വർക്കല : കരുനിലക്കോട് ഉത്സവസ്ഥലത്തു നടന്ന സംഘർഷത്തെത്തുടർന്ന് റോഡിലിട്ട് കാർ കത്തിച്ച കേസിലെ പ്രതികൾ അറസ്റ്റിലായി.
വർക്കല കരുനിലക്കോട് കാരമൂട് വലിയവീട്ടിൽ പ്രദീപ് (33), കരുനിലക്കോട് ചരുവിള വീട്ടിൽ വിമൽ( 27) എന്നിവരാണ് അറസ്റ്റിലായത്.
കരുനിലക്കോട്- പൊയ്ക റോഡിൽ കരുനിലക്കോട് ജങ്ഷനു സമീപം തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കാർ പൂർണമായി കത്തിനശിച്ചനിലയിൽ കണ്ടത്.
കണ്ണൂർ തലശ്ശേരി ചൊക്ലി സ്വദേശിയും ഞെക്കാട് ഫാർമസി ജങ്ഷനിൽ താമസിക്കുകയും ചെയ്യുന്ന സജീബിന്റെ കാറാണ് കത്തിനശിച്ചത്.
പുല്ലാന്നിക്കോട് കുന്നുംപുറം ഭദ്രാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തെത്തുടർന്നാണ് പ്രതികൾ കാർ അടിച്ചുതകർത്ത ശേഷം പെട്രോളൊഴിച്ച് കത്തിച്ചത്.
സജീബും പുല്ലാന്നികോട് കുടുംബവീടുള്ള ഞെക്കാട് മുട്ടപ്പലം ജി.വി.എസ്. ലാൻഡിൽ സിനുവും സുഹൃത്തുക്കളും ഞായറാഴ്ച ഉത്സവത്തിൽ പങ്കെടുക്കാനാണ് ക്ഷേത്രത്തിലെത്തിയത്.
ഗാനമേള നടക്കുന്നതിനിടെ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായി. ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോൾ സിനുവും സംഘവും അറസ്റ്റിലായവരുമായി രണ്ട് സ്ഥലങ്ങളിൽ സംഘർഷമുണ്ടായി.
സിനുവിനും സജീബിനും പരിക്കേൽക്കുകയും ചെയ്‌തു. ഇവർ കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടപ്പോൾ പ്രതികൾ കാറിന്റെ ചില്ലുകൾ അടിച്ചുതകർത്തു.
തുടർന്ന് പുന്നമൂട് പെട്രോൾ പമ്പിലെത്തി ഭീഷണിപ്പെടുത്തി കുപ്പിയിൽ പെട്രോൾ വാങ്ങുകയും അതുപയോഗിച്ച് കാർ അഗ്നിക്കിരയാക്കിയശേഷം കടന്നുകളയുകയുമായിരുന്നു.
സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് വർക്കല പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രദീപ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ സംഭവസ്ഥലത്തും ക്ഷേത്രപരിസരത്തും പെട്രോൾ പമ്പിലുമെത്തിച്ച് തെളിവടുപ്പ് നടത്തി.
വർക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തിൽ വർക്കല ഇൻസ്‌പെക്ടർ വി.എസ്.പ്രശാന്ത്, എസ്.ഐ.മാരായ അജിത്ത് കുമാർ, അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.