നൂറനാട് • അവർ ഒരു സംഘമായിരുന്നു, എന്നും ഒന്നിച്ചു നടക്കാനിറങ്ങുന്നവർ. അതിൽ 3 പേരാണ് ഇന്നലെ പതിവു നടത്തത്തിനിടെയുണ്ടായ ലോറി അപകടത്തിൽ വിടപറഞ്ഞത്.
സുഹൃത്തുക്കളുടെ വേർപാട് വിശ്വസിക്കാനാകാത്ത ഞെട്ടലിലാണ് തലനാരിഴയ്ക്കു രക്ഷപ്പെട്ട രാജശേഖരൻ നായർ. മിക്ക ദിവസം വൈകിട്ടും നേരിൽ കണ്ടിരുന്ന ഇവർ പകൽ ഫോണിലും വിളിക്കുമായിരുന്നു. പുലർച്ചെ നാലരയ്ക്കു നടക്കാനിറങ്ങും. വിക്രമൻ നായരും രാജശേഖരൻ നായരും പണയിൽനിന്നു നടന്ന് നൂറനാട് പള്ളിമുക്കിൽ എത്തുമ്പോഴേക്കും രാജുവും രാമചന്ദ്രൻ നായരും പണയിൽ ഭാഗത്തേക്കു നടക്കുകയായിരിക്കും.എവിടെ കൂട്ടിമുട്ടുന്നോ, അവിടെനിന്ന് ഇവർ ഒന്നിച്ചാകും നടത്തം. നൂറനാട് പള്ളിമുക്ക്–ആനയടി റോഡിലൂടെ ഒരുമിച്ച് കഥകൾ പറഞ്ഞുള്ള നടത്തം അവസാനിക്കുന്നത് ചാലമുക്ക് ഗണപതി ക്ഷേത്രത്തിന്റെ വഞ്ചിക്കു സമീപമാണ്. അവിടെനിന്നു തിരിച്ചുനടത്തം. ‘ഞങ്ങളെല്ലാവരും കൂടി ഒന്നിച്ചു സംസാരിച്ചാണു നടന്നത്. എന്താണു സംസാരിച്ചതെന്ന് ഓർമയില്ല. പിന്നിൽ എന്തോ വന്ന് ശക്തമായി ഇടിച്ചു. മുന്നിലേക്കാണ് വീണത്. കണ്ണു തുറക്കുമ്പോൾ, കൂടെ നടന്നവർ അടുത്തും അകലെയുമായി...’ രാജശേഖരൻ നായർ പറയുന്നു. ‘റോഡിന്റെ ഇടതുവശം ചേർന്നാണ് ഞാൻ നടന്നത്. ലോറി ഇടിച്ചിട്ടുണ്ടാകില്ല. ലോറിയിടിച്ച് തെറിച്ചവരിൽ ആരെയെങ്കിലും തട്ടിയാകും വീണത്. നടപ്പാതയ്ക്കു വീതി കുറവാണ്. അതുകൊണ്ട് വാഹനം വരുമ്പോൾ ഞങ്ങൾ ഒരു ഭാഗത്തേക്ക് ഒതുങ്ങിനിൽക്കുകയാണു പതിവ്.രാജുവാണ് പതിവായി മുന്നിൽ നടക്കുക. പിറകിൽ വിക്രമൻ, രാമചന്ദ്രൻ, ഞാൻ. മിക്കപ്പോഴും ഈ ക്രമത്തിലാണ് നടത്തം. ഇന്നലെ ഒരു കാർ വന്നപ്പോൾ ഞങ്ങൾ റോഡിന്റെ അരികിലേക്കു മാറിനിന്നതാണ്–’ രാജശേഖരൻ നായർ ഓർക്കുന്നു. ‘രാമചന്ദ്രനാണ് അടുത്തു കിടന്നത്. രക്ഷിക്കാൻ വന്നവരോട് അദ്ദേഹത്തെ നേരെ കിടത്താൻ ആവശ്യപ്പെട്ടു. ശരീരം രക്തത്തിൽ കുളിച്ചിരുന്നു. എന്നെയും രാമചന്ദ്രനെയും ഒരേ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ നെഞ്ചിൽ അമർത്താൻ ആവശ്യപ്പെട്ടു. പക്ഷേ, പ്രതികരിക്കുന്നുണ്ടായിരുന്നില്ല. പിന്നീടാണ് അദ്ദേഹവും മരിച്ച വിവരം അറിഞ്ഞത്’– പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമിക്കുന്ന രാജശേഖരൻ നായർക്ക് ഇത്രയൊക്കെയേ ഓർമയുള്ളൂ.ശരീര വേദനയുണ്ടെന്നും ഒരാഴ്ച വിശ്രമിക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. വിമുക്ത ഭടനാണ് രാജശേഖരൻ. ഭാര്യ ശ്രീദേവിയമ്മ. സൈനികനായിരുന്ന വിക്രമൻ നായർ വിരമിച്ച ശേഷമാണ് ദേവസ്വം ബോർഡിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചത്. ഒരു വർഷം മുൻപ് വിരമിച്ചു. 