കലാഭവൻ മണിയുടെ പൂർണ്ണകായ ചിത്രം വീടിൻ്റെ പൂമുഖത്ത് വരച്ച് സ്മരണാഞ്ജലിയുമായി ചിത്രകാരനായ ആരാധകൻ

മാന്നാർ:കലാഭവന്‍ മണിയുടെ മരണമില്ലാത്ത ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്.മണിയുടെ ചിരി മലയാളിക്ക് എന്നും ഒരു ഹരമായിരുന്നു. മിമിക്രി, അഭിനയം, ഗായകന്‍ സാമൂഹികപ്രവര്‍ത്തനം എന്നു തുടങ്ങി മലയാള സിനിമയില്‍ ആര്‍ക്കും ചെയ്യുവാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നുപന്തലിച്ച ഒരു വേരായിരുന്നു കലാഭവന്‍ മണി.

അതുല്യ കലാകാരൻ കലാഭവൻ മണിയുടെ ഓർമ്മ നിലനിർത്തി തൻ്റെ വീടിൻ്റെ പൂമുഖത്ത് പൂർണ്ണകായ ചിത്രം വരച്ചിരിക്കുകയാണ് മണിയുടെ കടുത്ത ആരാധകനായ ചിത്രകാരൻ മല്ലപ്പള്ളി തുരുത്തിക്കാട്‌ ചെറുകുന്നേൽ ഷൈൻ ബാബു. മണിയുടെ ആറാം ചരമവാർഷിക ദിനത്തിൽ ആണ് ബാബു ചിത്രം പൂർത്തിയാക്കി സ്മരണാഞ്ജലിയായി സമർപ്പിച്ചത്.

നാൽപത് വർഷക്കാലമായി ചിത്രകലാരംഗത്ത് പ്രവർത്തിക്കുന്ന ഷൈൻ ബാബു എന്ന ബാബു  കടുത്ത കലാഭവൻ മണി ആരാധകനാണ്.മല്ലപ്പള്ളി തുരുത്തിക്കാട്ടെ ഇദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിയാൽ അത് ഉറപ്പിക്കാം. തൻ്റെ പ്രിയപ്പെട്ട കലാകാരൻ്റെ പൂർണ്ണകായ കളിമൺ പ്രതിമ വീടിൻ്റെ പൂമഖത്ത് വരച്ചിരിക്കുകയാണ് ഈ ചിത്രകാരൻ. പൂർണ്ണമായും വാട്ടർ കളറിലാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്.കലാഭവൻ മണിക്ക് ഏറെ പ്രിയപ്പെട്ട ചാലക്കുടിയാറും ചിത്രത്തിലുണ്ട്.