തിരുവനന്തപുരം ജില്ലയിലെ മുഴുവൻ കെ-റെയിൽ കല്ലുകൾ ബിജെപി പ്രവർത്തകർ പിഴുത് മാറ്റി. ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ കിഴുവിലം പഞ്ചായത്തിൽ ഇന്ന് സംസ്ഥാന അദ്ധ്യക്ഷൻ്റെ സാന്നിദ്ധ്യത്തിലാണ് പ്രതിഷേധ സമരമാരംഭിച്ചത്.
തിരഞ്ഞെടുപ്പിന് മുൻപ് ജപ്പാനിലെ കമ്പനിയിൽ നിന്നും സർക്കാരിന് പണം ലഭിച്ചു. ഇത് പ്രകാരമാണ് ഇപ്പോൾ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നത്. നടന്നത് വലിയ അഴിമതിയാണെന്നും അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ ഇപ്പോൾ ചെയ്യുന്നത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പാർട്ടി സെക്രട്ടറിയും പറയുന്നത്. വലിയ രീതിയിലെ അഴിമതി ലക്ഷ്യം വെച്ചാണ് പദ്ധതി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്.
വരും ദിവസങ്ങളിൽ വലിയ സമരം സംഘടിപ്പിക്കും. സർക്കാരിന് മുട്ട് മടക്കേണ്ടി വരും. ഇല്ലെങ്കിൽ മുട്ട് മടക്കിപ്പിക്കാൻ ആവശ്യമായ ബഹുജന മുന്നേറ്റം ഇക്കാര്യത്തിലുണ്ടാകും. തെരഞ്ഞെടുപ്പിന് മുൻപ് പണം ലഭച്ചിട്ടുണ്ട്. ആസൂത്രിതമായ ഗുഢാലോചനയാണ് നടക്കുന്നത്. ജപ്പാനിൽ എടുക്കാച്ചരക്കായി കിടക്കുന്ന സാധനങ്ങൾ വാങ്ങിക്കൊള്ളാമെന്ന ഉറപ്പിന്റെ പേരിലാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ-റെയിൽ പദ്ധതി നടപ്പാവില്ലെന്ന് സർക്കാരിനറിയാം. എന്നാൽ ജപ്പാനിലെ കമ്പനിയിൽ നിന്നും വാങ്ങിയ പണത്തിന്റെ പ്രത്യുപകാരം സർക്കാരിന് ചെയ്‌തേ മതിയാകൂ. അതിനാലാണ് ഇത്തരത്തിലുള്ള പേക്കൂത്ത് കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ആരാണ് വായ്പ കൊടുക്കുന്നത്, ഏത് കമ്പനിയുടെ സാധനങ്ങളാണ് വാങ്ങുന്നത് എന്നടക്കം വ്യക്തമാക്കണം. സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.