4 പതിറ്റാണ്ട് വിദേശത്തായിരുന്ന വി.എം.രാജു 3 വർഷം മുൻപ് നാട്ടിലെത്തി. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ‘വൺ ഇന്ത്യ വൺ പെൻഷൻ’ സ്ഥാനാർഥിയായി പാലമേൽ പഞ്ചായത്തിലെ നൂറനാട് ടൗൺ വാർഡിൽതാഴമംഗലത്ത് വിക്രമൻ നായരുടെ വീട്ടിൽനിന്നു നോക്കിയാൽ പണയിൽ ദേവീക്ഷേത്രം കാണാം. അപകടവിവരം അറിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ ഭാര്യ സിന്ധു പ്രാർഥിക്കുന്നുണ്ടായിരുന്നു. കാൽമുട്ടു ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായ സിന്ധുവിനൊപ്പം എപ്പോഴുമുണ്ടായിരുന്നു വിക്രമൻ നായർ. പ്രഭാത നടത്തത്തിനുശേഷം വീട്ടിലെത്തിയാൽ വരാന്തയിലിരുന്നു വിശ്രമം. പിന്നീട് പാൽ വാങ്ങാൻ പുറത്തേക്ക്. ഇതു പതിവായിരുന്നെന്ന് അയൽക്കാർ പറയുന്നു. അപകടമുണ്ടായെന്ന വാർത്തയാണ് സിന്ധു ആദ്യം അറിഞ്ഞത്. ഇവരുടെ മക്കളിലൊരാളായ ഐശ്വര്യ വീട്ടിലുണ്ടായിരുന്നു. വിക്രമന്റെ ജ്യേഷ്ഠൻ വിജയൻ നായരും സിന്ധുവിന്റെ സഹോദരനും എത്തിയതിനു ശേഷമാണ് മരണവാർത്ത അറിയിച്ചത്. മത്സരിച്ചു. രാജുവും ഭാര്യയും യുകെയിൽ പോകാൻ വൈദ്യപരിശോധന കഴിഞ്ഞ് വീസ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അപകടം രാജുവിന്റെ ജീവനെടുത്തത്. വർഷങ്ങൾക്കു മുൻപ് ആദിക്കാട്ടുകുളങ്ങരയിൽ സ്വകാര്യ മാനേജ്മെന്റ് സ്കൂൾ നടത്തിയിരുന്ന രാമചന്ദ്രൻ നായർ നൂറനാട് ജംക്‌ഷനിലെ ആദ്യ മെഡിക്കൽ സ്റ്റോർ ഉടമയുമായിരുന്നു. പിന്നീട് മറ്റു ബിസിനസുകളിലേക്കു തിരിഞ്ഞു.രാമചന്ദ്രന്റെ വേർപാടിൽ തനിച്ചായി രാധാദേവിയും ‘സ്വപ്ന’യും. രാധാദേവിയുടെയും രാമചന്ദ്രന്റെയും ലോകമായിരുന്നു കമലാമന്ദിരം വീട്. ഇന്നലെ അവിടം നിശബ്ദമായിരുന്നു. രാധാദേവി ഇനി തനിച്ചാണ്. അപകടം സംഭവിച്ചെന്നു മാത്രമാണ് രാധയെയും അറിയിച്ചത്. ഉടൻ രാമചന്ദ്രന്റെ സഹോദരന്റെ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ടോടെയാണ് മരണവാർത്ത അറിയിച്ചത്. മക്കളില്ലാത്ത രാമചന്ദ്രൻ നായരുടെ സ്വന്തം മകളായിരുന്നു ‘സ്വപ്ന’ എന്ന സ്ഥാപനം എന്ന് നൂറനാട്ടെ വ്യാപാരികൾ പറഞ്ഞു. നൂറനാട്ടെ ആദ്യ മെഡിക്കൽ സ്റ്റോർ ആയിരുന്നു സ്വപ്ന.നിലവിൽ ഫൊട്ടോസ്റ്റാറ്റ് കടയാണ്. രാമചന്ദ്രൻ നായർ നൂറനാടിന്റെ സ്വന്തം ‘പൊടിച്ചേട്ട’നാണ്. പൊടിച്ചേട്ടൻ കടയിലിരിക്കാറില്ല. അടുത്ത കടകളിൽ ചെന്ന് വിശേഷങ്ങൾ സംസാരിക്കും. കടയുടെ ഒരു ഭാഗം വാടകയ്ക്കു കൊടുത്തെങ്കിലും ചെറിയൊരു ഭാഗം തനിക്ക് ഇരിക്കാൻ മാറ്റിവയ്ക്കുകയായിരുന്നു അദ്ദേഹം. പൊടിച്ചേട്ടൻ ഇനി വരില്ലെന്നതു വിശ്വസിക്കാനാവുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പി.പി.കോശി പറഞ്ഞു.