വർക്കല : ജനാർദനസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് വെള്ളിയാഴ്ച നടക്കും. ഘോഷയാത്രയും ആഘോഷങ്ങളും ഒഴിവാക്കി ചടങ്ങുകൾ മാത്രമായിട്ടാണ് ആറാട്ട് നടത്തുന്നത്.
വൈകീട്ട് അഞ്ചിന് ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനട വഴി ഗജവീരന്റെ അകമ്പടിയോടെ ആറാട്ട് പുറപ്പെടും.
ആറാട്ട് റോഡുവഴി ജനാർദനസ്വാമിയുടെ വിഗ്രഹം ലഭിച്ചുവെന്ന് വിശ്വസിക്കുന്ന ചിലക്കൂർ ആലിയിറക്കം കടൽതീരത്തെത്തി പ്രത്യേകം തയ്യാറാക്കിയ ആറാട്ടുപുരയിൽ പൂജ നടത്തും.
തുടർന്ന് വിഗ്രഹം കടലിൽ ആറാടിക്കും. തിരികെയെത്തിയശേഷം വലിയ കാണിക്ക. തുടർന്ന് കൊടിയിറക്ക്.
ആറാട്ട് ദിനത്തിൽ ക്ഷേത്രച്ചടങ്ങുകൾക്ക് പുറമേ രാത്രി 10-ന് ആത്മീയപ്രഭാഷണം, വൈകീട്ട് ചുറ്റുവിളക്ക്, 7-ന് കരോക്കെ ഗാനമേള എന്നിവയുണ്ടാകും. ഒമ്പതാം ഉത്സവദിനമായ വ്യാഴാഴ്ച വൈകീട്ട് പൂവക്കോൽ എഴുന്നള്ളത്ത്, രാത്രി പള്ളിവേട്ട എന്നിവ നടന്നു.