സീറ്റ സ്വരലഹരി’ ഗിന്നസ് ലോക റെക്കോഡ് നേടിയതിന്റെ സാക്ഷ്യപത്രം സീറ്റ യു.എ.ഇ. ഘടകം പ്രസിഡന്റ് കൃഷ്ണകുമാർ ഏറ്റുവാങ്ങുന്നു
കഴക്കൂട്ടം : തിരുവനന്തപുരം ഗവ. എൻജിനിയറിങ് കോളേജിലെ പൂർവവിദ്യാർഥി സംഘടനയായ ‘സീറ്റ’യുടെ ‘സീറ്റ സ്വരലഹരി’ എന്ന പരിപാടി ഗിന്നസ് ലോക റെക്കോഡ് നേടി. ‘ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ഓൺലൈൻ ഗാനാലാപന വീഡിയോ റിലേ’ എന്നതിലാണ് റെക്കോഡെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് ഇ.ആർ.പ്രേമചന്ദ്രഭാസ് അറിയിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 6.30-നു തുടങ്ങിയ ഈ 58 മിനിറ്റ് പരിപാടിയിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 288 പൂർവവിദ്യാർഥികൾ പങ്കെടുത്തു. വിവിധ ഭാഷകളിലുള്ള 14 ഗാനങ്ങളാണ് അവർ പാടിയത്. കോളേജിലെ പൂർവവിദ്യാർഥികൂടിയായ സംഗീതസംവിധായകൻ എം.ജയചന്ദ്രൻ തിരുവനന്തപുരത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ഗിന്നസ് ലോക റെക്കോഡ് സംഘടനയുടെ പ്രതിനിധി കൻസി ഡെഫ്രവൈ(പ്രധാന വിധികർത്താവ്), പോൾ ടി.ജോസഫ്, മാത്യു കാവാലം സ്വതന്ത്ര സാക്ഷികൾ) എന്നിവരുൾപ്പെട്ട ജൂറി ദുബായിലിരുന്ന് വിലയിരുത്തിയാണ് ഈ പരിപാടി ഗിന്നസ് റെക്കോഡാണെന്നു പ്രഖ്യാപിച്ചത്. റെക്കോഡിന്റെ സാക്ഷ്യപത്രം കൻസിയിൽനിന്ന് സീറ്റ യു.എ.ഇ. ഘടകം പ്രസിഡന്റ് കൃഷ്ണകുമാർ ഏറ്റുവാങ്ങി. സൗദി അറേബ്യയിലെ ഒരു ജീവകാരുണ്യസംഘടന നടത്തിയതും 55 പേർ പങ്കെടുത്തതുമായ പരിപാടിയായിരുന്നു ഈ ഗണത്തിൽ മുമ്പുണ്ടായിരുന്ന റെക്കോഡ്