ജൂണിലെത്തുന്ന കോവിഡ് നാലാം തരംഗത്തെ നേരിടാന്‍ ഇന്ത്യ എത്ര സജ്ജമാണ് ?

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ പല മുഖങ്ങള്‍ കണ്ട രാജ്യമാണ് ഇന്ത്യ. ആദ്യ തരംഗസമയത്ത് എല്ലാ രാജ്യങ്ങളെയും പോലെ അമ്പരപ്പും അനിശ്ചിതത്വവുമൊക്കെയായിരുന്നു ഇന്ത്യക്കാരുടെ മനസ്സില്‍. എന്നാല്‍ വൈറസ് രൗദ്ര രൂപം പൂണ്ട രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ ഓരോ കുടുംബത്തിനും പ്രിയപ്പെട്ടവരെആരെയെങ്കിലുമൊക്കെ നഷ്ടമായി. മരണം താണ്ഡവമാടിയ ഈ തരംഗവും പിന്നിട്ട് മൂന്നാം തരംഗമെത്തിയപ്പോഴേക്കും രാജ്യം ഒരുവിധം നന്നായി മഹാമാരിയെ നേരിട്ടു എന്ന് പറയാം. എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോള്‍ പ്രതിദിന കേസുകള്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിലും താഴെയാണ്.എന്നാല്‍ അടുത്ത കോവി‍ഡ് തരംഗം ജൂണിലെത്തുമെന്നും ഓഗസ്റ്റില്‍ മൂര്‍ധന്യാവസ്ഥയിലെത്തുമെന്നുമുള്ള പ്രവചനങ്ങള്‍ക്കിടെ എത്ര മാത്രം സജ്ജമാണ് ഇത്തവണ നമ്മുടെ രാജ്യം? മൂന്നാം കോവിഡ് തരംഗം ഫെബ്രുവരിയില്‍ എത്തുമെന്ന് കൃത്യമായി പ്രവചിച്ച ഐഐടി കാണ്‍പൂരിലെ ഗവേഷകര്‍ തന്നെയാണ് നാലാം കോവിഡ് തരംഗം ജൂണ്‍ പകുതിയോടെ ഇന്ത്യയിലെത്താമെന്ന് കണക്കാക്കുന്നത്. തീര്‍ത്തും അപ്രവചനീയമായ വൈറസിനെ നേരിടാന്‍ രാജ്യം പൂര്‍ണ സജ്ജമാണെന്ന് നിതി ആയോഗ് അംഗം വി.കെ. പോള്‍ ഉറപ്പിച്ച് പറയുന്നു.കോവിഡ് തരംഗത്തെ സംബന്ധിച്ച വിദഗ്ധരുടെ പ്രവചനം സർക്കാരിനെ സംബന്ധിച്ചിടത്തോളം വിലയേറിയതാണെന്നും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തയാറെടുക്കാന്‍ ഇത് രാജ്യത്തെ സഹായിക്കുമെന്നും വി.കെ. പോള്‍ ചൂണ്ടിക്കാട്ടി. സർക്കാർ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം തന്നെയാണ് പല പകര്‍ച്ചവ്യാധി വിദഗ്ധരും പങ്കുവയ്ക്കുന്നതും. കോവിഡ് നാലാം തരംഗം രണ്ടാം തരംഗത്തെ പോലെ അത്ര തീവ്രമാകാന്‍ സാധ്യതയില്ലെന്ന് ഇവര്‍ പറയുന്നു. അടുത്ത തരംഗം ഉണ്ടായാലും പുതിയ വകഭേദം ഉണ്ടാകാത്ത പക്ഷം ആശുപത്രി വാസവും മരണവുമെല്ലാം നിയന്ത്രണവിധേയമായിരിക്കുമെന്ന് വിദഗ്ധര്‍ വിശ്വാസം പ്രകടിപ്പിക്കുന്നു. നാലാം തരംഗം നാലു മാസത്തോളം നീണ്ടു നില്‍ക്കുമെന്നാണ് ഐഐടി കാണ്‍പൂരിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പുതിയ വകഭേദങ്ങള്‍, വാക്സിനേഷന്‍ നില, ബൂസ്റ്റര്‍ ഡോസ് ലഭിച്ചവരുടെ എണ്ണം എന്നിങ്ങനെ പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ തരംഗത്തിന്‍റെ തീവ്രതയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.