പുണെ• ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയവും കീഴടക്കാനുള്ള കരുത്ത് രാജസ്ഥാൻ റോയൽസിന്റെ നായകനായ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനുണ്ടെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ രാജസ്ഥാനായി സഞ്ജു പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ശാസ്ത്രിയുടെ വാക്കുകൾ. സൺറൈസേഴ്സിനെതിരെ തകർത്തടിച്ച സഞ്ജു 27 പന്തിൽനിന്ന് മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 55 റൺസെടുത്തിരുന്നു. രാജസ്ഥാൻ 61 റൺസിനു ജയിച്ച മത്സരത്തിൽ സഞ്ജു കളിയിലെ കേമനുമായി.‘ഒരിക്കൽക്കൂടി സഞ്ജു സാംസൺ മികച്ച ബാറ്റിങ് കാഴ്ചവച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഷോട്ട് സിലക്ഷൻ ശ്രദ്ധേയമായിരുന്നു. പന്തിന് കാര്യമായ ടേൺ ലഭിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ സഞ്ജു, സ്ട്രൈറ്റ് ബൗണ്ടറിയാണ് മിക്കപ്പോഴും ലക്ഷ്യമിട്ടത്. കൃത്യമായ സ്ഥാനത്തേക്ക് മാറി പന്തിന്റെ പേസ് മുതലെടുത്താണ് സഞ്ജു റൺസ് കണ്ടെത്തുന്നത്. ലോകത്തെ എത്ര വലിയ ബൗണ്ടറികളുള്ള സ്റ്റേഡിയവും കീഴടക്കാനുള്ള കരുത്ത് സഞ്ജുവിനുണ്ട്’ – ശാസ്ത്രി ചൂണ്ടിക്കാട്ടി.‘പുണെയിൽ ബാറ്റു ചെയ്യാൻ ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. അദ്ദേഹം ഇതേ വേദിയിൽ ഐപിഎലിൽ സെഞ്ചുറിയും നേടിയിട്ടുണ്ട്. ഇന്നും അദ്ദേഹം മികച്ച ഫോമിലായിരുന്നു. ശേഷിക്കുന്ന അഞ്ച് ഓവർ കൂടി സഞ്ജു ക്രീസിലുണ്ടായിരുന്നെങ്കിൽ രാജസ്ഥാൻ കുറഞ്ഞത് 230 റൺസെങ്കിലും നേടുമായിരുന്നു. ആക്രമണോത്സുകനായി ബാറ്റുവീശിയ സഞ്ജു, ദേവ്ദത്ത് പടിക്കലിനൊപ്പം മികച്ച കൂട്ടുകെട്ടും സൃഷ്ടിച്ചു’ – ശാസ്ത്രി പറഞ്ഞു.നേരത്തെ, മലയാളി താരങ്ങൾ ഇടംവലം അടിച്ചുതകർത്ത ഐപിഎൽ മത്സരത്തിലാണ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് 61 റൺസിന്റെ ഉജ്വല വിജയം നേടിയത്. ഐപിഎലിൽ രാജസ്ഥാനു വേണ്ടി നൂറാം മത്സരം കളിച്ച ക്യാപ്റ്റൻ സഞ്ജു സാംസന്റെയും (27 പന്തിൽ 55) രാജസ്ഥാൻ ജഴ്സിയിൽ ആദ്യ മത്സരം കളിച്ച ദേവ്‍ദത്ത് പടിക്കലിന്റെയും (29 പന്തിൽ 41) മികവിൽ ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ഓവറിൽ 210 റൺസെടുത്തു. ഹൈദരാബാദിന്റെ മറുപടി 149 റൺസിൽ അവസാനിച്ചു. വലംകൈ ബാറ്റർ സഞ്ജുവും ഇടംകൈ ബാറ്റർ ദേവ്‌ദത്തും ചേർന്നുള്ള 73 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു രാജസ്ഥാൻ ബാറ്റിങ്ങിന്റെ നട്ടെല്ല്. 