എന്തിനും ഏതിനും സോഷ്യൽ മീഡിയയിൽ ഫോട്ടോകളും വീഡിയോകളും അപ്ഡേറ്റ് ചെയ്യുന്നവർ ശ്രദ്ധിക്കുക. സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നു.
ഇവരുടെ പ്രവർത്തന രീതി:
വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ വ്യക്തികൾ പോസ്റ്റ് ചെയ്യുന്ന പ്രൊഫൈൽ ചിത്രങ്ങളും, മറ്റ് സ്വകാര്യ ചിത്രങ്ങളും സൈബർ ക്രിമിനലുകൾ ഡൌൺലോഡ് ചെയ്യുന്നു.
ഇത്തരം ചിത്രങ്ങളിൽ നിന്നും വീഡിയോകളിൽ നിന്നും നിങ്ങളുടെ തലഭാഗം മോർഫ് ചെയ്ത് ഒരു അശ്ലീല ചിത്രത്തോട് കൂട്ടിച്ചേർക്കുന്നു.
അതിനുശേഷം അത്തരത്തിലുള്ള ഒരു നഗ്ന ചിത്രം നിങ്ങളുടെ വാട്സ് ആപ്പ്, ഫേസ്ബുക്ക് മെസഞ്ചർ, ഇൻസ്റ്റഗ്രാം ഡയറക്ട് എന്നിവ വഴി നിങ്ങൾക്ക് സ്വകാര്യമായി അയച്ചു തരുന്നു.
നിങ്ങൾക്ക് ലഭിക്കുന്ന ഇത്തരം നഗ്നചിത്രങ്ങൾ യഥാർത്ഥ ചിത്രമെന്നു തോന്നിക്കുന്നതായിരിക്കും. ഇത് കാണുന്നതോടെ നിങ്ങൾ അതീവ സമ്മർദ്ദത്തിലാകുന്നു.
അൽപ്പസമയത്തിനകം നിങ്ങൾക്ക് തട്ടിപ്പുകാരിൽ നിന്നും വീണ്ടും സന്ദേശമെത്തുന്നു.
ഇത് നിങ്ങളുടേയും, ബന്ധുക്കളുടേയും, സുഹൃത്തുക്കളുടേയും സോഷ്യൽ മീഡിയകളിലേക്ക് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തും. നിങ്ങളിൽ നിന്നും പണം ആവശ്യപ്പെടും. അതിനായി ബാങ്ക് എക്കൌണ്ട് അയച്ചു തരും. അതിലേക്ക് ഉടനടി പണമയക്കാൻ നിർബന്ധിക്കും.
ഇത്തരത്തിൽ സന്ദേശം വരുന്നത് തിരിച്ചറിയാൻ കഴിയാത്ത വിദേശ ഫോൺ നമ്പറുകളിൽ നിന്നുമായിരിക്കും. നിങ്ങൾ പോലീസിനെ അറിയിച്ചാലും ക്രിമിനലുകളെ പിടിക്കാൻ കഴിയുകയില്ലെന്ന് അവർ വീണ്ടും ഭീഷണിപ്പെടുത്തും.
നിങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന ആ നഗ്ന ചിത്രത്തിലേക്ക് നിങ്ങൾക്ക് ഒരു തവണയിൽ കൂടുതൽ നോക്കാൻ കഴിയുകയില്ല. അത്രമാത്രം യഥാർത്ഥ്യം ജനിപ്പിക്കുന്ന ചിത്രങ്ങൾ കണ്ട് നിങ്ങൾ മാനസികമായി തളരുകയോ അല്ലെങ്കിൽ ഗത്യന്തരമില്ലാതെ പണം അയച്ചു നൽകുകയോ ചെയ്യും.
ഇത്തരത്തിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ ഒരു സ്ത്രീയുടെ പരാതി തൃശൂർ സിറ്റി പോലീസ് സൈബർക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ചപ്പോഴാണ് തട്ടിപ്പിന്റെ ആഴം വ്യക്തമായത്. ഈ പരാതിയിൽ തൃശൂർ സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇവർ വടക്കേ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സൈബർ തട്ടിപ്പുകാരാണെന്നാണ് മനസ്സിലാകുന്നത്. ഇവർ പോലീസിന്റെ നിരീക്ഷണത്തിലാണ്.
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.
1. നിങ്ങളുടെ സ്വകാര്യചിത്രങ്ങൾ സോഷ്യൽ മീഡിയ എക്കൌണ്ടുകളിൽ പോസ്റ്റ് ചെയ്യുമ്പോൾ പരമാവധി ജാഗ്രത പുലർത്തുക.
2. വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലെ നിങ്ങളുടെ പ്രൊഫൈൽ ചിത്രങ്ങൾ പരമാവധി ഫ്രണ്ട്സ് ഓൺലി എന്ന രീതിയിലേക്ക് മാറ്റുക.
3. സോഷ്യൽ മീഡിയയിലെ ഫ്രണ്ട്സ് ലിസ്റ്റിലേക്ക് ആളുകളെ കൂട്ടിച്ചേർക്കുമ്പോൾ നിങ്ങൾക്ക് നേരിട്ട് അറിയാവുന്ന ആളുകളെ മാത്രം ഉൾപ്പെടുത്തുക.
4. സോഷ്യൽമീഡിയിലെ അപരിചിത എക്കൌണ്ടുകൾ, ഫേക്ക് ഐഡികൾ എന്നിവയിലൂടെ വരുന്ന സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കാതിരിക്കുക.
5. ഇത്തരത്തിലുള്ള സാഹചര്യങ്ങളോട് സമചിത്തതയോടെ പ്രതികരിക്കുക. സൈബർ കുറ്റവാളികളുടെ രീതികളെക്കുറിച്ച്
മുൻകൂട്ടി മനസ്സിലാക്കുന്നതുവഴി നിങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കുന്നു.
6. നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് രക്ഷിതാക്കളോടും, സുഹൃത്തുക്കളോടും, ബന്ധുക്കളോടും തുറന്നുപറയുക. അവർ നിങ്ങളെ സഹായിക്കും.
7. സൈബർ ക്രിമിനലുകൾക്ക് ഒരിക്കലും പണം അയച്ചു കൊടുക്കരുത്. ഒരിക്കൽ അയച്ചു നൽകിയാൽ അവർ അതേ തരത്തിലുള്ള ഭീഷണി തുടരുകയും വീണ്ടും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്യും.
6. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതിനൽകുക.
തൃശൂർ സിറ്റി പോലീസ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇ-മെയിൽ വിലാസം : cyberpstsr.pol@kerala.gov.in