സ്വകാര്യ ബസ് പണിമുടക്ക് ഗ്രാമീണ മേഖലയായ കിളിമാനൂരിനെ സാരമായി ബാധിക്കും. കിളിമാനൂരും സമീപമേഖലകളിലും ഉള്ളവർ പ്രധാനമായും സ്വകാര്യ സർവ്വീസുകളെയാണ് ആശ്രയിക്കുന്നത്. പല മേഖലകളിലും സ്വകാര്യ സർവ്വീസുകൾ മാത്രമാണ് ഉള്ളത്. ജോലിക്കു പോകുന്നവർക്കും ഓഫീസുകളിൽ പോകുന്നവരും വിദ്യാർത്ഥികളും സാധാരണക്കാരും ഉൾപ്പെടുന്ന ഒരു ജനവിഭാഗം നാളത്തെ സ്വകാര്യ ബസ് പണിമുടക്കിലൂടെ വെട്ടിലാവുകയാണ്. കിളിമാനൂർ ആറ്റിങ്ങൽ റൂട്ട് ഒഴിവാക്കിയാൽ വെള്ളല്ലൂർ , അടയമൺ , ചാരുപാറ , മുളക്കലത്തുകാവ് തുടങ്ങിയ റൂട്ടിലൊന്നും കെ.എസ്.ആർ.ടി-സി സർവീസുകൾ ഇല്ല. മറ്റ് റൂട്ടുകളിൽ നാമമായ സർവ്വീസുകൾ മാത്രമാണ് ഉള്ളത്. എന്നാൽ കോവിഡ് സാഹചര്യം കൂടി വന്നപ്പോൾ മിക്ക ബസ്സ് സർവ്വീസുകൾ നിർത്തി വെയ്ക്കുകയായിരുന്നു. ഇതേത്തുടർന്ന് ഈ മേഖലയിലെ ജനങ്ങൾ കൃത്യസമയം പാലിക്കുന്നതിനായി സ്വകാര്യ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. സമരം തുടരുകയാണെങ്കിൽ ഈ മേഖലകളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസുകൾ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.