*ഇടിച്ചു നശിപ്പിച്ചാല്‍ ഡ്രൈവറുടെ പണിപോകും; കെ.എസ്.ആര്‍.ടി.സി.ക്ക് പുത്തന്‍ വോള്‍വോ ബസുകളെത്തി*

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പുതുതായി വാങ്ങുന്ന പുത്തന്‍ വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് എത്തി. ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും. ദീര്‍ഘദൂര ബസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിലാണ് കര്‍ശന വ്യവസ്ഥകളുള്ളത്.

കെ.എസ്.ആര്‍.ടി.സി. പുറത്തിറക്കിയ 18 സ്‌കാനിയ ബസുകള്‍ ഇടിച്ചു ചിലത് നാശോന്മുഖമായി. ഇതിനൊരു മാറ്റമാണ് സ്വിഫ്റ്റില്‍ പ്രതീക്ഷിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും.

ഡ്രൈവറായും കണ്ടക്ടറായും ജോലിചെയ്യണം. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം. രണ്ടുദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കും.

ആദ്യമായാണ് കോര്‍പ്പറേഷന്‍ സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. ആദ്യ ബാച്ച് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് എത്തിയത്. അശോക് ലൈലന്‍ഡിന്റെ 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എ.സി. ബസുകളും രണ്ടുമാസത്തിനുള്ളില്‍ ലഭിക്കും. സമീപഭാവിയില്‍ 116 ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാകും