തിരുവനന്തപുരം∙ ബാർ ഹോട്ടലിനു മുന്നിൽ നിന്നു മധ്യവയസ്കനെ തട്ടിക്കൊണ്ടു പോയി സ്വർണമാലയും ബ്രേസ് ലെറ്റും പിടിച്ചു പറിച്ച കേസിലെ മുഖ്യപ്രതിയെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ചിറമുക്ക് സ്വദേശി കൂടം പ്രകാശ് എന്നു വിളിക്കുന്ന സൂര്യകുമാർ (38) ആണ് അറസ്റ്റിലായത്. ഈ മാസം 12 നായിരുന്നു സംഭവം.
സൂര്യകുമാറിന്റെ നേത്യത്വത്തിലുള്ള നാലംഗ സംഘം കൈമനം സ്വദേശി പത്മനാഭനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോയി ആറ്റുകാലിന് സമീപം ചിറമുക്കിൽ എത്തിച്ച് മർദിച്ച് സ്വർണം കവരുകയായിരുന്നു. തുടർന്ന് ബണ്ടു റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. ഒളിവിലായിരുന്ന പ്രതിയെ ഫോർട്ട് എസി എസ്. ഷാജിയുടെ നേതൃത്വത്തിൽ എസ്എച്ച്ഒ ജെ. രാകേഷ്, എസ്ഐമാരായ ഉണ്ണികൃഷ്ണൻ, സന്തോഷ്, എഎസ്ഐമാരായ അൽഫിൻ ജോസ്, അജിത് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. തൊണ്ടിമുതൽ കണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.