ശാർക്കര ദേവീക്ഷേത്രത്തിലെ കാളിയൂട്ടിന്റെ ഭാഗമായ മുടിയുഴിച്ചിൽ ചടങ്ങ് നാളെ വൈകിട്ട് നാലുമണിയോടെ ആരംഭിക്കും. ഇതുവരെയുള്ള ചടങ്ങുകൾ ക്ഷേത്രത്തിന് തെക്കുവശത്തുള്ള തുള്ളൽപ്പുരയിലാണ് നടന്നതെങ്കിൽ, നാളത്തെ ചടങ്ങ് ക്ഷേത്രപ്പറമ്പിലും സമീപ പ്രദേശങ്ങളിലുമാണ്. ക്ഷേത്രത്തിന് നാലുകിലോമീറ്റർ ചുറ്റളവ് മുടിയുഴിച്ചിൽ ചടങ്ങിന് വേദിയാകും.
ദാരികൻ കാളിയുമായുള്ള യുദ്ധത്തിൽ തോറ്റ് പല സ്ഥലങ്ങളിൽ പോയി ഒളിച്ചെന്നും, ദേവി അവിടെയെല്ലാം അന്വേഷിച്ചു പോകുന്നുവെന്നുമാണ് ഐതിഹ്യം. ഇതിനായി രണ്ടു പേർ ഭദ്രകാളി വേഷം കെട്ടി ക്ഷേത്രാങ്കണത്തിൽ എത്തുന്നു. ദാരികനെത്തേടി ഭദ്രകാളി തെക്കേദിക്കിലേക്കും ദുർഗാദേവി വടക്കേദിക്കിലേക്കുമാണ് യാത്രയാകുന്നത്. പഞ്ചവാദ്യവുമായി സർവാഭരണ വിഭൂഷിതയായി നാഗക്കെട്ട് കൊത്തിയ മുടിയും ധരിച്ചുവരുന്ന കാളീരൂപത്തെ ക്ഷേത്ര പരിസരത്തും വഴിയോരത്തും നിറപറയും നിലവിളക്കുമായി ഭക്തജനങ്ങൾ എതിരേൽക്കും. നാനാ ദിക്കുകൾ അരിച്ചുപെറുക്കിയെങ്കിലും ദാരികനെ കണ്ടെത്താനാവാതെ തിരിച്ചെത്തുന്ന ദേവിമാർക്ക് അമ്പലത്തിൽ ഉച്ചബലി കർമ്മം നടത്തുന്നു. തുടർന്ന് നടക്കുന്ന ആചാരാനുഷ്ഠാനങ്ങൾക്കുശേഷം മുടിയുഴിച്ചിൽ അവസാനിക്കും.
ക്ഷേത്ര പറമ്പിലെ വൻജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് മുടിയുഴിച്ചിൽ. വിത്ത് (നെല്ല്) എറിയൽ ചടങ്ങ് കാണാനും വിത്ത് പിടിക്കാനുമായി നാടിന്റെ നാനാ ഭാഗത്തു നിന്ന് ആയിരക്കണക്കിന് ഭക്തർ ഇന്ന് ശാർക്കരയിൽ എത്തും. രോഗങ്ങളിൽ നിന്ന് മുക്തരായി സമ്പത്തും പ്രതാപവും കൈവരും എന്ന വിശ്വാസത്തിൽ ദേവിമാർ എറിയുന്ന വിത്ത് തറയിൽ വീഴാതെ ഭക്തജനങ്ങൾ പിടിച്ച് ഭവനങ്ങളിൽ കൊണ്ടു പോയി സൂക്ഷിച്ചു വയ്ക്കുന്നു. ഭക്തർ ദേവിക്ക് സമർപ്പിക്കുന്ന നെല്ല് അളന്ന് തിട്ടപ്പെടുത്തി ക്ഷേത്രത്തിലെത്തിക്കുന്ന ചുമതല മുസ്ളിം കുടുംബമായ അഴൂർ തൈക്കൂട്ടത്തിലെ പുരുഷന്മാർക്കാണ്.