3 വിക്കറ്റു വീഴ്ത്തിയ യുസ്‍വേന്ദ്ര ചെഹലും 2 വീതം വിക്കറ്റുകളുമായി ട്രെന്റ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും രാജസ്ഥാൻ ബോളിങ്ങിൽ തിളങ്ങി.211 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിനെ തുടക്കം മുതൽ എറിഞ്ഞുവീഴ്ത്തിയാണ് രാജസ്ഥാൻ മത്സരം സ്വന്തമാക്കിയത്. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ (2), അഭിഷേക് ശർമ (9), രാഹുൽ ത്രിപാഠി (0), നിക്കോളാസ് പുരാൻ (0) എന്നിവരെ തുടക്കത്തിലേ നഷ്ടപ്പെട്ട ഹൈദരാബാദിന്റെ തോൽവിയുടെ ആഘാതം കുറച്ചത് എയ്ഡൻ മാർക്രം (57 നോട്ടൗട്ട്), വാഷിങ്ടൻ സുന്ദർ (40) എന്നിവരുടെ ചെറുത്തുനിൽപ്പാണ്.നേരത്തെ ഇംഗ്ലിഷ് ബാറ്റർ ജോസ് ബട്‍ലറാണ് (28 പന്തിൽ 35) രാജസ്ഥാനു വേണ്ടി അടി തുടങ്ങിയത്. ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിൽ ഒരു റണ്ണും റൊമാരിയോ ഷെപ്പേഡിന്റെ രണ്ടാം ഓവറിൽ 5 റൺസും മാത്രം നേടിയ ബട്‍ലറുടെ ആദ്യ ഇര അതിവേഗത്തിൽ പന്തെറിയുന്ന ഇന്ത്യൻ പേസർ ഉമ്രാൻ മാലിക്കായിരുന്നു. ഉമ്രാൻ എറിഞ്ഞ നാലാം ഓവറിൽ 21 റൺസ് നേടിയതോടെയാണ് രാജസ്ഥാൻ ബാറ്റിങ് താളത്തിലായത്. 9–ാം ഓവറിലെ ആദ്യ പന്തിൽ പുറത്താകും മുൻപ് ബട്‌ലർ പറത്തിയത് 3 വീതം ഫോറും സിക്സും. ഐപിഎലിൽ 2000 റൺസ് നേടുന്ന ആദ്യ ഇംഗ്ലിഷ് ബാറ്ററെന്ന നേട്ടവും ബട്‍ലർക്കു സ്വന്തമായി. ബട്‍ലറും യശസ്വി ജയ്‌സ്വാളും (20) ചേർന്ന് ഒന്നാം വിക്കറ്റിൽ 58 റൺസ് നേടി.2 ഓപ്പണർമാരും പുറത്തായതിനു ശേഷമായിരുന്നു സഞ്ജു–ദേവ്‍ദത്ത് കൂട്ടുകെട്ടിന്റെ തുടക്കം. 5 സിക്സും 3 ഫോറും സഹിതം സഞ്ജു ആദ്യാവസാനം ആക്രമണം അഴിച്ചുവിട്ടപ്പോൾ ദേവ്ദത്ത് പതിയെ തുടങ്ങിയ ശേഷം കത്തിക്കയറി . ഇരുവരും പുറത്തായ ശേഷം രാജസ്ഥാനെ പിടിച്ചുനിർത്താമെന്ന സൺറൈസേഴ്സ് മോഹം ഷിമ്രോൺ ഹെറ്റ്മയറും (13 പന്തിൽ 32) തല്ലിക്കെടുത്തി. 4 ഓവറിൽ 39 റൺസ് വഴങ്ങിയെങ്കിലും ബട്‍ലറുടെയും ദേവ്ദത്തിന്റെയും നിർണായക വിക്കറ്റുകൾ നേടിയത് ഉമ്രാൻ മാലിക്കാണ്. ടി.നടരാജനും 2 വിക്കറ്റെടുത്തു. സഞ്ജുവിന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാർ 4 ഓവറിൽ വഴങ്ങിയത് 29 റൺസ് മാത്രം.