍ കുടുംബത്തിലെ നാല് പേരെ തീവച്ച്‌ കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ്‌ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് കൊല്ലപ്പെട്ടത്.കേസില്‍ മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കുമ്പോൾ പ്രതി ഇവരുടെ മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം വീടിന് പെട്രോള്‍ ഒഴിച്ച്‌ തീവയ്ക്കുകയായിരുന്നു. കൊലപാതകം നടത്തിയതിന് പിന്നാലെ പ്രതി അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു.

നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നാല് പേരും മരിച്ചു. അയല്‍വാസികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കൊലപാതകം ആസൂത്രിതമാണെന്നും തീ കെടുത്താതിരിക്കാന്‍ പ്രതി വീട്ടിലെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.