കല്ലിടാൻ റവന്യൂ വകുപ്പ് പറഞ്ഞിട്ടില്ല,കെ റെയിൽ വാദം തള്ളി മന്ത്രി

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ റവന്യൂ വകുപ്പു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍.

ഇതു സംബന്ധിച്ച്‌ കെ റെയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുവന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കല്ലിടാന്‍ നിര്‍ദേശിച്ചത് റവന്യൂ വകുപ്പാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ മറുപടി നല്‍കും. ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വമില്ലാതെ എന്തെങ്കിലും പറയരുത്.

ഒരോ പദ്ധതിക്കും ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നത് അതത് ഏജന്‍സികളാണ്. ഭൂമി ഏറ്റെടുത്തു നല്കുകയാണ് റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്വം. ഇപ്പോള്‍ നടക്കുന്നത് സാമൂഹിക ആഘാത പഠനത്തിനായുള്ള കല്ലിടലാണ്. ആഘാത പഠനത്തിന്റെ ഫലം എതിരായാല്‍ കല്ലു മാറ്റും. ഭൂമിയില്‍ എന്തു പഠനം നടത്തണമെങ്കിലും അതിരടയാളം വേണമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

സാമൂഹിക ആഘാത പഠനം നടത്താന്‍ തീരുമാനിച്ചെങ്കിലും കല്ലിടാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നാണ് കെ റെയില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തയില്‍ പറയുന്നത്. കേരള സര്‍വേ അതിര്‍ത്തി നിയമം അനുസരിച്ചു അതിര്‍ത്തി നിര്‍ണയിക്കുന്നതു റവന്യു വകുപ്പായതിനാല്‍ കല്ലിടാനുള്ള തീരുമാനമെടുത്തതും അവരാകാം എന്നാണു വിശദീകരണം.

അതിര്‍ത്തി നിര്‍ണയിക്കാന്‍ എന്തു മാര്‍ഗം സ്വീകരിക്കണമെന്നു ചര്‍ച്ച ചെയ്യുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ലെന്നും കെ-റെയില്‍ അധികൃതര്‍ പറഞ്ഞു.

അതിനിടെ സംസ്ഥാനത്ത് കെ റെയില്‍ സര്‍വേ പുനരാരംഭിച്ചു. കോട്ടയത്ത് നട്ടാശ്ശേരിയില്‍ ഉദ്യോഗസ്ഥരെത്തി സര്‍വേ തുടരുകയാണ്. പ്രതിഷേധവുമായി ഒട്ടേറെപ്പേര്‍ ഇവിടെ എത്തിയിട്ടുണ്ട്.