വധഗൂഢാലോചനക്കേസ് അന്വേഷണത്തിന് സ്റ്റേയില്ല, അന്വേഷണം തുടരാമെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന പ്രതി ദിലീപിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

രാവിലെ കേസ് പരിഗണിച്ചപ്പോള്‍ വിശദമായ വാദമാണോ ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് കെ ഹരിപാല്‍ ചോദിച്ചു. അങ്ങനെയെങ്കില്‍ കേസ് അവധിക്കു ശേഷം കേള്‍ക്കാമെന്ന് ജഡജി പറഞ്ഞു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് ദിലീപിന്റെ അഭിഭാഷകന്‍ സ്റ്റേ ആവശ്യപ്പെട്ടത്. ഇത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നര മണിക്കൂര്‍ സമയം മതിയെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഈ മാസം 28ന് ഹര്‍ജിയില്‍ വാദം തുടരും.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ഫോണുകള്‍ പരിശോധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ വിശദീകരണവും തമ്മില്‍ വൈരുധ്യമുണ്ട്. തന്റെ വീട്ടിലെ സഹായി ആയിരുന്ന ദാസന്റെ മൊഴി പൊലീസുകാര്‍ പറഞ്ഞു പഠിപ്പിച്ചതാണെന്നും ദിലീപിന്റെ മറുപടിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസുമായോ വധഗൂഡാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ ദിലീപ് വ്യക്തമാക്കുന്നത്. കേസുമായി ബന്ധമില്ലാത്ത വാട്‌സ് ആപ്പ് ചാറ്റുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തത്. വധഗൂഡാലോചന കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്ബ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനാണ് ഫോറന്‍സിക് പരിശോധനക്ക് അയച്ചത്. സാധാരണ രീതിയില്‍ ഫോണില്‍ നിന്ന് വീണ്ടെടുക്കാന്‍ സാധിക്കാത്ത സംഭാഷണങ്ങളും ഡേറ്റയും ശേഖരിക്കുകയാണ് ഇതിലൂടെ ചെയ്തത്. ഫോണുകളില്‍ നിന്ന് ഒരു തരത്തിലുള്ള വിവരങ്ങളും നശിപ്പിച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്െ്രെകംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീനും ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീനുമായുള്ള സംഭാഷണമാണ് ഡിലീറ്റ് ചെയ്തത്. ഇരുവരും തമ്മിലുള്ള സംഭാഷണം നാലുമിനിറ്റ് നീണ്ടു. ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ കേസെടുക്കുന്നതിന് ഒരു ദിവസം മുന്‍പായിരുന്നു സംഭാഷണം.