പൊതു വിപണിയിലെ വിലക്കയറ്റപ്പട്ടികയിലേക്ക് അരിയും. എല്ലാ ഇനം അരിയുടെയും വില മൂന്നുമാസത്തിനിടെ കിലോഗ്രാമിന് രണ്ടു രൂപ മുതൽ എട്ടു രൂപ വരെ കൂടി.
ഏറ്റവും വിലയുയർന്നത് ആന്ധ്രാപ്രദേശിൽ നിന്നെത്തുന്ന ജയ അരിക്കാണ്. ജനുവരിയിൽ മൊത്ത വില കിലോഗ്രാമിന് 32 ആയിരുന്നത് 39 ആയി. ബോധനയാണ് വിലക്കയറ്റത്തിൽ പിന്നിൽ. മൂന്നു മാസത്തിനിടെ രണ്ടു രൂപയാണ് കിലോഗ്രാമിന് കൂടിയത്. ചിലയിനം അരി കിട്ടാനുമില്ല. കട്ടാങ്കി (ക്രാന്തി) ഇനം അരിയാണ് വിപണിയിലില്ലാതായത്.
വിവിധ സംസ്ഥാനങ്ങളിൽ നെൽ ഉത്പാദനം കുറഞ്ഞതും കടത്തു കൂലി കൂടിയതുമാണ് വിലക്കയറ്റത്തിനു കാരണം. ശ്രീലങ്കയിലേക്ക് അരി കയറ്റുമതി കൂടിയതാണ് ദൗർലഭ്യത്തിനും വിലക്കയറ്റത്തിനും കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.
കേരളത്തിൽ വിളവെടുക്കുന്ന ഏതാണ്ട് മുഴുവൻ നെല്ലും സപ്ലൈകോയുടെ പക്കലാണെത്തുന്നത്. ഇത് അരിയാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നു.
പൊതു വിപണിയിലെത്തുന്ന 99 ശതമാനവും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവയാണ്. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഒഡിഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ അരിയെത്തുന്നത്.
കേരളത്തിൽ ആവശ്യമായതിന്റെ ആറിലൊന്നു മാത്രമാണ് സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്നത്. കഴിഞ്ഞവർഷം സംസ്ഥാനത്ത് 6.05 ലക്ഷം ടൺ ആയിരുന്നു അരി ഉത്‌പാദനം. ഈ വർഷം പ്രതീക്ഷിക്കുന്നത് 6.71 ലക്ഷം ടണ്ണാണ്. ഇതു പ്രകാരം രണ്ടു മാസത്തേക്ക് ആവശ്യമായ അരി മാത്രമാണ് സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്നത്.
കേരളത്തിൽ ഓരോ മാസവും 3.3 ലക്ഷം ടൺ അരിയാണ് മൊത്തം വിൽക്കുന്നത്. ഇതിൽ 1.3 ലക്ഷം ടൺ റേഷൻ കടകൾ വഴിയാണ്.